ഇരിട്ടിയിൽ ഉയർന്നു, മിനി സിവിൽ സ്‌റ്റേഷൻ

മനോഹരൻ കെെതപ്രം
Published on Feb 03, 2026, 03:00 AM | 1 min read
ഇരിട്ടി
വിവിധയിടങ്ങളിലെ സർക്കാർ ഓഫീസുകളെല്ലാം ഒരു കെട്ടിടത്തിൽ. ഇരിട്ടി താലൂക്കിലെ ജനങ്ങളുടെ ആഗ്രഹമാണ് സാക്ഷാത്കാരത്തിലേക്കെത്തുന്നത്. താലൂക്കാസ്ഥാനമായ ഇരിട്ടിയിൽ മിനി സിവിൽ സ്‌റ്റേഷനെന്നത് താലൂക്ക് രൂപീകരണം മുതലുള്ള ആവശ്യമായിരുന്നു. ഇതിനാണ് എൽഡിഎഫ് സർക്കാർ വഴിയൊരുക്കിയത്. അഞ്ചുനിലകളുള്ള കെട്ടിട നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഫർണിച്ചർകൂടി സജ്ജമാക്കുന്നതോടെ ടൗണിലെ വിവിധയിടങ്ങിലുള്ള സർക്കാർ ഓഫീസുകൾ സിവിൽ സ്‌റ്റേഷൻ കെട്ടിട സമുച്ചയത്തിലേക്ക് മാറും. പയഞ്ചേരി മുക്കിൽ ബ്ലോക്ക് ഓഫീസിനടുത്താണ് അഞ്ച് നിലകളുള്ള കെട്ടിടം. കോവിഡ് കാലത്ത് മുഖ്യമന്ത്രി ഓൺലൈനായാണ് പ്രവൃത്തി ഉദ്‌ഘാടനം നടത്തിയത്. 2014ലാണ് ഇരിട്ടി താലൂക്ക് രൂപീകരിച്ചത്. മുഖ്യമന്ത്രി ഇടപെട്ടാണ് എൽഡിഎഫ് നിവേദനം പരിഗണിച്ച് 21.5 കോടി രൂപ മിനി സിവിൽ സ്‌റ്റേഷൻ നിർമിക്കാൻ അനുവദിച്ചത്. നിലവിൽ മിക്ക സർക്കാർ ഓഫീസുകളും ഇരിട്ടിയിൽ വാടക കെട്ടിടങ്ങളിലാണ്. ഇൗ പ്രതിസന്ധിയാണ് എൽഡിഎഫ് സർക്കാർ പരിഹരിക്കുന്നത്. താഴത്തെ നിലയിൽ ട്രഷറിയും ഇലക്ഷൻ വിഭാഗവും ക്യാന്റീനുമാണ്. ഒന്നാം നിലയിൽ താലൂക്ക് ഓഫീസും രണ്ടാം നിലയിൽ എക്സൈസ് ഓഫീസും സബ് ട്രഷറിയും സഹകരണ എആർ ഓഫീസും മൂന്നാം നിലയിൽ ഫുഡ് ആൻഡ് സേഫ്റ്റി, ലേബർ ഓഫീസ് എന്നിവയും നാലാം നിലയിൽ പിഡബ്ല്യുഡി റോഡ്, കെട്ടിട വിഭാഗവും കോൺഫറൻസ് ഹാളും അടക്കമുള്ള സജ്ജീകരണങ്ങളാണ് മിനി സിവിൽ സ്റ്റേഷനിൽ ഒരുക്കുന്നത്. ഹിൽ ട്രാക്ക് കൺസ്‌ട്രക്‌ഷൻ കന്പനിയാണ് കെട്ടിട നിർമാണ കരാറുകാർ.










0 comments