വേണം സ്‌റ്റാൻഡിലേക്ക് റോഡും മൂന്നാമതൊരു പ്ലാറ്റ്‌ഫോമും

തലശേരി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് കൂടി ഒഴുകുന്ന തോട്
പി ദിനേശൻ
Published on Jul 18, 2026, 02:00 AM | 2 min read
തലശേരി
റെയിൽവേ സ്‌റ്റേഷനിൽനിന്ന് പുതിയ ബസ്‌സ്‌റ്റാൻഡിലേക്കുള്ള റോഡ് എന്നത് പതിറ്റാണ്ടുകളായുള്ള തലശേരിയുടെ ആവശ്യമാണ്. റെയിൽവേ അനുവാദം നൽകിയാൽ എത്രതുക ചെലവഴിച്ചും റോഡ് നിർമിക്കാൻ നഗരസഭ സന്നദ്ധതയും അറിയിച്ചതാണ്. പാലക്കാട് ഡിവിഷനൽ മാനേജർക്ക് കത്തും നൽകി. അമൃത്‌ഭാരത് പദ്ധതിയിലെങ്കിലും റോഡിന് അനുവാദം ലഭിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. സ്‌റ്റേഷന് തൊട്ടരികിലുള്ള പുതിയബസ്‌സ്‌റ്റാൻഡിലേക്ക് വരാൻ യാത്രക്കാർ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടാണിപ്പോൾ. റോഡില്ലെങ്കിൽ നടപ്പാതയെങ്കിലും അനുവദിച്ചാൽ യാത്രക്കാർക്ക് ആശ്വാസമാകും. തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് പോലൊന്ന് തലശേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്തുകൂടെയും ഒഴുകുന്നുണ്ട്. മണ്ണിടിഞ്ഞ് പലയിടത്തും തടസ്സപ്പെട്ട തോട് തലശേരിയിലെ വ്യാപാരികൾക്കുണ്ടാക്കുന്ന നഷ്‌ടം ചില്ലറയല്ല. തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുന്പോൾ ടൗണിലാണ് വെള്ളംകയറുക. ജെസിബി ഉപയോഗിച്ച് മണ്ണ്‌നീക്കി തോട് ശുചീകരിക്കാമെന്ന് നഗരസഭ അറിയിച്ചിട്ടും അനുവാദം നൽകിയിട്ടില്ല. തോടിന്റെ അരിക് ഭിത്തികെട്ടി, സ്ലാബിട്ടാൽ പുതിയ ബസ്‌സ്‌റ്റാൻഡിനടുത്ത വില്ലേജ് ഓഫീസ് മുതൽ സ്‌റ്റേഷൻവരെ നടപ്പാതയാക്കാം. ലൂപ്പ് ലൈനിന്റെ പേര് പറഞ്ഞാണ് ദീർഘദൂര വണ്ടികൾക്ക് തലശേരിയിൽ സ്‌റ്റോപ്പ് അനുവദിക്കാത്തത്. നിലവിലുള്ള ലൂപ്പ് ലൈൻ രണ്ടാം പ്ലാറ്റ് ഫോമിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റിയാൽ അവിടെ മൂന്നാമതൊരു പ്ലാറ്റ്‌ഫോം നിർമിക്കാം. തലശേരിയിൽനിന്ന് ട്രെയിൻ സർവീസ് ആരംഭിക്കാൻ ഇതോടെ സാധിക്കും. യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തി തലശേരി സ്‌റ്റേഷൻ ഇനിയും വളരേണ്ടതുണ്ട്. ഒപ്പം പ്രധാന വണ്ടികൾക്ക് സ്‌റ്റോപ്പ് ഉറപ്പുവരുത്താനും സാധിക്കണം (അവസാനിച്ചു).
തലശേരി–മൈസൂരു പാത യാഥാർഥ്യമാക്കണം
പാലക്കാട് ഡിവിഷനിലെ ആദ്യകാല എ ക്ലാസ്സ് സ്റ്റേഷനും കോഴിക്കോടിനും മംഗളൂരുവിനുമിടയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പുമുണ്ടായിരുന്ന തലശേരി പിൽക്കാലത്ത് അവഗണിക്കപ്പെടുകയായിരുന്നു. അതിനൊരു മാറ്റം ഉണ്ടാകണം. ദീർഘ ദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണം. തലശേരി– മൈസൂരു പാതയെ സർവേകളിൽനിന്ന് മോചിപ്പിച്ച് ഡിപിആർ തയ്യാറാക്കി നിർമാണം ആരംഭിക്കണം.
ശശികുമാർ കല്ലിഡുംബിൽ സെക്രട്ടറി, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ.
മൂന്നാമത് പ്ലാറ്റ്‌ഫോം അനിവാര്യം
തലശേരി സ്റ്റേഷനിൽ ഏറ്റവും അടിയന്തരമായി നടപ്പാക്കേണ്ടത് പ്രവൃത്തി മൂന്നാം പ്ലാറ്റ്ഫോമാണ്. ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്നുനിൽക്കുന്ന ലൂപ്പ് ലൈൻ മാറ്റി സ്ഥാപിക്കുകയും മെയിൻ ലൈനിനോട് ചേർന്നുവരുന്ന വിധത്തിൽ നിലവിലുള്ള ഒന്നാം പ്ലാറ്റ്ഫോം വികസിപ്പിക്കുകയും ചെയ്യണം.
എം വി പ്രവീഷ് ടൂർ ഗൈഡ് ആൻഡ് ടൂർ ഓപ്പറേറ്റർ.
കൂടുതൽ ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കണം
ഷൊർണൂർ കഴിഞ്ഞാൽ റെയിൽവേക്ക് ഏറ്റവും കൂടുതൽ ഭൂമിയുള്ളത് തലശേരിയിലാണ്. അത് പ്രയോജനപ്പെടുത്തിയാൽ തന്നെ വികസനം സാധ്യമാകും. റെയിൽവേ സ്റ്റേഷൻ മോടി കൂട്ടുന്നതിനൊപ്പം കൂടുതൽ ട്രെയിനുകൾ നിർത്തുവാനുള്ള സംവിധാനവും ഉണ്ടാകണം.
ടി കെ രാജേന്ദ്രൻ, ഓപ്പൺ ബുക്‌സ്, തലശേരി.
പാർക്കിങ്ങിന് റൂഫിങ് ഏർപ്പെടുത്തണം
നവീകരണത്തിന്റെ ഭാഗമായി അതിവിശാലമായ രണ്ട് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയത് യാത്രക്കാർക്ക് സൗകര്യ പ്രദമാണ്. മൂന്നു വർഷത്തേക്ക് ആറുകോടി രൂപക്കാണ് പാർക്കിങ് ഏരിയ കോൺട്രാക്ട് നൽകിയത്. ഇതിന്റെ പത്ത് ശതമാനം തുക കൊണ്ട് റൂഫിങ് സംവിധാനം ഏർപ്പെടുത്താം.
കെ വി ഗോകുൽദാസ്, തലശേരി.










0 comments