മണ്ണഴകിൽ എത്രയെത്ര കവിതകൾ

മയ്യിൽ
തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ആനയായിരുന്നു അനൂജിന്റെയും നിരഞ്ജന്റെയും മനസിൽ. കളിമണ്ണ് ഉള്ളംകൈകൊണ്ട് ഉരുളയാക്കി പതംവരുത്തി. പിന്നെയെല്ലാം അതിവേഗമായിരുന്നു. അഞ്ചാറ് മിനിറ്റുകൊണ്ട് ആനക്കൊമ്പൻ കാടിന് നടുവിൽനിന്ന് ചിന്നംവിളിച്ചു. പുഴയുടെ നടുവിലൂടൊരാൾ തോണി തുഴയണം. ചങ്ങാതിമാർ ആശയം പറഞ്ഞു. പങ്കായവും പടികളും കൊടിമരവുമൊക്കെയുള്ള തോണിയുടെ മിനിയേച്ചറുണ്ടാക്കി നവദീപും ആദികൃഷ്ണയുംചേർന്ന്. ഓട്ടത്തിനിടെ ഉറങ്ങിപ്പോയ മുയലിനെ തോൽപ്പിച്ച മെല്ലെനടപ്പുകാരൻ ആമയാണ് ഗൗരി നന്ദയും തേജസ്വിനിയും ചേർന്ന് മെനഞ്ഞത്. പരുപരുത്ത പുറന്തോടും പതിഞ്ഞ മുതുകും പുറത്തേക്ക് നീണ്ട തലയുമൊക്കെയുള്ള ചന്തമുള്ള കുഞ്ഞനാമ. തെയ്യങ്ങളുടെ കട്ടഫാനാണ് മൂന്നാം ക്ലാസുകാരനായ അയാൻ. ഒരു ഉരുള കളിമണ്ണ് കൈയിൽ കൊടുത്തിട്ട് ഇഷ്ടമുള്ളത് മെനയാൻ പറഞ്ഞതേയുള്ളൂ. നോക്കിനിൽക്കാൻ തോന്നുന്നത്രയും ചന്തമുള്ള മുത്തപ്പനെയുണ്ടാക്കി അവൻ. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം കുട്ടികൾക്കായി സംഘടിപ്പിച്ച കളിമൺ ശിൽപ്പശാല 'ക്ലേ ഫിംഗേഴ്സി'ൽ അത്ഭുത നിർമിതികളുടെ കൗതുകമാണ് ആദ്യവസാനം നിറഞ്ഞുനിന്നത്. ബംഗളുരു ക്രിസ്റ്റൽ ഹൗസ് ഇന്ത്യ സ്കൂളിലെ വിഷ്വൽ ആർട് വകുപ്പുമേധാവി ധനരാജ് കീഴറയുടെ നേതൃത്വത്തിലായിരുന്നു ശിൽപ്പശാല. അവധിക്കാല പാഠശാലയിൽ 20ന് പകൽ രണ്ടുമുതൽ പടവ് ക്രിയേഷൻസിന്റെ സഹകരണത്തോടെ ക്രിയേറ്റീവ് ഡ്രാമ ശിൽപ്പശാല സംഘടിപ്പിക്കും.









0 comments