ad
Deshabhimani

നീറ്റിലിറങ്ങിയത് 15 വള്ളങ്ങൾ ആവേശത്തുഴയെറിഞ്ഞ് ജലോത്സവം

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയിൽ  ചെറുവത്തൂർ  അഴീക്കോടൻ അച്ചാംതുരുത്തി  ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്നു
വെബ് ഡെസ്ക്

Published on Oct 03, 2025, 03:00 AM | 2 min read

മുഴപ്പിലങ്ങാട് കുതിച്ചുപായും കുതിരപോലെ അഞ്ചരക്കണ്ടിപ്പുഴയുടെ ഓളം തല്ലിച്ചിതറിച്ച്‌ പാഞ്ഞുവരുന്ന ചുരുളൻ വള്ളങ്ങൾ. എ​ല്ലാ കൈ​ക​ളും ഒ​രേ താ​ള​ത്തി​ൽ, ഒ​രേ വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടുകു​തി​ച്ചു. കാണികളുടെ ഹൃദയമിടിപ്പുകൂട്ടുന്ന കാഴ്ച. ഓളപ്പരപ്പുകളെ തുഴയെറിഞ്ഞ് കൈപ്പിടിയിലൊതുക്കുന്ന ജലരാജാക്കന്മാരുടെ വള്ളംകളി മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ 2 അഞ്ചരക്കണ്ടിപ്പുഴയിൽ ഇത്തവണയും ആവേശോജ്വലമായി. മൈക്കിലൂടെ ഒഴുകിയെത്തുന്ന കമന്റേറ്റർമാരുടെ ആവേശവാക്കുകൾക്ക് കൈയടിച്ച്‌ കാണികളും ഒത്തുചേർന്നു. ഇടവേളകളിൽ നവ്യാനുഭവമേകി വെള്ളത്തിൽ ഫ്ലൈ ബോർഡ് പ്രദർശനവും ജെറ്റ് സ്കീയും. കരയിൽ സൂഫി ഡാൻസും സിനിമാറ്റിക് ഡാൻസും. മൂന്നുവള്ളങ്ങൾ വീതം പങ്കെടുത്ത അഞ്ച് ഹീറ്റ്സ് മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത ഒന്പത് ടീമുകളാണ് ലൂസേഴ്സ്, ഫൈനൽ മത്സരങ്ങളിൽ മാറ്റുരച്ചത്. ഹീറ്റ്സ് മത്സരങ്ങളിൽ ഓരോ റൗണ്ടിലും ആർപ്പുവിളികളും ആരവങ്ങളും ഉയർന്നു. ഹീറ്റ്സിൽ രണ്ടുമിനിറ്റിൽ താഴ്ന്ന സമയത്തിൽ ഫിനിഷിങ് ലൈൻ കടന്ന അഞ്ച് ടീമുകളിൽ ഏറ്റവും കുറഞ്ഞ സമയം കുറിച്ച മൂന്ന് ടീമുകളാണ് ഫൈനലിൽ തുഴയെറിഞ്ഞത്. ചെറുവത്തൂർ അഴീക്കോടൻ അച്ചാംതുരുത്തി 1.54.221 മിനിറ്റിന് ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കളായി. 1.54.611 ന് ഫിനിഷ് ചെയ്താണ് വയൽക്കര വെങ്ങാട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പാലിച്ചോൻ അച്ചാംതുരുത്തി എ ടീം 1.56.052 ന് മൂന്നാം സ്ഥാനവും നേടി. ന്യൂ ബ്രദേഴ്സ് മയ്യിച്ച നാല്, എ കെ ജി പൊടോത്തുരുത്തി എ ടീം അഞ്ച്, നവോദയ മംഗലശേരി ആറ്, കൃഷ്ണപിള്ള കാവുംചിറ ഏഴ്, എ കെ ജി മയ്യിച്ച എട്ട്, വയൽക്കര മയ്യിച്ച ഒന്പത് സ്ഥാനങ്ങൾ കരസ്ഥമാക്കി. സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളം കളി മത്സരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയതു. ചാമ്പ്യൻസ് ലീഗ് മത്സരം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന് അഞ്ചരക്കണ്ടി സ്ഥി​രംവേ​ദി​യാ​കു​മെ​ന്ന് മന്ത്രി പ​റ​ഞ്ഞു. വിജയികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. ​ സ്പീക്കർ എ എൻ ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, കലക്ടർ അരുൺ കെ വിജയൻ, ജില്ലാ ജഡ്ജ് നിസാർ അഹമ്മദ്, മുൻ എംപി കെ കെ രാഗേഷ് എന്നിവർ സംസാരിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മമ്മാക്കുന്ന് പാലത്തിന് സമീപം മുതൽ മുഴപ്പിലങ്ങാട് കടവുവരെയായിരുന്നു ജലമേള.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home