ഇവിടെ കാണാം ചരിത്രത്തിന്റെ സ്‌പന്ദനം

കണ്ണൂർ
ചരിത്രാതീത കാലത്ത് ഉപയോഗിച്ച വസ്‌തുക്കളും മുത്തുകളും ചരിത്രപ്രധാനമായ രേഖകളും ചിത്രങ്ങളും പ്രദർശിപ്പിച്ച് കണ്ണൂർ പൈതൃകോത്സവം പ്രദർശനം. ഉപദ്രവകാരികളായ വന്യജീവികളെ കൊല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച 1890 ലെ ബോർഡ് ഓഫ് റവന്യൂവിന്റെ ഉത്തരവ്, 18–19 നൂറ്റാണ്ടിൽ ഉപയോഗിച്ച പാത്രങ്ങൾ, ഇരുന്പ് പീരങ്കിയുണ്ട, പുകയില പൈപ്പുകൾ, മഹാശിലായുഗത്തിലെ സ്‌ഫടിക മുത്തുകൾ, ഇൻഡോ–ഡച്ച് കാലത്തെ സ്വർണ നാണയങ്ങൾ, ബ്രീട്ടീഷ് ഇന്ത്യയിലെ വെള്ളി നാണയങ്ങൾ തുടങ്ങി അപൂർവങ്ങളായ പരിത്രത്തിന്റെ തിരുശേഷിപ്പുകൾ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന പ്രദർശനത്തിലുണ്ട്. രാജ്യത്തെ പ്രധാന ജില്ലകളിൽ മനുഷ്യനെ കൊല്ലുന്ന, കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലുന്നവർക്കാണ് 1890 ലെ ബോർഡ് ഓഫ് റവന്യൂവിന്റെ ഉത്തരവിൽ പരിതോഷികം പ്രഖ്യാപിച്ചത്. കടുവ, പുലി, ചീറ്റ, കരടി എന്നിവയെ കൊല്ലുന്നവർക്ക് മലബാറിൽ പ്രത്യേക നിരക്കിലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. കൊന്ന മൃഗത്തിന്റെ തലയോട്ടി, പല്ലുകൾ, തുകൽ എന്നിവ ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതുകൂടാതെ സെൻട്രൽ ജയിലുമായി ബന്ധപ്പെട്ട രേഖകളും മഹാത്മാ മന്ദിരത്തിൽ നടക്കുന്ന പ്രദർശനത്തിലുണ്ട്. എട്ടിക്കുളം കോട്ട, പൊതുവാച്ചേരിയിലെ ചെങ്കൽ ഗുഹ, തുടങ്ങി മലബാറിൽ കണ്ടെത്തിയ ചരിത്രശേഷിപ്പുകളുടെ ഫോട്ടോകളുമുണ്ട്. ഗാന്ധിജിയുടെ പ്രകാശപൂർണമായ ജീവിതത്തിലൂടെയുള്ള പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫോട്ടോ പ്രദർശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്‌തു. ഗാന്ധിജിയുടെ ബാല്യകാലം മുതൽ മരണംവരെയുള്ള 150ലധികം ചിത്രങ്ങൾ കാണാം. ഉപ്പ് സത്യഗ്രഹം, ദണ്ഡിയാത്ര, വൈക്കം സത്യഗ്രഹം, ഗാന്ധിയും നെഹ്റുവും, കസ്തൂർബാ ഗാന്ധിയോടൊപ്പമുള്ള ചിത്രം, മനു, ആഭ എന്നിവരോടൊപ്പമുള്ള ചിത്രങ്ങൾ, വെടിയേറ്റ് ചോരയിൽ കുളിച്ച ചിത്രം, ബിർല ഹൗസിലെ അന്തിമോപചാരം, രാജ്ഘട്ട് എന്നിവയുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേർസാക്ഷ്യമായി. അറക്കൽ കൊട്ടാരം മുതൽ മഹാത്മാ മന്ദിരംവരെ പൈതൃകയാത്രയും നടത്തി. ചൊവ്വാഴ്‌ച പ്രദർശനം സമാപിക്കും.










0 comments