ഗാസയെപ്പറ്റിയുള്ള ഉത്കണ്ഠ മാനവികതയുടെ അടയാളപ്പെടുത്തൽ: എം സ്വരാജ്


എം സ്വരാജ്
Published on Sep 24, 2025, 03:00 AM | 1 min read
പരിയാരം (കണ്ണൂർ) രണ്ടുപേർ കൂടിനിൽക്കുമ്പോൾ ഗാസയിലെ കുട്ടികളെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിൽ അതാണ് മാനവികതയുടെ ഏറ്റവും വലിയ അടയാളപ്പെടുത്തലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. ഡോ. പി എം മധു രചിച്ച " ഒരു ബൊഹിമിയൻ ഡയറി’ രണ്ടാം പതിപ്പ് പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. തൊണ്ണൂറ്റിയെട്ടാം ജന്മദിനത്തിൽ ഡോ. എം ലീലാവതി സംസാരിച്ചതും ടി പത്മനാഭൻ കഥയിലൂടെ ഓർമപ്പെടുത്തിയതും ഈ മാനവികതയാണ്. വർത്തമാനകാല ലോകത്തിന്റെ ശബ്ദം വിലാപത്തിന്റേതാണ്. കൊല്ലപ്പെടുന്ന കുട്ടികളുടെ ശവപ്പറമ്പായി ഗാസ മാറി. ഗാസയുടെ മണ്ണ് വിലപേശി വിൽക്കാനാണ് ഇസ്രയേൽ ശ്രമം. അഹന്തയുടെ ആയുധമില്ലാത്ത കാലമാണ് ഉണ്ടാകേണ്ടത്. വിശ്വമാനവികതയുടെ വിളക്കുതെളിക്കാൻ പുസ്തകങ്ങൾക്കാകണമെന്നും പല പുസ്തകങ്ങളും ചരിത്രഗതിയെ മാറ്റിയെഴുതിയിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം, അഖില കേരള ഗവ. ആയുർവേദ കോളേജ് അധ്യാപക സംഘടന, എൻജിഒ യൂണിയൻ, ഗവ. ആയുർവേദ കോളേജ് വിദ്യാർഥി യൂണിയൻ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.










0 comments