ജനമനസുകൾ കീഴടക്കി ഷബ്‌ന

ബബിഷ ബാബു
Published on Nov 25, 2025, 03:00 AM | 1 min read
പാട്യം
‘ഞാളെ വോട്ടെല്ലാം ഷബ്‌നയ്ക്കുതന്നെ, അന്നും ഇന്നും ഇടതുപക്ഷത്തിനുമാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ. ആ പാരമ്പര്യത്തിനൊരു മാറ്റവുമില്ല’–ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ടി ഷബ്‌നയുടെ കൈപിടിച്ച് കാര്യാട്ടുപുറത്തെ വലിയ ഞാലിൽ ജമീല പറയുന്പോൾ തെളിയുന്നത് ഇടതുപക്ഷത്തോടുള്ള സ്‌നേഹംമാത്രം. പാട്യം ഗോപാലന്റെ അടുത്ത സുഹൃത്തായിരുന്നു അന്തരിച്ച കാരണവരെയും അവർ ഓർത്തെടുത്തു. വീടുകളിലും തൊഴിലിടങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും സ്ഥാനാർഥിക്ക് ഉൗഷ്‌മള സ്വീകരണമാണ് ലഭിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയെ ജനം ഏറ്റെടുക്കുന്നു. വീടുകളും സ്ഥാപനങ്ങളും കയറി വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണിപ്പോൾ സ്ഥാനാർഥി. ഡിവിഷന്റെ പുരോഗതിയും ജനകീയ ആവശ്യങ്ങളും മുൻനിർത്തിയുള്ള ആശയങ്ങൾ പങ്കുവച്ചുള്ള സന്ദർശനം വലിയ ചലനമാണ് സൃഷ്‌ടിക്കുന്നത്. ക്ഷേമ പെൻഷൻ ലഭിക്കുന്നവരും ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളും എൽഡിഎഫ് സർക്കാരിന്റെ ഗുണഫലം അനുഭവിച്ചവരും സ്ഥാനാർഥിയെ ഹൃദയത്തോടുചേർത്താണ് സ്വീകരിക്കുന്നത്. തങ്ങളുടെ ജീവിതത്തിന് കരുതലായ ഇൗ സർക്കാരിനെ എങ്ങനെ മറക്കാനാവുമെന്ന ചോദ്യം എങ്ങും ഉയരുന്നു. ജില്ലാ പഞ്ചായത്തിന്റെ വികസന മുന്നേറ്റത്തിന് തുടർച്ചയുണ്ടാകാൻ ടി ഷബ്‌നയുടെ വിജയം അനിവാര്യമാണെന്ന ചിന്തയിലാണ് വോട്ടർമാർ. പാട്യം പഞ്ചായത്തിലെ മുതിയങ്ങ, കാര്യാട്ടുപുറം, വേളായി എന്നിവിടങ്ങളിലെ വീടുകളും വ്യാപാരസ്ഥാപനങ്ങളുമാണ് തിങ്കളാഴ്ച സന്ദർശിച്ചത്. ഡിവിഷനിലെ ഇടതുപക്ഷത്തിന്റൈ തിളക്കമാർന്ന വിജയത്തിന്റെ സൂചനയായി മാറി സ്ഥാനാർഥി പര്യടനം. ചെറുവാഞ്ചേരി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി എൻ ഷിനിജ, പാട്യം പഞ്ചായത്തിലെ സ്ഥാനാർഥികളായ കെ ബാബു, എം കെ രജിന, പി കെ ഷെഫിദ എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു. സിപിഐ എം ജില്ലകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമായ ടി ഷബ്‌ന ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് കരുത്ത് തെളിയിച്ച നേതാവാണ്. ആ അനുഭവസമ്പത്തിന്റെ കരുത്തുമായാണ് ജില്ല പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി, മുതിയങ്ങ, പാട്യം, വേങ്ങാട് പഞ്ചായത്തിലെ പാതിരിയാട്, പടുവിലായി, കോട്ടയം പഞ്ചായത്തിലെ കോട്ടയം, കിണവക്കൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ പാറയുള്ള പറമ്പ് വാർഡും മാങ്ങാട്ടിടം പഞ്ചായത്തിലെ ആമ്പിലാട് വാർഡും ഉൾപ്പെടുന്നതാണ് പാട്യം ഡിവിഷൻ.










0 comments