ad
Deshabhimani

കണ്ടലിന് കരുതലൊരുക്കി

കണ്ടൽച്ചെടി പരിപാലിക്കുന്ന   ഡോ. പി ശ്രീജ
avatar
സുപ്രിയ സുധാകർ

Published on Sep 15, 2025, 03:00 AM | 2 min read

കണ്ണൂർ കണ്ടൽക്കാടുകളെ കുറിച്ച്‌ പഠിച്ച്‌ ഡോക്ടറായി. ഇപ്പോൾ കണ്ടൽ സംരക്ഷണം എന്നത്‌ സ്വന്തം ജീവിതത്തിന്റെ തന്നെ ഭാഗമായി മാറ്റുകയും ചെയ്‌തു. സർ സയ്യിദ്‌ കോളേജ്‌ ബോട്ടണി വകുപ്പ്‌ മേധാവി ഡോ. പി ശ്രീജയാണ്‌ കണ്ടലുകളുടെ സംരക്ഷണത്തിനായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്‌. കണ്ടൽക്കാടുകളെ കുറിച്ച്‌ ആഴത്തിൽ പഠിച്ചപ്പോൾ ഇ‍ൗ ചെടി പ്രകൃതിയുടെ ജീവതാളമാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌ ഇ‍ൗ രംഗത്ത്‌ ഗവേഷണത്തിനായി ഇറങ്ങിത്തിരിച്ചത്‌. ഒപ്പം തന്റെ വിദ്യാർഥികളും കൂടെയുണ്ട്‌. ഇതിനായി വൈൽഡ്‌ ലൈഫ്‌ ട്രസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ കണ്ടൽ പ്രൊജക്ടുമായി ചേർന്ന്‌ കോളേജിൽ അയ്യായിരത്തിലധികം തൈകൾ വളർത്തുന്ന കണ്ടൽ നഴ്‌സറിയും ആരംഭിച്ചു. ​​തുടക്കം പിഎച്ച്‌ഡിയിലൂടെ കണ്ണൂർ സർവകലാശാലയിലെ ആദ്യ ബോട്ടണി പിഎച്ച്‌ഡി വിദ്യാർഥിയായി ഡോ. ഖലീൽ ചൊവ്വയുടെ കീഴിൽ രജിസ്‌റ്റർ ചെയ്‌താണ്‌ കണ്ടൽക്കാടുകളെ കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്‌. ഉത്തരമലബാറിലെ കണ്ടൽക്കാടുകളുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഇപ്പോൾ കണ്ടൽ കാടുകളിൽ പ്രധാനമായും ശ്വസനവേരുകളിൽ ഒട്ടിപ്പിടിച്ചു വളരുന്ന ആൽഗകളുടെ കാർബൺ ശേഖരണത്തെ കുറിച്ചുള്ള പഠനത്തിലാണ്‌. മണ്ണിലെയും വെള്ളത്തിലെയും രാസവസ്‌തുക്കളെയും വിഷാംശങ്ങളെയും എങ്ങനെ അതിജീവിക്കുന്നു എന്നതും ഇവ കണ്ടൽ ചെടികളുടെ പോഷക ചക്രത്തിൽ വരുന്ന മാറ്റങ്ങൾ, മൈക്രോ പ്ലാസ്ടിക് ആവാസ വ്യവസ്ഥയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ എന്നിവയും ഡോ. പി ശ്രീജയുടെ നേതൃത്വത്തിൽ ഗവേഷണം നടക്കുന്നു . പത്തുവർഷങ്ങൾക്കിപ്പുറം സർ സയ്യിദ്‌ കോളേജിലെ ബോട്ടണി വിഭാഗം മേധാവിയായും റിസർച്ച്‌ സൂപ്പർവൈസറായും പ്രവർത്തിക്കുമ്പോൾ നിരവധിപേർക്ക്‌ മാർഗനിർദേശം നൽകുകയാണ്‌ ശ്രീജ. ഇതിനായി കുഞ്ഞിമംഗലം വൈൽഡ്‌ ലൈഫ്‌ ട്രസ്‌റ്റ്‌ ഓഫ്‌ ഇന്ത്യയുമായി ചേർന്ന്‌ സർ സയ്യിദ്‌ കോളേജിൽ കണ്ടൽ നഴ്‌സറി ആരംഭിച്ചു. കോളേജിലെ ബോട്ടണി വിഭാഗവും ഭൂമിത്ര സേന ക്ലബ്ബും ചേർന്നാണ്‌ നഴ്‌സറി നടത്തുന്നത്‌. പ്രാന്തൻ കണ്ടൽ, എഴുത്താണി കണ്ടൽ, ഉപ്പട്ടി, ചെറു ഉപ്പട്ടി, വള്ളി കണ്ടൽ എന്നീ ഇനങ്ങളാണ് തയ്യാറാക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും ആവശ്യപ്രകാരം നട്ടുപിടിപ്പിച്ചു നൽകും. ​പ്രതിരോധിക്കാം 
കണ്ടലാത്തയെ തണ്ണീർതട ആവാസ വ്യവസ്ഥയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന അധിനിവേശ സസ്യമായ കണ്ടലാത്തയുടെ (Annona glabra) ദോഷങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്‌ ശ്രീജ. ജില്ലയിൽ വെള്ളിക്കീൽ പുഴ, കുറ്റിക്കോൽ പുഴ, പഴയങ്ങാടി പുഴ എന്നിവിടങ്ങളിലാണ് കൂടുതലും ഇവ കാണുന്നത്. ഓരോ മരവും പരസ്‌പരം ഒട്ടിച്ചതുപോലെ വളരുന്നതിനാൽ പിഴുതുമാറ്റാനോ മുറിച്ചുകളയാനോ പ്രയാസമാണ്‌. ഇവയെ നിയന്ത്രിക്കാനുള്ള പഠനങ്ങളും പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. ​ബിരുദ വിദ്യാർഥികൾക്ക്‌ ആഡ്‌ ഓൺ കോഴ്‌സ്‌ കണ്ടലിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തനായി ബിരുദ വിദ്യാർഥികൾക്ക്‌ ആഡ്‌ ഓൺ കോഴ്‌സായി മാൻഗ്രൂവ് നഴ്‌സറി മാനേജ്‌മെന്റ്‌ കോഴ്‌സും ആരംഭിച്ചു. വേൾഡ്‌ വൈഡ്‌ ഫണ്ട്‌ ഫോർ നേച്ചറിന്റെ മാജിക്കൽ മാൻഗ്രൂവ്‌ ഇന്ത്യയുടെ വളന്റിയർകൂടിയാണ്‌ ഡോ. ശ്രീജ . 2023 ൽ ദക്ഷിണേന്ത്യയിലെ മികച്ച വളന്റിയർ അവാർഡ് ലഭിച്ചിട്ടുണ്ട്. താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി വളന്റിയറായി പ്രവർത്തിക്കാനും ബോധവൽക്കരണ ക്ലാസെടുക്കാനുള്ള പരിശീലനവും നൽകുന്നുണ്ട്‌. കണ്ടൽക്കാടിന്റെ പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മുൻനിർത്തിയുള്ള ക്ലാസുകൾ നൽകാൻ ഇവർ സജ്ജരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home