ad
Deshabhimani

ഇടതോരംചേർന്ന്‌ തലയെടുപ്പോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
പി ദിനേശൻ

Published on Mar 10, 2026, 12:14 AM | 2 min read

തലശേരി പൈതൃകനഗരമായ തലശേരിയെ ലോകത്തിനുമുന്നിൽ സാഭിമാനം അവതരിപ്പിച്ചതായിരുന്നു ഹെറിറ്റേജ്‌ റൺ. പൈതൃക സ്‌മാരകങ്ങളും ചരിത്രമുദ്രകളും സ്‌പർശിച്ചുള്ള റണ്ണിൽ ആയിരങ്ങളാണ്‌ കഴിഞ്ഞ അഞ്ചുവർഷവും ഒഴുകിയെത്തിയത്‌. നാടിന്റെ ആയോധനകലാ പാരന്പര്യത്തെ ലോകത്തിന്‌ പരിചയപ്പെടുത്തിയ പൊന്ന്യത്തങ്കവും വന്പൻ ഹിറ്റായി തുടരുന്നു. കെയ്‌ക്കിന്റെയും ക്രിക്കറ്റിന്റെയും സർക്കസിന്റെയും നഗരത്തെ ഇന്ന്‌ ലോകം അറിയുന്നത്‌ ഹെറിറ്റേജ്‌ റണ്ണിന്റെയും പൊന്ന്യത്തങ്കത്തിന്റെയും പേരിൽക്കൂടിയാണ്‌. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമിക്കുക മാത്രമല്ല, നാടിന്റെ സന്പന്നമായ പൈതൃകത്തെക്കൂടി വീണ്ടെടുക്കുകയായിരുന്നു തലശേരിയിൽ. സഞ്ചാരികളുടെ ഇഷ്‌ടലൊക്കേഷനുകളിലൊന്നായി ഇതിനകം ഇ‍ൗ പട്ടണം വളർന്നു. ഇല്ലിക്കുന്ന്‌ ഗുണ്ടർട്ട്‌ ബംഗ്ലാവിലെ അക്ഷരമ്യൂസിയവും തലശേരി കടൽപ്പാലവും ജവഹർഘട്ടും ഇംഗ്ലീഷ്‌ പള്ളിയും സെമിത്തേരിയും കോട്ടയും കാണാനെത്തുന്നവരുടെ എണ്ണം വർധിച്ചു. കടൽപാലം എലിവേറ്റഡ്‌ വാക്‌ വേകൂടി വരുന്നതോടെ ഇവിടം വടക്കൻകേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാകും. വികസനം വസന്തംതീർത്ത അഞ്ച്‌ വർഷമായിരുന്നു തലശേരിയിൽ. മലബാർ കാൻസർ സെന്ററിൽ മാത്രം 862 കോടിരൂപയുടെ പദ്ധതികൾക്ക്‌ തുടക്കമിട്ടു. തലശേരി–മാഹി ബൈപാസ്‌, ജില്ലാ കോടതി സമുച്ചയം, അമ്മയും കുഞ്ഞും ആശുപത്രി, ചൊക്ലി കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഗവ. കോളേജ്‌. തലായി ഗോപാലപ്പേട്ട ഹാർബർ വികസനം, പന്ന്യന്നൂർ ഗവ. ഐടിഐ നിർമാണം, സ്‌പിരിച്ച്വൽ ടൂറിസം പദ്ധതി, പൊന്ന്യം കളരി അക്കാദമി, കൊടുവള്ളി റെയിൽവേ മേൽപ്പാലം, വിആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയം, അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർന്ന സ്‌കൂളുകൾ, നവീകരിച്ച ആശുപത്രികൾ... ഇങ്ങനെ വികസന നേട്ടങ്ങൾ അനവധി. എക്കാലവും ഇടതോരംചേർന്നാണ്‌ തലശേരിയുടെ രാഷ്‌ട്രീയപാരന്പര്യം. ചുവപ്പിനെ ഹൃദയത്തോടുചേർത്ത നാട്ടിൽ വീരവാദം മുഴക്കിയവരെല്ലാം അടിതെറ്റി വീണു. മുഖ്യമന്ത്രിയെയും മൂന്ന്‌ മന്ത്രിമാരെയും സ്‌പീക്കറെയും കേരളത്തിന്‌ സമ്മാനിച്ച മണ്ഡലത്തിന്റെ മനസിൽ ഇത്തവണയും ചാഞ്ചല്യമേതുമില്ല. മുഖ്യമന്ത്രി ഇ കെ നായനാർ, മന്ത്രിമാരായ ജസ്‌റ്റിസ്‌ വിആർ കൃഷ്‌ണയ്യർ, എൻ ഇ ബാലറാം, കോടിയേരി ബാലകൃഷ്‌ണൻ, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർ ഇവിടെനിന്നാണ്‌ നിയമസഭയിലെത്തിയത്‌. 1957ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്രൻ വി ആർ കൃഷ്‌ണയ്യർക്ക്‌ 12,084 വോട്ടിന്റെ ഭൂരിപക്ഷംനൽകിയാണ്‌ ഇടത്‌ തേരോട്ടം തുടങ്ങിയത്‌. ജയിലിൽനിന്ന്‌ ജനവിധി തേടിയ പാട്യം ഗോപാലനെ വിജയിപ്പിച്ച ചരിത്രവുമുണ്ട്‌. കെ പി ആർ ഗോപാലൻ, എം വി രാജഗോപാലൻ മാസ്‌റ്റർ, കെ പി മമ്മുമാസ്‌റ്റർ എന്നിവരും തലശേരിയിൽ വെന്നിക്കൊടി പാറിച്ചവരാണ്‌. അഞ്ചുതവണ കോടിയേരി ബാലകൃഷ്‌ണൻ ജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ രണ്ട്‌ തെരഞ്ഞെടുപ്പിലും എ എൻ ഷംസീറാണ്‌ വിജയക്കൊടിനാട്ടിയത്‌. കന്നിയങ്കത്തിൽ കോൺഗ്രസിലെ എ പി അബ്ദുള്ളക്കുട്ടിയെ 34,117 വോട്ടിന്‌ മുട്ടുകുത്തിച്ച എ എൻ ഷംസീർ 2021ൽ 36,801 വോട്ടിന്റെ റെക്കോഡ്‌ ഭൂരിപക്ഷത്തിനാണ്‌ കോൺഗ്രസിലെ എം പി അരവിന്ദാക്ഷനെ തോൽപ്പിച്ചത്‌. എൽഡിഎഫിന്‌ 81,810 വോട്ടും യുഡിഎഫിന്‌ 45,009 വോട്ടുമാണ്‌ ലഭിച്ചത്‌. ബിജെപിക്ക്‌ സ്ഥാനാർഥിയുണ്ടായിരുന്നില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ഭൂരിപക്ഷം പിന്നെയും ഉയർന്ന്‌ 38,524 വോട്ടായി. എൽഡിഎഫ്‌–73151, യുഡിഎഫ്‌–34627, ബിജെപി–21,382 എന്നിങ്ങനെയാണ്‌ വോട്ടുനില. തലശേരി നഗരസഭയും കതിരൂർ, എരഞ്ഞോളി, ന്യൂമാഹി, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തലശേരി മണ്ഡലം. മുഴുവൻ തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫ്‌ ഭരണത്തിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home