ad
Deshabhimani

തൊഴിലുറപ്പ്‌ പദ്ധതി കുറഞ്ഞത് 11. 47 ലക്ഷം 
തൊഴിൽദിനങ്ങൾ

കണ്ണൂർ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ തൊഴിലുറപ്പ്‌ പദ്ധതിയിൽ ജില്ലയിൽ കുറഞ്ഞത്‌ 11.47 ലക്ഷം തൊഴിൽദിനങ്ങൾ.
വെബ് ഡെസ്ക്

Published on May 12, 2026, 03:00 AM | 1 min read

കണ്ണൂർ കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ തൊഴിലുറപ്പ്‌ പദ്ധതിയിൽ ജില്ലയിൽ കുറഞ്ഞത്‌ 11.47 ലക്ഷം തൊഴിൽദിനങ്ങൾ. കേന്ദ്രസർക്കാർ തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിച്ച്‌ വിബി ജി റാംജി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ നടത്തിയ മാറ്റങ്ങളാണ്‌ തൊഴിൽദിനങ്ങൾ വൻതോതിൽ കുറയ്‌ക്കാനിടയാക്കിയത്‌. 2025–26 വർഷം ജില്ലയിൽ ആകെ കിട്ടിയത്‌ 42.86 ലക്ഷം തൊഴിൽ ദിനങ്ങളാണ്‌. 2024–25 വർഷം അത്‌ 54.33 ലക്ഷമായിരുന്നു. 2023–24 വർഷത്തിൽ 60.70 ലക്ഷവും. മണ്ണ്‌–ജല സംരക്ഷണ പ്രവൃത്തികൾ തൊഴിലുറപ്പ്‌ പദ്ധതിയിൽനിന്ന്‌ ഒഴിവാക്കിയതോടെയാണ്‌ തൊഴിൽദിനങ്ങൾ ഗണ്യമായി കുറഞ്ഞത്‌. നിർമാണപ്രവൃത്തികൾക്ക്‌ പ്രാമുഖ്യം നൽകിയതോടെ തൊഴിൽ സൃഷ്‌ടിക്കാനാകാതെ തദ്ദേശസ്ഥാപനങ്ങളും ബുദ്ധിമുട്ടിലാണ്‌. ഇതോടൊപ്പം തൊഴിൽ ചെയ്‌ത കൂലിയും കേന്ദ്രസർക്കാർ നൽകിയിട്ടില്ല. കൂലിയിനത്തിൽ 26.82 കോടി രൂപയും നിർമാണസാമഗ്രികൾ വാങ്ങിയ ഇനത്തിൽ 42.84 കോടി രൂപയും കുടിശ്ശികയാണ്‌. ​ജില്ലയിൽ തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ വർഷം തൊഴിൽ ലഭിച്ചത്‌ 78,515 കുടുംബങ്ങൾക്കാണ്‌. ഇതിൽ 16,645 കുടുംബങ്ങൾക്കുമാത്രമാണ്‌ നൂറുദിനം തൊഴിൽ ലഭിച്ചത്‌. പുതിയ സാന്പത്തികവർഷം ആരംഭിച്ചപ്പോൾ ഏപ്രിൽ മാസത്തെ തൊഴിൽബജറ്റ്‌ മാത്രമാണ്‌ തയ്യാറാക്കി നൽകിയത്‌. വിബിജിറാംജിയിലേക്ക്‌ മാറുന്നതിനാലാണ്‌ ഇത്തരമൊരു തീരുമാനം. മെയ്‌ മാസം പകുതിയാകുന്പോഴും വാർഷിക തൊഴിൽ ബജറ്റിനെ കുറിച്ച്‌ തീരുമാനമായിട്ടില്ല. മുൻവർഷങ്ങളിൽ ഒരുവർഷത്തേക്കുള്ള തൊഴിൽബജറ്റാണ്‌ തയ്യാറാക്കി പണം വകയിരുത്തിയിരുന്നത്‌. മഴക്കാലത്തിന്‌ മുന്പ്‌ പൂർത്തിയാക്കേണ്ട പൊതുഇട ശുചീകരണപ്രവൃത്തികൾ നടത്താനാകാത്ത സ്ഥിതിയാണ്‌. നിർമാണ പ്രവൃത്തികളൊഴിച്ച്‌ മണ്ണ്‌–ജലസംരക്ഷണ പ്രവൃത്തികളൊന്നും ചെയ്യേണ്ടെന്നാണ്‌ പുതിയ തീരുമാനം. ഇതുകാരണം മഴക്കാലപൂർവ ശുചീകരണം ഉൾപ്പെടെ അവതാളത്തിലാണ്‌. മഴയ്‌ക്ക്‌ മുന്പ്‌ വെള്ളക്കെട്ട്‌ ഒഴിവാക്കുന്നതിനും സാംക്രമികരോഗങ്ങൾ പടരാതിരിക്കാനുള്ള മുൻകരുതലായ തോട്ടിലെയും ഓവുചാലുകളിലെയും മാലിന്യങ്ങൾ നീക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടില്ല. ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാകാത്തതിനാൽ തദ്ദേശസ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home