ചൊറുക്കള – ചാലോട് വിമാനത്താവളം ലിങ്ക് റോഡ് നിർമാണോദ്‌ഘാടനം നാളെ

തളിപ്പറന്പ്
ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കൊളോളം –ചാലോട് വിമാനത്താവളം ലിങ്ക് റോഡ് നിർമാണോദ്‌ഘാടനം ശനിയാഴ്‌ച നടക്കും. 306.49 കോടി രൂപ ചെലവിട്ട് രണ്ട് സ്‌ട്രെച്ചുകളിലായി 25.25 കിലോമീറ്ററിലാണ് റോഡ് നവീകരിക്കുക. 13.6 മീറ്റർ വീതിയുള്ള റോഡിൽ 10 മീറ്ററിലാണ് ടാറിങ്. റോഡ് വികസനത്തിന് 7.154 ഹെക്ടർ ഭൂമി ഏറ്റെടുക്കാനും അനുവദിച്ചിരുന്നു. ഇതുപ്രകാരം 1600 ഭൂവുടമകളിൽനിന്നാണ് ഭൂമി ഏറ്റെടുത്തത്. തളിപ്പറന്പ് –ഇരിട്ടി സംസ്ഥാനപാതയിൽ ചൊറുക്കളയിൽനിന്ന് ആരംഭിക്കുന്ന 22.59 കിലോമീറ്റർ റോഡാണ് ആദ്യ സ്‌ട്രെച്ചിൽ. തളിപ്പറന്പ് –കൂർഗ് റോഡിൽ ടാഗോർ വിദ്യാനികേതന് മുന്നിൽനിന്ന് ആരംഭിച്ച് അള്ളാംകുളം– സർസയ്യിദ് കോളേജ് വഴി ഭ്രാന്തൻകുന്ന് കവലയിലെത്തുന്ന 2.66 കിലോമീറ്ററാണ് രണ്ടാമത്തെ സ്ട്രെച്ചിൽ. കുറുമാത്തൂർ, മയ്യിൽ, കുറ്റ്യാട്ടൂർ, കൂടാളി പഞ്ചായത്തുകളിലൂടെയും തളിപ്പറന്പ്, ആന്തൂർ നഗരസഭകളിലൂടെയുമാണ് റോഡ് കടന്നുപോകുന്നത്. ചാലോട്, മയ്യിൽ, കൊളോളം, ബാവുപ്പറന്പ്, ചൊറുക്കള എന്നിവിടങ്ങളിൽ കൈവരികളോടുകൂടിയ ഇന്റർലോക്ക് പാകിയ നടപ്പാതയും മറ്റ് തിരക്കേറിയിടങ്ങളിൽ കൈവരിയില്ലാത്ത നടപ്പാതയുമുണ്ടാകും. വശങ്ങളിൽ 4260 ഗാർഡ് പോസ്‌റ്റുകളും വലിയ വളവുകളും ഇറക്കങ്ങളുമുള്ള ഇടങ്ങളിൽ ക്രാഷ് ബാരിയറുകളുമുണ്ട്. 42 ബോക്‌സ് കലുങ്കുകളും പ്രധാന കേന്ദ്രങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും ബസ്‌ബേകളും പണിയും. ശനിയാഴ്‌ച പകൽ 11.30ന് ബാവുപ്പറന്പിൽ നടക്കുന്ന ചടങ്ങിൽ എം വി ഗോവിന്ദൻ എംഎൽഎ നിർമാണോദ്‌ഘാടനം നിർവഹിക്കും. സ്വാഗതസംഘം രൂപീകരണയോഗത്തിൽ കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് പി രമേശൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി കെ കുഞ്ഞിരാമൻ, പി മാധവൻ, ആന്തൂർ നഗരസഭാ കൗൺസിലർ ടി നാരായണൻ, വി രമ്യ, ഐ വി നാരായണൻ, കെ കൃഷ്‌ണൻ, റവന്യൂ ഇൻസ്‌പെക്ടർ സിയാദ്, കെആർഎഫ്‌ബി ഉദ്യോഗസ്ഥൻ റോജി, കെ സി സുമിത്രൻ, എൻ വി വേണുഗോപാലൻ എന്നിവർ സംസാരിച്ചു. റോഡ് നിർമാണ സഹായകമ്മിറ്റിയും രൂപീകരിച്ചു. ചെയർമാനായി എൻ അനിൽകുമാറിനെയും കൺവീനറായി പി കെ കുഞ്ഞിരാമനെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം ഭാരവാഹികൾ: ചെയർമാൻ എസ് പി രമേശൻ, കൺവീനർ പാച്ചേനി രാജീവൻ. എൻ അനിൽകുമാർ സ്വാഗതവും പാച്ചേനി രാജീവൻ നന്ദിയും പറഞ്ഞു.
വികസനത്തിന്റെ രാജപാതകൾ
ദേശീയപാത നിലവാരത്തിലുള്ള ഏറ്റവും മികച്ച പ്രാദേശിക റോഡുകൾ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. നാടിന്റെ എല്ലാഭാഗത്തേക്കും ഒരുപോലെ കടന്നുപോകാവുന്ന വികസനവീഥികൾ മണ്ഡലത്തിലെ പല ഭാഗങ്ങളിലായി പൂർത്തിയാക്കാനായിട്ടുണ്ട്. വിനോദസഞ്ചാര–ഗതാഗത മേഖലയിൽ ഇത് വലിയ ഉണർവേകിയിട്ടുമുണ്ട്. നാടിന്റെ മുഖച്ഛായ മാറുന്ന വികസനത്തിനൊപ്പം ചേർത്തുവയ്‌ക്കാവുന്ന പ്രവൃത്തിക്കാണിതിലൂടെ തുടക്കം കുറിക്കുന്നത്. വിമാനത്താവള ലിങ്ക് റോഡും ഏറ്റവും സുപ്രധാനഘട്ടത്തിലേക്ക് കടക്കുകയാണ്. എത്രയും പെട്ടെന്ന് പണി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. –എം വി ഗോവിന്ദൻ എംഎൽഎ








0 comments