18 കോടി രൂപ ചെലവിൽ നിർമിച്ച റോഡ് തകർന്നു; പണി തീർന്നിട്ട് 3 മാസം

Photo: NDTV
നാഗ്പുർ: മൂന്ന് മാസം മുൻപ് 18 കോടി രൂപ ചെലവിൽ നിർമിച്ച റോഡ് തകർന്നു. മഹാരാഷ്ട്രയിലെ ദഹാനുവിൽ 15.5 കിലോമീറ്റർ ദൈർഘ്യമുള്ള സരണി–ഉർസെ–ഐന റോഡിന്റെ ഒരു ഭാഗത്ത് 10 അടിയിലധികം ആഴമുള്ള കുഴിയാണ് രൂപപ്പെട്ടത്. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന (PMGSY) പദ്ധതിക്ക് കീഴിൽ കോടികൾ മുടക്കി നിർമിച്ച റോഡാണ് വെറും മൂന്നുമാസം ആകുമ്പോഴേയ്ക്കും തകർന്നത്. ഇതോടെ റോഡിന്റെ നിർമാണ നിലവാരത്തെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നു.
ഗർത്തത്തിൽ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ലോറി കുടുങ്ങി. നിലവാരം കുറഞ്ഞ നിർമാണ സാമഗ്രികളും അശാസ്ത്രീയ നിർമാണ പ്രവർത്തനവുമാണ് വെറും മൂന്ന് മാസത്തിനകം റോഡ് തകർന്നതിന് പിന്നിലെ കാരണമെന്നാണ് പ്രദേശവാസികൾ ആരോപിച്ചു. നിർമാണം നടക്കുന്നതിനിടെ തന്നെ റോഡിന്റെ നിലവാരത്തെക്കുറിച്ച് പലതവണ അധികൃതരോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ അധികൃതർ അവഗണിച്ചുവെന്നും ആരോപണമുണ്ട്.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. റോഡ് നിർമാണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വീഴ്ചയ്ക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന കരാറുകാരൻ ഉൾപ്പെടെയുള്ളവർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം. വിക്രമ്ഗഡിലെ ജിജാവു കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡിന്റെ കരാർ ഏറ്റെടുത്തിരുന്നത്.









0 comments