യുഎസിന്‍റെ ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : യുഎസ് നിർമിത ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സംവിധാനം വാങ്ങാൻ അമേരിക്കയുമായി ഔദ്യോഗിക കരാർ ഒപ്പുവെച്ച് ഇന്ത്യ. എഫ്എംഎസ് (ഫോറിൻ മിലിറ്ററി സെയിൽസ്) റൂട്ടിലൂടെയാണ് ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ ഇന്ത്യ സ്വന്തമാക്കുന്നത്.
ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിൽ പുതിയ ചുവടുവെയ്പ്പായാണിതെന്നും സംയുക്ത സഹകരണത്തിനുള്ള സാധ്യതകളിലേക്ക് വഴിതുറക്കുമെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ആയുധ ഇടപാടിന് യുഎസ് സ്റ്റേറ്റ് അനുമതി നൽകി ഒൻപത് മാസങ്ങൾക്ക് ശേഷമാണ് കരാർ ഒപ്പുവെക്കുന്നത്. അതേസമയം, വാങ്ങുന്ന ജാവലിൻ മിസൈലുകളുടെ കൃത്യമായ എണ്ണമോ മൂല്യമോ വ്യക്തമാക്കിയിട്ടില്ല.
എന്താണ് ജാവലിൻ
കവചിത വാഹനങ്ങളും കോട്ടകെട്ടിയുള്ള പ്രതിരോധ സ്ഥാനങ്ങളും ലക്ഷ്യംവെക്കാൻ സാധിക്കുന്നതാണ് ജാവലിൻ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ. അത്യാധുനിക ഫയർ ആന്റ് ഫോർഗെറ്റ് സാങ്കേതികവിദ്യയുള്ളവയാണ് ജാവലിൻ. തോളിൽ വച്ച് വിക്ഷേപിക്കാവുന്ന ജാവലിൻ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയാണ് ‘ഫയർ ആൻഡ് ഫോർഗെറ്റ്’ സാങ്കേതിക വിദ്യ. യുഎസിനും സഖ്യരാജ്യങ്ങൾക്കുമിടയിൽ നിലവിൽ ജാവലിൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തോളിൽ നിന്ന് തൊടുത്തുവിടുന്ന ഈ സംവിധാനത്തിൽ ഒരു ഓട്ടോമാറ്റിക് ഗൈഡൻസ് മെക്കാനിസവുമുണ്ട്. വിക്ഷേപണത്തിനുശേഷം മിസൈലിന് അതിന്റെ ലക്ഷ്യം ട്രാക്ക് ചെയ്യാൻ ഇത് സഹായിക്കുന്നു. മിസൈൽ വിക്ഷേപിച്ച ശേഷം സൈനികന് ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മിസൈലിന് ഭാരം കുറവായതിനാൽ സൈനികർക്ക് സ്വന്തം സുരക്ഷ ഉറപ്പാക്കാനും കഴിയും.









0 comments