കുറുമാത്തൂർ വില്ലേജും ഇനി സ്മാർട്ട്
50 ലക്ഷത്തിന് ഭരണാനുമതി

തളിപ്പറമ്പ്
കുറുമാത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണത്തിന് 50ലക്ഷംരൂപ അനുവദിച്ച് ഭരണാനുമതിയായി. എം വി ഗോവിന്ദൻ എംഎൽഎ യുടെ ശുപാർശ പരിഗണിച്ചാണ് റവന്യൂവകുപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിന് അനുമതി നൽകിയത്. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ മൊറാഴയും തിമിരിയും കൂവേരിയും സ്മാർട്ട് വില്ലേജുകളായി നേരത്തെ ഉദ്ഘാടനം ചെയ്തതാണ്. മാണിയൂർ, കുറ്റ്യേരി സ്മാർട് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിനുള്ള പണി ആരംഭിച്ചിട്ടുമുണ്ട്. 45ലക്ഷം രൂപയാണ് ആധുനിക സൗകര്യങ്ങളുള്ള മറ്റ് സ്മാർട് വില്ലേജുകൾക്ക് അനുവദിച്ചിരുന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുന്നത്തിന്റെ ഭാഗമായി എംഎൽ എ ആസ്തിവികസന ഫണ്ടിൽനിന്ന് തുക വകയിരുത്തി കംപ്യൂട്ടർ ഉൾപ്പെടെയുള്ള ആധുനികസൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്. എല്ലാ സേവനങ്ങളും വേഗത്തിലും കടലാസ് രഹിതമായും ഡിജിറ്റൽ രീതിയിലും ലഭ്യമാക്കുന്ന രീതിയിലാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ സജ്ജീകരിക്കുക. ഡിജിറ്റൽ ഉപകരണങ്ങളും നെറ്റ് വർക്കിങ് സൗകര്യങ്ങളും ഉൾക്കൊള്ളുന്ന 120 ചതുരശ്രമീറ്റർ വിസ്‌തീർണമുള്ള കെട്ടിടമാകും നിർമിക്കുക. റവന്യൂ വകുപ്പ് ഹബ്ബുമായി സുഗമമായി ബന്ധിപ്പിക്കുന്നതിനുള്ള സുരക്ഷിതവും സുരക്ഷിതവുമായ റെക്കോഡ് റൂമുകൾ, ഉപയോക്തൃ സൗഹ്യദമായ റിസപ്ഷൻ (ഫ്രണ്ട് ഓഫീസ് ) പൊതുജനങ്ങൾക്കുള്ള കാത്തിരിപ്പ് ഇടങ്ങൾ, പാർക്കിങ് ഏരിയ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് സ്‌മാർട്ട് വില്ലേജ് ഓഫീസുകളിലുണ്ടാകുക.
പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വില്ലേജ്, താലൂക്ക് ഓഫീസുകളെ സ്മാർട്ടാക്കി നവീകരിക്കുന്നതിലൂടെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി അവർക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കാനായി തളിപ്പറമ്പ് നഗരത്തിൽ 15 കോടി ചെലവിൽ പുതിയ റവന്യൂ ടവറിന്റെ പ്രവൃത്തി നടന്നുവരികയാണ്. ഇതോടെ മുഴുവൻ സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിൽ എത്തിക്കാനാകും– എം വി ഗോവിന്ദൻ എംഎൽഎ









0 comments