ഹോം സ്റ്റേയിൽ എത്തിച്ച് പീഡനം: രാഹുലിന് കുരുക്ക് മുറുകുന്നു; യുവതിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കുരുക്ക് മുറുകുന്നു. ചൊവ്വാഴ്ച പരാതിയുമായി എത്തിയ ഇരുപത്തിമൂന്നുകാരിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ കണ്ടെത്തി. വൈദ്യപരിശോധനാ റിപ്പോർട്ടിലാണ് നിർണായക വിവരം.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് ബംഗളൂരു സ്വദേശിയുടെ വെളിപ്പെടുത്തൽ. ശരീരമാകെ മുറിവേൽപ്പിച്ചു. അതിക്രൂരമായ പീഡനത്തിനാണിരയാക്കിയത്. ശാരീരികമായും മാനസികമായും തളർന്നെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. യുവതിയുടെ മൊഴികൾ ശരിവെയ്ക്കുന്നതാണ് പുതിയ റിപ്പോർട്ട്.
രാഹുൽ വിവാഹ ആലോചനയുമായി ബംഗളുരുവിലെത്തിയതായും തുടർന്ന് കേരളത്തിലെത്തിയപ്പോഴാണ് പീഡനത്തിനിരയായതെന്നും യുവതി പറയുന്നു. 'കാറിൽ കയറ്റി റിസോർട്ട് പോലെയുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ ആണ് കാർ ഓടിച്ചിരുന്നത്. റിസോർട്ടിലെത്തി മുറിയിൽ കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയതിന് ശേഷം രാഹുൽ വിവാഹ വാഗ്ദാനം പിൻവലിച്ചു. തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുന്നതിനിടെയിൽ ഭാര്യയെയും മക്കളെയും ശ്രദ്ധിക്കാൻ കഴിയാതെവരും. അതുകൊണ്ട് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് പറഞ്ഞത്. എന്നെയെന്നല്ല, ആരെയും വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് രാഹുൽ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല'- എന്നും പരാതിയിൽ പറയുന്നു.








0 comments