തൊഴിലാളിവിരുദ്ധ ലേബർ കോഡ്: പാർലമെന്റിൽ പ്രതിഷേധം

ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട സമരങ്ങളിലൂടെ ഇന്ത്യൻ തൊഴിലാളിവർഗം നേടിയെടുത്ത അവകാശങ്ങളെ തച്ചുടയ്‌ക്കുന്ന ലേബർ കോഡുകൾക്കെതിരെ പാർലമെന്റിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.
സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ, രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്ററി പാർടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി, എംപിമാരായ വി ശിവദാസൻ, പി സന്തോഷ് കുമാർ, എം കെ കനിമൊഴി, പ്രിയങ്കാ ഗാന്ധി തടുങ്ങിയവർ പ്രതിഷേധത്തിൽ പങ്കുചേർന്നു.
തൊഴിലാളിദ്രോഹ ലേബർ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലേബർ കോഡുകൾ പിൻവലിക്കുന്നത് ഉൾപ്പെടെ 16 ആവശ്യങ്ങളടങ്ങിയ സംയുക്ത നിവേദനം കേന്ദ്ര ട്രേഡ്‌യൂണിയനുകളും കർഷകസംഘടകളും രാഷ്ട്രപതി ദ്രൗപദി മുർമുവിന് നേരത്തെ സമർപ്പിച്ചിരുന്നു. പ്രാബല്യത്തിലാക്കിയ നാല് ലേബർ കോഡുകൾ പിൻവലിക്കണം എന്നത് തന്നെയാണ് ആവശ്യങ്ങളിൽ മുഖ്യം.
ബിഹാർ തെരഞ്ഞെടുപ്പ് വിജയ ലഹരിയിലാണ് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നാല് തൊഴിൽ കോഡുകൾ ഏകപക്ഷീയമായി പ്രാബല്യത്തിലാക്കിയത്. കോർപ്പറേറ്റുകളുടെ താൽപ്പര്യം മാത്രം മുൻനിർത്തിയുള്ള സർക്കാർനടപടി രാജ്യത്തെ തൊഴിലാളികൾക്കും കർഷകർക്കുമിടയിൽ വലിയ രോഷമാണുയർത്തിയത്.








0 comments