കോഹ്‍ലി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കും; എത്തുന്നത് 15 വർഷത്തിന് ശേഷം

ന്യൂഡൽഹി: പതിനഞ്ചുവർഷത്തിന് ശേഷം മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനെത്തും. ഡിസംബർ 24ന് ആരംഭിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ രോഹിത് ശർമയും വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ നിർദേശത്തിന് പിന്നാലെയാണ് താരങ്ങൾ നിലപാട് വ്യക്തമാക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പാണ് ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കണമെന്ന നിർദേശം താരങ്ങൾക്ക് നൽകിയത്. ഇക്കാര്യത്തിൽ കോഹ്‍ലി തീരുമാനമെടുത്തിരുന്നില്ല. ഇപ്പോൾ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രോഹൻ ജെയ്റ്റ്ലിയാണ് കോഹിലി കളിക്കുമെന്ന് സ്ഥിരീകരിച്ചത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച രോഹിത്തും കോഹ്‍ലിയും ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. കായികക്ഷമത നിലനിർത്താൻ താരങ്ങൾ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്നാണ് ബിസിസിഐ നിർദേശം.
കഴിഞ്ഞ മാസം ഓസീസിനെതിരായ ഏകദിനപരമ്പരയിലാണ് താരങ്ങൾ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിനത്തിൽ കളിക്കുന്ന ഇരുവരും മികച്ച ഫോമിലാണ് കളിക്കുന്നത്. ദക്ഷിണാഫിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ കോഹ്‍ലി സെഞ്ചുറി നേടിയപ്പോൾ രോഹിത്ത് അർധസെഞ്ചുറിയും നേടി.








0 comments