എസ്ഐആർ; സമ്മർദ്ദം താങ്ങാനാവാതെ വിഷംകഴിച്ച ബിഎൽഒ ഗുരുതരാവസ്ഥയിൽ

മീററ്റ്: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തിനായി നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഓഫീസർ അമിത ജോലിഭാരം കാരണം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മീററ്റിൽ മുണ്ടാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുർലിപുര ഗ്രാമത്തിലെ താമസക്കാരനും ജലസേചന വകുപ്പിലെ സീനിയർ അസിസ്റ്റന്റുമായ മോഹിത് ചൗധരി (35)യാണ് വിഷം കഴിച്ചത്.
അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. പല്ലവ്പുരം പ്രദേശത്തെ ചുമതലകൾ വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ്. മോഹിത് ഏൽപ്പിച്ച ജോലിയുടെ 70 ശതമാനത്തിലധികം പൂർത്തിയാക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി ഗർ റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹിതിന്റെ നില ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ലോക്പ്രിയ ആശുപത്രിയിലേക്ക് റഫർ ചെയ്തു.
അമിത ജോലിഭാരവും സമ്മർദ്ദവും കാരണം നിരവധി ദിവസങ്ങളായി കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഫോമുകളുടെ പുരോഗതിയെച്ചൊല്ലി തഹസിൽ ലെവൽ സൂപ്പർവൈസർ ആശിഷ് ശർമ്മ ഇദ്ദേഹത്തെ നിരന്തരം സമ്മർദ്ദത്തിലാക്കി. സസ്‌പെൻഷനും നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ ശേഷം മോഹിത് കീടനാശിനി കഴിക്കുകയായിരുന്നു.








0 comments