ക്രെംലിൻ ചർച്ച പൂർത്തിയായി, കരാറിലേക്ക് ഇനിയും ദൂരമെന്ന് പുടിന്റെ ഉപദേഷ്ടാവ്

മോസ്കോ: റഷ്യ ഉക്രെയ്‌ൻ സാമാധാന കരാറിനായി ക്രെംലിനിൽ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ച പൂർത്തിയായി. റഷ്യയുടെയും യുഎസിന്റെയും ചർച്ചകൾ ഫലപ്രദമായിരുന്നു, പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടെന്നാണ് ഇത് സംബന്ധിച്ച് പ്രസിഡന്റ് പുടിന്റെ മുതിർന്ന ഉപദേഷ്ടാവായ യൂറി ഉഷാക്കോവ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
സമാധാനത്തിനായുള്ള പുതുക്കിയ 28-പോയിന്റ് പദ്ധതിക്ക് പുറമെ, ഇതുവരെ ഇല്ലാത്ത നാല് അധിക രേഖകൾ കൂടി വിഷയമായതായി ഉഷാകോവ് കൂട്ടിച്ചേർത്തു. നാലുവർഷത്തോളമായി തുടരുന്ന യുദ്ധത്തിന് അറുതിവരുത്തുന്ന കാരാറിനായി ഈ ചർച്ചയിൽ പ്രായോഗിക പദ്ധതികൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.
സമാധാന കരാറിൽ മധ്യസ്ഥതയ്ക്ക് ട്രംപ് ഭരണകൂടം നടത്തിയ നീക്കങ്ങളുടെ ഭാഗമായായിരുന്നു ചർച്ച. പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്‌നറും ക്രെംലിനിൽ നടത്തിയ കൂടിക്കാഴ്ച അഞ്ച് മണിക്കൂർ നീണ്ടു. ബുധനാഴ്ച പുലർച്ചയോടെ പൂർത്തിയായി. ചർച്ചകളുടെ സാരാംശം വെളിപ്പെടുത്തിയിട്ടില്ല. ഇനിയും കാര്യങ്ങൾ ബാക്കി എന്ന സൂചനയാണ് റഷ്യ നൽകിയത്.
ഫ്ലോറിഡയിൽ ഒരു ഉക്രേനിയൻ സംഘവുമായി യുഎസ് ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ മാസം പ്രസിദ്ധപ്പെടുത്തിയ ട്രംപിന്റെ സമാധാന പദ്ധതിയാണ് ഈ ശ്രമത്തിന്റെ കേന്ദ്രബിന്ദു.
Related News
മോസ്കോ ചർച്ചകളുടെ ഫലത്തെ അടിസ്ഥാനമാക്കിയാവും തങ്ങൾ ഈ പ്രക്രിയയെ വിലയിരുത്തുകയെന്ന് ചൊവ്വാഴ്ച ഡബ്ലിനിൽ സംസാരിക്കവെ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പ്രതികരിച്ചിരുന്നു.
"എളുപ്പമുള്ള പരിഹാരങ്ങളൊന്നും ഉണ്ടാകില്ല. എല്ലാം നീതിയുക്തവും തുറന്നതുമായിരിക്കേണ്ടത് പ്രധാനമാണ്, അതിനാൽ ഉക്രെയ്‌നിന്റെ പിന്നിൽ ഒരു കളിയും ഉണ്ടാകില്ല," സെലെൻസ്‌കി പറഞ്ഞു. മോസ്കോയിലെ യുഎസ് പ്രതിനിധി സംഘത്തിൽ നിന്ന് തന്റെ സർക്കാർ ദ്രുത അപ്‌ഡേറ്റുകൾ കാത്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞത് പ്രതീക്ഷ ഉയർത്തിയിരുന്നു.
റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം യുദ്ധം ഏകദേശം നാല് വർഷം പിന്നിട്ടപ്പോൾ ഉക്രേനിയൻ പ്രദേശത്തിന്റെ 19 ശതമാനത്തിലധികം റഷ്യൻ നിയന്ത്രണത്തിലാണ്. ഏകദേശം 115,600 ചതുരശ്ര കിലോമീറ്റർ, രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ ഒരു ശതമാനം പോയിന്റിന്റെ വർദ്ധനവ്.









0 comments