രാഹുലിനെക്കുറിച്ച് ചോദ്യം വേണ്ട; മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോൺഗ്രസുകാർ

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം തേടുന്നതിനിടെയാണ് ഒരുസംഘം കോൺഗ്രസ് പ്രവർത്തകർ മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്.
പാലക്കാട് കുത്തനൂരിലാണ് സംഭവം. കൈരളി റിപ്പോർട്ടർ സച്ചിൻ വള്ളിക്കാടിനെ ഉൾപ്പെടെ മർദിക്കാൻ ശ്രമം നടന്നു. തടയാൻ ശ്രമിച്ച മറ്റു ചാനൽ റിപ്പോർട്ടർമാരെ പിടിച്ചു തള്ളി. രമേശ് ചെന്നിത്തലയെ സംസാരിക്കാൻ പോലും സമ്മതിക്കാതെ ആയിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആക്രോശം.
യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി അടച്ചിട്ടമുറിയിൽ പരിഗണിക്കുമ്പോഴാണ് കോൺഗ്രസുകാർ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തത്. ലൈംഗികാതിക്രമത്തിനിരയായതായി യുവതി മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെ നൽകിയ പരാതിയിലാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഒന്നാംപ്രതിയും ഗർഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂർ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിട്ടുള്ളത്.








0 comments