രാഹുലിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് അടച്ചിട്ട മുറിയിൽ

തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി അടച്ചിട്ടമുറിയിൽ പരിഗണിക്കും. സ്വകാര്യത മാനിച്ച് ജാമ്യഹർജി അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് തീരുമാനം. തിരുവനന്തപുരം സെക്ഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹർജിയിൽ ഉടൻ വാദം കേൾക്കും.
ലൈംഗികാതിക്രമത്തിനിരയായതായി യുവതി മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെ നൽകിയ പരാതിയിലാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഒന്നാംപ്രതിയും ഗർഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂർ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനുതന്നെ കുരുക്കാകും. അതിജീവിതയുമായി പലതവണ ലൈംഗിക ബന്ധമുണ്ടായെന്നും തന്റെ ഫോൺ കോളുകൾ, ചാറ്റുകൾ എന്നിവ യുവതി റെക്കോഡ് ചെയ്ത് സൂക്ഷിച്ചെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഇതോടെ പുറത്തുവന്ന ശബ്ദം എഐ ആണെന്നും രാഹുലിന്റേത് അല്ലെന്നും ന്യായീകരിച്ചവരുടെ വാദങ്ങൾകൂടിയാണ് തകർന്നടിയുന്നത്.








0 comments