രൂപയുടെ മൂല്യം സർവ്വകാല താഴ്ചയിൽ, ആദ്യമായി ഡോളറിനെതിരെ 90 കടന്നു

മുംബൈ:യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് 90 നും താഴെയെത്തി. രാവിലത്തെ വ്യാപാരത്തിൽ 6 പൈസ ഇടിഞ്ഞ് രൂപയുടെ ചരിത്രത്തിൽ ആദ്യമായി 90.02 നിലയിലേക്ക് കൂപ്പുകുത്തി.
ഗ്രീൻബാക്കിനെതിരെ 89.96 ൽ തുറന്ന രൂപ, 90.15 എന്ന റെക്കോർഡ് താഴ്ചയിലേക്ക് എത്തി. തുടർന്ന് 90.02 എന്ന നിലയിലാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. മുൻ ക്ലോസിനേക്കാൾ 6 പൈസ കുറഞ്ഞു.
ബാങ്കുകൾ ഉയർന്ന തലങ്ങളിൽ യുഎസ് ഡോളർ വാങ്ങുന്നത് തുടരുകയും എഫ്‌ഐഐ ഒഴുക്ക് തുടരുകയും ചെയ്തതായാണ് കാരണമായി പറയുന്നത്.
ചൊവ്വാഴ്ച തന്നെ യുഎസ് ഡോളറിനെതിരെ 43 പൈസ ഇടിഞ്ഞ് 89.96 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു. ഊഹക്കച്ചവടക്കാരിൽ നിന്നുള്ള ഷോർട്ട് കവറിംഗ് തുടരുന്നതും അമേരിക്കൻ കറൻസിക്ക് ഇറക്കുമതിക്കാരിൽ നിന്നുള്ള സ്ഥിരമായ ഡിമാൻഡ് കാരണവുമാണ് ഇതെന്ന് വിശദീകരിക്കപ്പെട്ടു.
വിശദീകരണങ്ങൾക്ക് അപ്പുറം രൂപയുടെ മൂല്യം ദുർബലമായിക്കൊണ്ടിരിക്കുന്ന പ്രവണത തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡോളറിന് നല്ല വില നിലനിർത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ഡോളർ സൂചിക ദുർബലമായിട്ടും രൂപയുടെ ഈ ഇടിവ് തുടരുന്നതാണ് സമീപകാല കാഴ്ച.
ആറ് കറൻസികളുടെ കൂട്ടത്തിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.13 ശതമാനം ഇടിഞ്ഞ് 99.22 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.03 ശതമാനം ഇടിഞ്ഞ് ബാരലിന് 62.43 യുഎസ് ഡോളറിലെത്തി.
ആഭ്യന്തര ഓഹരി വിപണിയിൽ, സെൻസെക്സ് 165.35 പോയിന്റ് ഇടിഞ്ഞ് 84,972.92 എന്ന നിലയിലും നിഫ്റ്റി 77.85 പോയിന്റ് ഇടിഞ്ഞ് 25,954.35 എന്ന നിലയിലും വ്യാപാരം നടത്തി.
തുടരുന്ന വീഴ്ച
രൂപയുടെ ഈ തകർച്ച പെട്ടെന്നുള്ള ഒരു പതനമല്ല. 2025-ൽ ഉടനീളം ക്രമേണയുള്ള മൂല്യത്തകർച്ചയായിരുന്നു. ഇടയ്ക്കിടെയുള്ള തിരിച്ചുവരവ് സൂചനകൾ സ്ഥിരമാക്കി നിലനിർത്താൻ കഴിഞ്ഞില്ല.
2025 ന്റെ തുടക്കത്തിൽ (ജനുവരി–ഫെബ്രുവരി) രൂപ ദുർബലമാകാൻ തുടങ്ങി. 2025 ജനുവരി പകുതിയോടെ നിരക്ക് ഒരു USD-ന് ₹86.70 ആയി താഴ്ന്നു. മാർച്ച് 10 ന് 30 പൈസ ഇടിഞ്ഞ് ~₹87.25 ആയി.
സെപ്തംബറിൽ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി - ₹88.79 ന് അടുത്തായി മാറ്റമില്ലാതെ നിന്നു. നവംബർ 21 ന് ₹89.49/USD ആയി കുറഞ്ഞു. നവംബർ അവസാനം തിരിച്ചു വരവിന്റെ സൂചന നൽകി. ചില ദിവസങ്ങളിൽ ₹89.26–₹89.28 ന് ഇടയിലാണ് രൂപ വ്യാപാരം നടത്തിയത്. പക്ഷെ ഇതിനെ നിലനിർത്താൻ കഴിഞ്ഞില്ല. ഡിസംബറോടെ 90 കടന്നു താഴേക്ക് പതിച്ചു.








0 comments