തുണയായി സിറ്റി പൊലീസും ഗവ. മെഡിക്കൽ കോളേജും
രമേഷിന് ഉറ്റവരുടെ തണലിലേക്ക് മടക്കം

രമേഷിനെ തിരികെ കൊണ്ടുപോകാൻ ബന്ധുക്കൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോൾ
ശ്രീകാന്ത് പാണപ്പുഴ
Published on May 04, 2026, 02:00 AM | 1 min read
പരിയാരം
കാണാൻ കൊതിച്ച മുഖങ്ങൾ ഒരുവർഷത്തിനുശേഷം മുന്നിലെത്തിയപ്പോൾ ആത്മനിർവൃതിയുടെ കണ്ണീരണിഞ്ഞ് രമേഷ്. തമിഴ്‌നാട് മധുര സ്വദേശി രമേഷിന് (56) ഒരുവർഷത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കണ്ണൂർ സിറ്റി പൊലീസും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് അധികൃതരും ചേർന്നാണ് സ്വന്തം കുടുംബത്തിന്റെ തണലൊരുക്കിയത്. മധുര വിശാലാക്ഷിപുരം സ്ട്രീറ്റ് നമ്പർ ഒന്നിൽ താമസിക്കുന്ന രമേഷ് ഒരു വർഷം മുമ്പാണ് പാലക്കാട് ഒരു ബാൻഡ് മേളത്തിൽ പങ്കെടുക്കാനായെത്തിയത്. എന്നാൽ മടക്കയാത്രയിൽ കൂട്ടുകാർക്കൊപ്പം രമേഷ് ഉണ്ടായിരുന്നില്ല. വീട്ടുകാരും തമിഴ്നാട് പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാനസികാസ്വാസ്ഥ്യത്തോടെ പലയിടങ്ങളിലായി അലഞ്ഞുതിരിഞ്ഞ രമേഷ് ആഴ്‌ചകൾക്കുമുമ്പ് അസുഖബാധിതനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടെ ആരുമില്ലാതെ 21 ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ രമേഷിന് ആശുപത്രിയിലെ സോഷ്യൽ സയന്റിസ്റ്റ് കെ ശാലിനിയുടെ കരുതലാണ് തുണയായത്. ഇവരുടെ ഇടപെടലിലൂടെ രമേഷിന്റെ കുടുംബത്തെ കണ്ടെത്താനുള്ള ദൗത്യം കണ്ണൂർ സിറ്റി പൊലീസ് എസ്‌ഐ രഞ്ജിത്ത് ഏറ്റെടുത്തു. രമേഷ് നൽകിയ അപൂർണമായ വിവരങ്ങൾ പിന്തുടർന്ന് മധുരയിലെ തല്ലാകുളം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് രമേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയത് എസ്‌ഐ അറിയുന്നത്. അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ മധുര ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരിക്കുകയാണെന്നും തമിഴ്നാട് പൊലീസ് അറിയിച്ചു. പൊലീസ് നൽകിയ വിവരമനുസരിച്ച് മകൻ വിജയും ബന്ധുക്കളായ രഞ്ജിത്ത് കുമാർ, മുരുകൻ,സുന്ദരരാജ എന്നിവരും ഞായറാഴ്ച മെഡിക്കൽ കോളേജിലെത്തി. ആശുപത്രി അധികൃതർ നടപടിക്രമങ്ങൾ പൂർത്തിയാക്കി രമേഷിനെ ഡിസ്ചാർജ് ചെയ്തു. ഒരുവർഷമായി തങ്ങൾ കാത്തിരുന്നയാളെ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു മകനും ബന്ധുക്കളും. മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും സോഷ്യൽ സയന്റിസ്റ്റ് ശാലിനിക്കും സാമൂഹിക പ്രവർത്തകൻ റിയാസിനും കണ്ണൂർ പൊലീസിനും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് സംഘം മധുരയിലേക്ക് മടങ്ങിയത്.










0 comments