ad
Deshabhimani

സൂ സഫാരി പാർക്ക്

252 ഏക്കർ ഭൂമി മ്യൂസിയം 
മൃഗശാല വകുപ്പിന് കൈമാറി

എം വി ഗേവിന്ദൻ മാസ്റ്റർ
വെബ് ഡെസ്ക്

Published on Jul 20, 2025, 12:55 AM | 1 min read

തളിപ്പറമ്പ്

തളിപ്പറമ്പ് നാടുകാണിയിലെ നിർദിഷ്ട സൂ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള 252. 8 ഏക്കർ ഭൂമി സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറി സർക്കാർ ഉത്തരവായി. തളിപ്പറമ്പ് -ആലക്കോട് സംസ്ഥാന പാതയോടുചേർന്ന് പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് പാർക്ക്‌ സ്ഥാപിക്കുക. തളിപ്പറമ്പ് താലൂക്കിലെ കൂവേരി ദേശത്ത് 182/1എ1 സി , പടപ്പേങ്ങാട് ദേശത്ത് 13/1 എ 1 , 13/ 1 എ 3, പന്നിയൂർ ദേശത്ത് 1/1, 1/3 സർവേ നമ്പറുകളിലായാണ് ഈ ഭൂമി. പ്ലാന്റേഷൻ കോർപ്പറേഷന് ഭൂമിക്ക് 42. 65കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വെള്ളിയാഴ്ച ഇറക്കിയ 223/ 2025/ ആർഡി നമ്പർ ഉത്തരവിലുണ്ട്. അതോടൊപ്പം ഭൂമി കൈമാറുന്നതുവഴി തൊഴിൽ നഷ്ടമാകുന്ന കോർപ്പറേഷൻ തൊഴിലാളികളെ സൂ സഫാരി പാർക്കിൽ ആഗിരണം ചെയ്യുകയുംവേണം. നേരത്തെ എം വി ഗോവിന്ദൻ എംഎൽഎ മുഖേന പദ്ധതിക്കായി വിശദമായ ഡിപിആർ തയ്യാറാക്കുന്നതിന് രണ്ടുകോടി രൂപ സർക്കാർ ബജറ്റിൽ അനുവദിച്ചിരുന്നു. ഡിപിആർ തയ്യാറാക്കുന്നതും മറ്റും പ്രവർത്തനങ്ങൾക്കുമായി സ്പെഷ്യൽ ഓഫീസറെ നിയമിക്കുന്നതുൾപ്പെടെയുള്ളവ ഉടനുണ്ടാകും. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്‌ക്ക്‌ പുത്തനുണർവേകുന്നതായിരിക്കും സൂ സഫാരി പാർക്ക്. മൃഗങ്ങളെ കണ്ടുകൊണ്ടുള്ള സഫാരിയാകും പ്രധാന ആകർഷണം. ഇതിനൊപ്പം മ്യൂസിയവും ബയോളജിക്കൽ പ്ലാന്റേഷനുമുണ്ടാകും. നിലവിലുള്ള പ്രകൃതി അതേപടി നിലനിർത്തി സ്വാഭാവിക വനവൽക്കരണം നടത്തിയാകും രൂപകൽപ്പന.

നാടിന്റെ മുഖഛായ മാറും

ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രമായി കേരളം ഇതിനകം ലോകശ്രദ്ധ നേടിയിട്ടുണ്ട്. അതിലേക്ക് സുപ്രധാനമായ ചുവടുവയ്പാണ് തളിപ്പറമ്പ് നാടുകാണിയിലെ സൂ സഫാരി പാർക്കെന്ന് എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു. പാർക്കിനുള്ള ഭൂമി കൈമാറിക്കൊണ്ട് ഉത്തരവായി. വളരെ വേഗത്തിലാണ് കാര്യങ്ങളെല്ലാം നടന്നത്. പാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഉടൻ കൈവരിക്കും. തളിപ്പറമ്പിനെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന തെയ്യം മ്യൂസിയം, കരിമ്പം ഫാം ടൂറിസം, വെള്ളിക്കീൽ ടൂറിസം തുടങ്ങിയ അഭിമാന പദ്ധതികൾക്കൊപ്പം സൂ സഫാരി പാർക്കും യാഥാർഥ്യമാകുന്നതോടെ നാടിന്റെ മുഖഛായ മാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home