ചക്കരക്കൽ ബിൽഡിങ് മെറ്റീരിയൽ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് ഡിസിസി സെക്രട്ടറിയുടെ മുൻകൂർ ജാമ്യഹർജി തള്ളി


സ്വന്തം ലേഖകൻ
Published on Dec 13, 2025, 02:00 AM | 2 min read
തലശേരി
കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചക്കരക്കല്ലിലെ കണ്ണൂർ ജില്ല ബിൽഡിങ് മെറ്റീരിയൽ സഹകരണ സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പ് കേസിൽ ഡിസിസി സെക്രട്ടറിയായ സൊസൈറ്റി പ്രസിഡന്റ് കെ സി മുഹമ്മദ് ഫൈസലും 9 ഡയറക്ടർമാരും നൽകിയ മുൻകൂർ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. സഹകരണ മേഖലയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുൻകൂർ ജാമ്യഹർജി തള്ളികോടതി അഭിപ്രായപ്പെട്ടു. മുൻകൂർ ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ഇടയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. മുൻകൂർ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകലാകും. സഹകരണ മേഖലയിൽ നാട് അർപ്പിച്ച് വിശ്വാസത്തെയും അത് ബാധിക്കും. കോടികളുടെ നഷ്‌ടം സംഭവിച്ച ഗൗരവമുള്ള കേസാണിതെന്നും കസ്‌റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടത് ഒഴിവാക്കാനാവാത്താണെന്നും കോടതി നിരീക്ഷിച്ചു. നാലുമുതൽ ഒന്പതുവരെ പ്രതികളായ പാതിരിയാട് കല്യാണിൽ ജനാർദനൻ പടന്നക്കണ്ടി, തലമുണ്ട ശ്രീലകത്തിൽ കെ സുധാകരൻ, കീഴല്ലൂർ സുഖവാസിൽ കെ ഷാജി, ഓടത്തിൽപീടിക ഓടത്തിൽ ഹൗസിൽ സി പി ഗിരിജ, കണയന്നൂർ പണ്ടാരവളപ്പിൽ ഹൗസിൽ കെ സുരജ, മുഴപ്പാല ജെറി നിവാസിൽ സി എൻ പത്മജ, 11 മുതൽ 13വരെ പ്രതികളായ മാന്പ സരോവരത്തിൽ കെ പി രമേശൻ, മൗവ്വഞ്ചേരി ചന്ത്രോത്ത് ഹൗസിൽ സി മുകുന്ദൻ , കൊളോളം ഐശ്വര്യയിൽ ടി വി ജയപ്രകാശൻ എന്നിവരാണ് മുൻകൂർ ജാമ്യഹർജി നൽകിയ മറ്റുള്ളവർ. ആറ് കേസിലാണ് മുൻകൂർ ജാമ്യഹർജി നൽകിയത്. സാധാരണ ജനങ്ങൾ നിക്ഷേപിച്ച എട്ടുകോടി നാലുലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസാണിതെന്ന് മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചപ്പോൾ പ്രോസിക്യൂട്ടർ കെ അജിത്‌കുമാർ ബോധിപ്പിച്ചു. 18 പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കേസിൽ മൂന്നാംപ്രതിയാണ് ഡിസിസി സെക്രട്ടറി. സൊസൈറ്റി സെക്രട്ടറി ഇരിവേരി കളപ്പുരയിൽഹൗസിൽ ഇ കെ ഷാജി, അറ്റൻഡർ പടുവിലായിയിലെ കെ കെ ശൈലജ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. പത്താംപ്രതി മക്രേരി ശ്രീപത്മത്തിൽ വി വി ഷാജിൽ ഹർജി നൽകിയില്ല. സൊസൈറ്റിയിലെ സാമ്പത്തിക ക്രമക്കേട് 2023–-24ലെ സഹകരണവകുപ്പ് ഓഡിറ്റിലാണ് കണ്ടെത്തിയത്. സെക്രട്ടറി ഷാജി 7,83,98,000 രൂപയുടെയും ജീവനക്കാരി 21 ലക്ഷം രൂപയുടെയും തിരിമറി നടത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. കൂടുതൽ നിക്ഷേപകർ കോടതിയെ സമീപിച്ചതോടെയാണ് മുൻകൂർ ജാമ്യം തേടി ഡിസിസി സെക്രട്ടറിയും ഡയറക്ടർമാരും കോടതിയിലെത്തിയത്.










0 comments