സൂപ്പറാണ് ഈ സൂപ്പർ സ്‌പെഷ്യാലിറ്റി

കണ്ണൂർ
ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി 76 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന കെട്ടിടവും സൗകര്യവും ഇവിടെ ഉയർന്നുകഴിഞ്ഞു. ജില്ലയിലെ ആരോഗ്യമേഖലയിലെ വലിയ ചുവടുവയ്‌പാകും ഈ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്. എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യമേഖലയിലെ ഇടപെടലുകൾ ജില്ലാ ആശുപത്രിയിലെത്തുന്നവർക്കെല്ലാം ആശ്വാസമേകുന്നു. അഞ്ചുനിലയിലുള്ള കെട്ടിടത്തിൽ കാർഡിയോളജി, യൂറോളജി, ന്യൂറോളജി ഒപികളുണ്ടാകും. കാത്ത് ലാബ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, മൂന്ന് ഓപ്പറേഷൻ തിയറ്റർ, പോസ്‌റ്റ് ഓപറേറ്റീവ് വാർഡ്, ന്യൂറോളജി, യൂറോളജി ഐസിയുകൾ, ഡയാലിസിസ് യൂണിറ്റ്, 18 സ്‌പെഷ്യൽ വാർഡുകൾ, പേ വാർഡുകൾ എന്നിവയുമുണ്ടാകും. ശുദ്ധജല ശേഖരണ സംവിധാനം, സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ആന്തരിക റോഡുകൾ, കോംപൗണ്ട് വാൾ എന്നിവയും നിർമിച്ചു. അനുവദിച്ചതിൽ ബാക്കിവന്ന 15 കോടി വിനിയോഗിച്ച് ഒരു അഞ്ചുനില കെട്ടിടംകൂടി പണിയാനും പദ്ധതിയുണ്ട്. ആശുപത്രി ക്യാന്റീന് മുൻവശത്താണ് പുതിയ കെട്ടിടം ഉയരുക. നിലവിൽ ഒപികൾ പ്രവർത്തിക്കുന്ന പ്രധാനകെട്ടിടവും നവീകരിക്കും. അറ്റകുറ്റപ്പണിക്കായി 60 ലക്ഷം ജില്ലാ പഞ്ചായത്ത് നൽകി. കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാനായി 45 ലക്ഷം രൂപ ചെലവഴിച്ച് കൂട്ടിരിപ്പുകേന്ദ്രം നിർമിച്ചിട്ടുണ്ട്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രാദേശിക വികസനഫണ്ടിൽന്നാണ് ഈ തുക. പ്രതിദിനം മൂവായിരത്തിലേറെ രോഗികൾ പ്രതിദിനം ആയിരത്തിനും അഞ്ഞൂറിനുമിടയിലായിരുന്നു നേരത്തേ ഒപിയിൽ രോഗികൾ എത്തിയിരുന്നത്. ഇന്നത് മൂവായിരത്തിലേറെയായി. മെഡിസിൻ, ജനറൽ, ഓർത്തോ, ഗൈനക്, ഡെന്റൽ, സൈക്യാട്രി, നെഫ്രോളജി, കാർഡിയോളജി, ചെസ്‌റ്റ്, ഇഎൻടി, സ്‌കിൻ, പീഡിയാട്രിക്, സർജറി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ തുടങ്ങിയ ഒപികൾക്കുപുറമേ കൗമാര ക്ലിനിക്, ജീവിതശെെലീ രോഗക്ലിനിക്, ട്രോമാകെയർ, ബ്ലഡ് ബാങ്ക് എന്നിവയും മകച്ച നിലയിൽ പ്രവർത്തിക്കുന്നു. കാത്തുവയ്‌ക്കും ഹൃദയം ലക്ഷങ്ങൾ ചെലവുവരുന്ന ഹൃദയ ശസ്‌ത്രക്രിയ അർഹർക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ലഭ്യമാക്കാൻ കഴിയുന്നുവെന്നതാണ് ജില്ലാ ആശുപത്രിയിൽ സജ്ജീകരിച്ച കാത്ത്‌ലാബിന്റെ നേട്ടം. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്‌റ്റി ശസ്‌ത്രക്രിയ ചെയ്‌തവരിൽ ഭൂരിഭാഗം പേർക്കും സൗജന്യസേവനം ലഭിച്ചു. എട്ടുകോടി ചെലവിലാണ് കാത്ത് ലാബ് ഒരുക്കിയത്. കുട്ടികൾക്കായി ഓക്‌സിജൻ സപ്പോർട്ട് വാർഡ് കോവിഡ് നൽകിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ സപ്പോർട്ട് വാർഡ് ഒരുങ്ങിയത്. ദേശീയ ആരോഗ്യ ദൗത്യം വഴി എമർജൻസി കോവിഡ് റെസ്‌പോൺസ് പാക്കേജിന്റെ ഭാഗമായി 51 ലക്ഷം രൂപ ചെലവിട്ടാണ് നിർമിച്ചത്. രണ്ടുകോടിയോളം രൂപ വിനിയോഗിച്ച് ജില്ലാ പഞ്ചായത്താണ് വാർഡിന് ഭൗതികസാഹചര്യമൊരുക്കിയത്. 500 ലിറ്റർ പെർ മിനിറ്റ് ഉൽപ്പാദനശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ് നിലവിൽവന്നതോടെ ഓക്സിജൻ വിതരണത്തിലും സ്വയംപര്യാപ്തത നേടി.









0 comments