പരിഹാസ്യനായി പയ്യന്നൂർ എംഎൽഎ
ധനരാജിനെ കൊന്നതറിഞ്ഞില്ല; രാജേഷ് മരിച്ചതും

കണ്ണൂർ
പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നേതാവ് സി വി ധനരാജിനെ ആർഎസ്‌എസ്സുകാർ കൊലപ്പെടുത്തിയത്, അപ്പോൾ അറിയാത്ത ജില്ലയിലെ ഒരേയൊരാളാകും ഇപ്പോഴത്തെ പയ്യന്നൂർ എംഎൽഎ! ക്രൂരമായ കൊലപാതകത്തിൽ ഞെട്ടി, 2016 ജൂലൈ 11ന് രാത്രി കുന്നരുവിൽ എത്താത്ത സിപിഐ എം പ്രവർത്തകരുണ്ടായിരുന്നില്ല. അന്ന് സിപിഐ എം നേതാവായിരുന്ന, ഇപ്പോഴത്തെ എംഎൽഎ ആ ഭാഗത്ത് പോയതേയില്ല. ആ സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയാണ്. അതിന് മറുപടിയായി ‘ഞാനറിഞ്ഞില്ല, എന്നെ ആരും ഫോണിൽ ക്ഷണിച്ചില്ല’ തുടങ്ങിയ വിചിത്ര ന്യായങ്ങളാണ് എംഎൽഎ പറയുന്നത്. പയ്യന്നൂരിന്റെ എല്ലാക്കാലത്തെയും തീവ്രവേദനയാണ് ധനരാജ് വധം. അതിനെ എത്രമാത്രം നിസ്സാരമായാണ് അന്നുമുതലെ വി കുഞ്ഞികൃഷ്‌ണൻ കണ്ടതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന് തന്നെ വ്യക്തം. ജയിച്ചശേഷം, ധനരാജിന്റെ കൊലയാളികളായ ആർഎസ്‌എസ്സുകാർ തന്നെ എംഎൽഎയെ പുകഴ്‌ത്തുന്നതും നാട്ടുകാർ കണ്ടു. ചെറുപുഴയിൽ രക്ഷാപ്രവർത്തകൻ രാജേഷ് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചപ്പോഴും സമാന നിലപാടാണ് എംഎൽഎ എടുത്തത്. രാജേഷ് മരിച്ച കാര്യം ലോകമാകെ സങ്കടത്തോടെ ചർച്ച ചെയ്തപ്പോഴൊന്നും എംഎൽഎ ആ ഭാഗത്ത് എത്തിയിട്ടേയില്ല. പിറ്റേന്നാണ് താനറിഞ്ഞത് എന്ന പരിഹാസ്യവാദം ഇവിടെയും ഉന്നയിച്ചു. ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിന്റെ മൃതദേഹം കയറ്റിവിട്ട സംഭവത്തിലും താനൊന്നുമറിഞ്ഞില്ലെന്നാണ് കുഞ്ഞികൃഷ്‌ണൻ പ്രതികരിച്ചത്. വിളിച്ചാൽ ഫോണെടുക്കാറില്ലെന്ന് ഇൗയിടെ ആരോപിച്ചതും എംഎൽഎയുടെ സ്വന്തക്കാരനായ എം കെ നാരായണനാണ്. പണം കടം ചോദിക്കാനല്ല താങ്കളെ വിളിച്ചത് എന്നും നാരായണൻ ക്ഷോഭത്തോടെ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കുഞ്ഞികൃഷ്‌ണനായി ഏറെ പ്രചാരണം നടത്തിയയാളാണിദ്ദേഹം. ജനപ്രതിനിധിയെന്ന നിലയിൽ ഒരുകാര്യത്തിലും ഇടപെടുന്നില്ലെങ്കിലും, സിപിഐ എമ്മിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ നൂറുനാവാണ് കുഞ്ഞികൃഷ്‌ണന്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചെയർമാനായ ചാനലാണ് എംഎൽഎയുടെ മുഖമാധ്യമം. സിപിഐ എമ്മിനെതിരെയാണെങ്കിൽ മിനിറ്റുകൾ വച്ച് പ്രതികരണം നൽകാനും കുഞ്ഞികൃഷ്‌ണൻ സജീവം. വീട്ടിൽ മാധ്യമപ്പടയെ തന്നെ ഇതിനായി നിർത്തും. എന്നാലോ; എംഎൽഎ എന്ന നിലയിൽ സ്വന്തക്കാർ വിളിച്ചാൽപോലും എടുക്കാൻ മടിയുള്ളത്ര കാപട്യമാണ് കാട്ടുന്നതെന്നും നാട്ടുകാർ പറയുന്നു.









0 comments