എന്നുവരും ആ സ്വപ്‌നപാത

തലശേരി റെയിൽവേ സ്റ്റേഷനിലെ ജലസംഭരണി
പി ദിനേശൻ
Published on Jul 17, 2026, 02:00 AM | 2 min read
തലശേരി
കോഴിക്കോടുനിന്ന് പ്രസിദ്ധീകരിച്ച ‘സത്യനാദം’ പത്രത്തിൽ 1905ൽ തലശേരി–മൈസൂരു പാത നിർമാണം ആരംഭിച്ചതായി വാർത്തയുണ്ടായിരുന്നു. ‘തലശേരി തലശ്രീ’യാവുമെന്ന തലക്കെട്ടുമായാണ് ആ വാർത്ത വന്നത്. നിർമാണം ആരംഭിച്ചുവെന്നതിന്റെ നന്പർ വൺ തെളിവാണ് ഇരിട്ടി വള്ളിത്തോട് പിൽകാലത്ത് കണ്ടെത്തിയ ട്രാക്കിന്റെ അവശിഷ്‌ടങ്ങൾ. ഒന്നാം ലോക മഹായുദ്ധമാണ് മൈസൂരു പാത പാതിവഴിയിൽ അവസാനിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ലോകസഭയിൽ എ കെ ജിയും നെട്ടൂർ പി ദാമോദരനും തലശേരി–മൈസൂരു പാതയ്‌ക്കായി ശബ്ദമുയർത്തിയതാണ്. ‘അനുഭവച്ചുരുളുകൾ’ ആത്മകഥയിൽ നെട്ടൂർ പി ദാമോദരൻ അന്നത്തെ റെയിൽമന്ത്രി ലാൽ ബഹദൂർ ശാസ്‌ത്രി തലശേരി മൈതാനിയിൽ മൈസൂരു പാത പ്രഖ്യാപിച്ചത് പരാമർശിക്കുന്നുണ്ട്. തലശേരിക്കാർക്കും മലബാറുകാർക്കും തലശേരി–മൈസൂരു റെയിൽവേ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഇൗ പര്യടനത്തിൽ തനിക്ക് മനസ്സിലായിട്ടുണ്ടെന്നും സർവേ ജോലി ഉടൻ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി പ്രഖ്യാപനം നടത്തി 71 വർഷമായിട്ടും മൈസൂരു പാത സർവേയിൽ കുടങ്ങികിടക്കുന്നു. കൊങ്കൺ റെയിൽവേ 2021ൽ നടത്തിയ സർവേയാണ് ഒടുവിലത്തേത്. കേന്ദ്രത്തിന്റെയും കർണാടകത്തിന്റെയും ഉടക്കിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴും ഇൗ സ്വപ്‌ന പാത. തലശേരിയുടെ തലവരമാറും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാൻ 2017- ൽ പ്രധാനമന്ത്രി വന്നപ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച നിവേദനത്തിൽ പ്രധാന പദ്ധതിയായി നിർദേശിച്ചത് തലശേരി–-മൈസൂരു പാതയായിരുന്നു. മൊത്തം ചെലവിന്റെ 51ശതമാനം സംസ്ഥാനം വഹിക്കാനുള്ള സന്നദ്ധതയും അറിയിച്ചു. പാത വരുന്നതോടെ തലശേരി ജങ്‌ഷനായി വികസിക്കുന്നതിനൊപ്പം മലബാറിലെ പ്രധാന സ്‌റ്റേഷനായും വളരുമായിരുന്നു. നിലവിൽ ഷൊർണൂർ വഴി ബംഗളൂരുവിലേക്ക് 12 മണിക്കൂർ വേണം. പുതിയ പാത വന്നാൽ നാലുമണിക്കൂർ കൊണ്ട് മൈസൂരുവിലെത്താം. അവിടെ ന്ന് മൂന്നുമണിക്കൂറിൽ ബംഗളൂരുവിലേക്കും. കൊങ്കൺ പാതയിൽ മൺസൂൺ കാലത്ത് മണ്ണിടിയുന്പോൾ സമാന്തര പാതയായും മൈസൂരു റെയിൽ ഉപയോഗിക്കാം. കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം, മലബാർ കാൻസർ സെന്റർ, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ഏഴിമല നാവിക അക്കാദമി എന്നിവിടങ്ങളിലേക്ക് മൈസൂരുവിൽനിന്ന് എളുപ്പമെത്താനുമാവും. ചരക്കുഗതാഗതത്തിനും സാധ്യത ഏറെ. പൈതൃക നഗരിയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കും വർധിക്കും. നവീകരണമില്ലാതെ ജലസംഭരണി യാത്രക്കാർക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന സ്‌റ്റേഷനിലെ ജലസംഭരണി കാലപ്പഴക്കത്താൽ തകർച്ചയുടെ വക്കിലാണ്. പതിറ്റാണ്ടുകൾക്ക് മുന്പ് നിർമിച്ച 17,500 ലിറ്റർ ശേഷിയുള്ള ജലസംഭരണിയിൽ തന്നെയാണ് ഇപ്പോഴും വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത്. നിലവിലുള്ള ആവശ്യത്തിനനുസരിച്ച് വെള്ളം ശേഖരിച്ചുവയ്‌ക്കാനാവശ്യമായ പുതിയ സംഭരണിക്കൊപ്പം പുതിയൊരു കിണറും സ്‌റ്റേഷനിൽ ആവശ്യമാണ്. മൂന്നാമത് പ്ലാറ്റ്‌ഫോം, ലൂപ് ലൈൻ മാറ്റം ഉൾപ്പെടെ തലശേരിക്ക് മാറാൻ ഇനിയുമേറെയുണ്ട്. അതേക്കുറിച്ച് നാളെ.










0 comments