കരിവെള്ളൂരിന്റെ ഹൃദയംകവർന്ന് ലേജു


പ്രകാശൻ പയ്യന്നൂർ
Published on Nov 19, 2025, 03:00 AM | 1 min read
കരിവെള്ളൂർ കരിവെള്ളൂർ പെരളം പഞ്ചായത്തിനെ വികസനത്തിലേക്ക് നയിച്ച പ്രസിഡന്റ് എ വി ലേജു ഇനി ജില്ലാ പഞ്ചായത്തിലേക്ക്. പഞ്ചായത്തിനെ നയിച്ച മികവ് ജില്ലാ പഞ്ചായത്തിലേക്കുള്ള യാത്ര എളുപ്പമാക്കുമെന്ന് നാട്ടുകാർക്കൊപ്പം ദിനേശ് ബീഡി കരിവെള്ളൂർ ബ്രാഞ്ചിലെ തൊഴിലാളികളും പറയുന്നു. ചൊവ്വാഴ്‌ചത്തെ പര്യടനത്തിനിടയിലാണ് ലേജു ദിനേശ് ബീഡി കന്പനിയിലെത്തിയത്. കരിവെള്ളൂർ രക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന കുണിയനിലെ രക്തസാക്ഷി സ്തൂപത്തിൽ അഭിവാദ്യമർപ്പിച്ചാണ് പ്രചാരണം തുടങ്ങിയത്. കീനേരി കുഞ്ഞമ്പുവിന്റെ സഹോദരി കീനേരി ജാനകി, തേറ കുഞ്ഞമ്പുവിന്റെ മകൻ അമ്പുക്കുഞ്ഞി, പയങ്ങപ്പാടൻ കെ കൃഷ്ണൻ മാസ്റ്റർ, കോളിയാടൻ കുഞ്ഞമ്പു, വി വി സരോജിനി എന്നിവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. എന്നിവരുടെ വീടുകളിലുമെത്തി. കാങ്കോൽ ടൗണിലെ കടകളിലും സ്ഥാപനങ്ങളിലും സ്ഥാനാർഥിയെത്തി. കരിവെള്ളൂർ പെരളം പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികൾക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാനും അവരുണ്ടായിരുന്നു. ഒന്നാം റൗണ്ട് പര്യടനം കഴിഞ്ഞപ്പോൾതന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും കരിവെള്ളൂർ - പെരളം പഞ്ചായത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെയും നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ടഭ്യർഥിക്കുന്നത്. കരിവെള്ളൂരിന്റെ ചുവന്ന മണ്ണിൽ ഇൗ നേട്ടങ്ങളുടെ തിളക്കം ലേജുവിന്റെ പ്രയാണം എളുപ്പമാക്കുമെന്ന് നാട്ടുകാർ ഒരേശബ്ദത്തിൽ പറയുന്നു. കരിവെള്ളൂർ സമരനായകൻ എ വി കുഞ്ഞമ്പുവിന്റെയും കെ ദേവയാനിയുടെയും മകൻ കെ ജയദേവന്റെ ഭാര്യയാണ് ലേജു. സിപിഐ എം കോളിയാടൻ നഗർ ബ്രാഞ്ചംഗം. മഹിളാ അസോസിയേഷൻ കരിവെള്ളൂർ സൗത്ത് വില്ലേജ് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ എക്സി. അംഗം, ജില്ലാ സ്‌പോർട്സ് കൗൺസിൽ അംഗം എന്നീ ചുമതലകളും വഹിക്കുന്നു. പയ്യന്നൂർ ബ്ലോക്കിലെ കരിവെള്ളൂർ, പെരളം, മാത്തിൽ, പെരിങ്ങോം, പാടിയോട്ടുചാൽ, പുളിങ്ങോം, പ്രാപ്പൊയിൽ ഡിവിഷനുകൾ ഉൾപ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ.










0 comments