ad
Deshabhimani

എൽഡിഎഫ്‌ സർക്കാറിന്റെ ഇടപെടൽ പഴശ്ശി ഡാമിൽനിന്ന്‌ 
പരിസരക്കാർക്കും കുടിനീർ

കിഫ്‌ബി കുടിവെള്ള പദ്ധതിക്കുവേണ്ടി വെളിയമ്പ്ര ഡാമിന്റെ ഭാഗമായുള്ള പഴശ്ശി ജലാശയത്തിൽ നിർമിച്ച 
ജലസംഭരണ ടാങ്കുകളിൽ ഒന്ന്.
avatar
മനോഹരൻ കെെതപ്രം

Published on Jan 25, 2026, 03:00 AM | 2 min read

ഇരിട്ടി ജില്ലയിലെന്പാടും മാഹിയിലും പതിനായിരങ്ങൾക്ക്‌ കുടിവെള്ളം നൽകുന്ന പദ്ധതിയായി പഴശ്ശി മാറിയപ്പോഴും ഡാം നിലനിൽക്കുന്ന ഇരിട്ടിയിലും പരിസരത്തും ഇതിൽനിന്ന്‌ ഒരിറ്റു വെള്ളം കിട്ടുന്നില്ലെന്ന പരാതി വർഷങ്ങളായുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ ജനങ്ങളുടെ പരാതി കേട്ടു. കിഫ്‌ബി പദ്ധതിയിൽ 79.10 കോടി രൂപയാണ്‌ മട്ടന്നൂർ, ഇരിട്ടി നഗരസഭകളിലെ 23000 കുടുംബങ്ങൾക്ക്‌ കുടിവെള്ളമെത്തിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്‌. 1977 ൽ പ്രധാനമന്ത്രി മൊറാർജി ദേശായി കമീഷൻ ചെയ്ത ജില്ലയിലെ ഏക ജലസേചന പദ്ധതിയാണ്‌ പഴശ്ശി. ഡാം നിലനിൽക്കുന്ന ഇരിട്ടിക്കും തൊട്ടടുത്ത മട്ടന്നൂരിനും തില്ലങ്കേരി, പായം പഞ്ചായത്തുകൾക്കും പദ്ധതിയിൽനിന്ന്‌ കുടിനീര്‌ കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിനുള്ള ക്രമീകരണത്തെക്കുറിച്ചാണ്‌ സർക്കാർ ആലോചിച്ചത്‌. ആദ്യഘട്ടത്തിൽ അഞ്ഞൂറ്‌ കുടുംബങ്ങൾക്കെങ്കിലും വീട്ടുമുറ്റത്ത്‌ ടാപ്പുകൾ വഴി വെള്ളം എത്തിക്കാനുള്ള ശ്രമങ്ങളിലാണ്‌ ജല വിഭവവകുപ്പ്‌. ആദ്യഘട്ട കുടിവെള്ള വിതരണം ഫെബ്രുവരിയിൽ രണ്ട്‌ നഗരസഭാ പരിധിയിലും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അധികൃതർ. വെളിയന്പ്ര ഡാമിനടുത്ത പ്രദേശങ്ങളിലാണ്‌ ആദ്യഘട്ടത്തിൽ വെള്ളം നൽകുക. തില്ലങ്കേരി പഞ്ചായത്തിൽ ജൽജീവൻ പദ്ധതിയുമായി കൂട്ടിയിണക്കി പദ്ധതി പ്രാവർത്തികമാക്കി. പായം പഞ്ചായത്തിലും ജൽജീവൻ മിഷനുമായി സഹകരിച്ച്‌ ഉടൻ വെള്ളം എത്തിക്കാനുള്ള നീക്കമാരംഭിച്ചു. ഡിസംബറോടെ 23,000 വീടുകളിലും വെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടാണ്‌ പ്രവൃത്തി മുന്നേറുന്നത്‌. പദ്ധതിക്കായി 272 കിലോമീറ്റർ ദൂരത്തിൽ പൈപ്പ്‌ ലൈൻ സ്ഥാപിക്കണം. ഇതിൽ 175 കിലോമീറ്റർ ദൂരത്തിൽ പ്രവൃത്തി പൂർത്തിയായി. വീടുകളിലേക്ക്‌ പൈപ്പിടലും പൂർത്തീകരിക്കുകയാണ്‌. ഇരിട്ടി ട‍ൗൺ, പുന്നാട്‌ തുടങ്ങിയ മേഖലകളിൽ വീടുകളിലെ പൈപ്പ്‌ ലൈനിടാൻ പൊതുമരാമത്ത്‌ റോഡ്‌ വിഭാഗത്തിന്റെ അനുമതി വേണം. ചിലയിടങ്ങളിൽ റോഡ്‌ കീറണം. അനുമതി ഉടൻ ലഭിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അധികൃതർ പറഞ്ഞു. പായം പഞ്ചായത്തിലേക്ക്‌ വെള്ളം എത്തിക്കാൻ ഇരിട്ടി പുഴയുടെ അടിവശത്ത്‌ കൂടി പുഴക്ക്‌ കുറുകെ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ പൈപ്പിടൽ നേരത്തെ പൂർത്തിയാക്കിയത്‌. ജലവിതരണത്തിന്‌ വേണ്ടി ഇരിട്ടി ഹൈസ്‌കൂൾ കൂന്നിൽ 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക്‌ നേരത്തെ നിർമ്മിച്ചു. മട്ടന്നൂർ കൊതേരിയിലും ഇതേ ശേഷിയിൽ ടാങ്ക്‌ പണിതാണ്‌ ജലവിതരണം സാധ്യമാക്കുന്നത്‌. ​അതിവേഗം പ്രവൃത്തി കിഫ്‌ബി പദ്ധതിയുടെ ഗുണം മാലൂർ, കീഴല്ലൂർ, കൂടാളി, കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, നാറാത്ത്‌, മുണ്ടേരി പഞ്ചായത്തുകൾക്ക്‌ കൂടി ലഭ്യമാക്കണമെന്ന ലക്ഷ്യം കൂടി നിറവേറ്റപ്പെടുകയാണ്‌. ജൽജീവൻ മിഷൻ പദ്ധതിയിൽ ഇവിടങ്ങളിൽ വെള്ളമെത്തിക്കാൻ വെളിയന്പ്രയിൽ ഒരുക്കിയ സംവിധാനങ്ങൾ വഴി സാധിക്കുന്ന തരത്തിലാണ്‌ ക്രമീകരണം. ഇൻടേക്ക്‌ കിണർ, പന്പ്‌ ഹ‍ൗസ്‌, ട്രാൻസ്‌ഫോർമർ, ട്രാൻസ്‌ഫോർമർ കെട്ടിടം, പൈപ്പ്‌ ലൈൻ പാലം, 750 എംഎം ഡിഐ പന്പിങ് മെയിൻ, 25 എച്ച്‌പിയുടെ രണ്ട്‌ പന്പ്‌ സെറ്റുകൾ, 42 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജല ശുദ്ധീകരണ പ്ലാന്റ്‌, 55 ദശലക്ഷം ലിറ്ററിന്റെ രണ്ട്‌ ജലസംഭരണി, മട്ടന്നൂർ നഗരസഭക്കായി 5 ലക്ഷം ലിറ്റർ സംഭരണശേഷിയിൽ ഓവർഹെഡ്‌ ടാങ്ക്‌, ഡിഐ ഗ്രാവിറ്റി മെയിൻ തുടങ്ങി അസംഖ്യം പ്രവൃത്തികൾ പൂർത്തീകരിച്ച്‌ 2023 ജനുവരി 15ന്‌ കമീഷൻ ചെയ്തു. ഇ‍ൗ സംവിധാനങ്ങൾ ഒരുക്കിയ ശേഷമാണ്‌ വിതരണ ശൃംഖലയുടെ ഭാരിച്ച പ്രവൃത്തികൾ നിലവിൽ അതിവേഗം പൂർത്തിയാക്കാനുള്ള നീക്കം. പദ്ധതി പൂർത്തീകരണത്തിന്‌ വേണ്ടി സർക്കാർ സംവിധാനങ്ങൾ നിരന്തരം ഇടപെടുന്നുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home