മലയോരം പിടിക്കും എൽഡിഎഫ്

നൗഷാദ് നടുവിൽ
Published on Dec 05, 2025, 03:00 AM | 1 min read
ആലക്കോട്
കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള ജില്ലാ പഞ്ചായത്ത് നടുവില്‍ ഡിവിഷനില്‍ ഇക്കുറി മത്സരത്തിന് വാശിയേറി. അന്തര്‍സംസ്ഥാന വനാതിര്‍ത്തി പങ്കിടുന്നതും കുടിയേറ്റ മലയോര ജനതയ്ക്ക് ഏറെ സ്വാധീനമുള്ളതുമായ ഇവിടെ ഇടതുപക്ഷത്തിന്റെ സ്വീകാര്യതയും വർധിക്കുകയാണ്. തളിപ്പറമ്പ് ബ്ലോക്കിലെ ഉദയഗിരി, കാര്‍ത്തികപുരം, കരുവഞ്ചാല്‍, നടുവില്‍ ഡിവിഷനുകളും ഇരിക്കൂര്‍ ബ്ലോക്കിലെ കുടിയാന്മല ഡിവിഷനും ചേര്‍ന്ന ഇവിടെ 74701 വോട്ടര്‍മാരാണുള്ളത്. ഉറച്ച മണ്ഡലമെന്ന പ്രതീക്ഷയില്‍ മാസങ്ങള്‍ക്ക് മുന്‍പുതന്നെ ഈ സീറ്റിനായി കണ്ണുംനട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. ഒടുവിൽ സജീവ് ജോസഫ് എംഎല്‍എ ഇടപെട്ട് തന്റെ അടുത്ത അനുയായി ഉളിക്കല്‍ സ്വദേശിക്ക് സീറ്റ് തരപ്പെടുത്തിക്കൊടുത്തു. ഈ പ്രദേശത്തുതന്നെയുള്ള ഡിസിസി ജനറല്‍ സെക്രട്ടറിമാരുടെയും ഉയര്‍ന്ന നേതാക്കളുടെയും പേര് വെട്ടിയാണിത്. ഇതില്‍ പ്രതിഷേധിച്ച് ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ ജോഷി കണ്ടത്തില്‍ പത്രിക നല്‍കിയെങ്കിലും എംഎല്‍എ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. ഇതിന്റെ അസ്വാരസ്യം യുഡിഎഫിൽ കെട്ടടങ്ങിയിട്ടില്ല. കോണ്‍ഗ്രസ് എസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയും നാട്ടുകാരനുമായ രാജേഷ് മാത്യുവാണ് എൽഡിഎഫ് സ്ഥാനാർഥി. ഉളിക്കല്‍ സ്വദേശി ജോജി വര്‍ഗീസ് വട്ടോളിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയുടെ എം പി ജോയിയും എഎപിയുടെ ഡൊമനിക്ക് എന്‍ തോമസും മത്സരരംഗത്തുണ്ട്.








0 comments