കണ്ണൂർ സെൻട്രൽ ജയിൽ ഇനി നെറ്റ് സീറോ കാർബൺ

കണ്ണൂർ
ഇന്ത്യയിലെ ആദ്യത്തെ ‘നെറ്റ് സീറോ കാർബൺ' (Net Zero Carbon) പദവി കൈവരിച്ച ജയിലായി കണ്ണൂർ സെൻട്രൽ ജയിൽ. കാർബൺ വികിരണം കുറയ്ക്കുന്നതിനൊപ്പം വിവിധ മാലിന്യ സംസ്കരണ പദ്ധതികളും നടപ്പാക്കിയാണ് കണ്ണൂർ സെൻട്രൽ ജയിൽ നേട്ടം സ്വന്തമാക്കിയത്. ഹരിത കേരളം മിഷൻ സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നെറ്റ് സീറോ കാർബൺ പദവി നേടിയ കണ്ണൂർ സെൻട്രൽ ജയിലിനുള്ള പുരസ്‌കാരം സമ്മാനിച്ചു.
ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഹരിത സ്പർശം ആണ് ജയിലിൽ പരിസ്ഥിതി സംരക്ഷണത്തിനും വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്. ഹരിത കേരളം മിഷന്റെയും നവകേരളം കർമപദ്ധതിയുടെയും ഭാഗമായുള്ള പരിശീലന പരിപാടികൾക്കും തുടർ പ്രവർത്തനങ്ങുളുടെയും ഫലമായാണ് നേട്ടം. സുരക്ഷാ മേഖലയായതിനാൽ ധാരാളം ലൈറ്റുകളുള്ളതിനാൽ ഉയർന്ന വൈദ്യുതി ചാർജും ഏകദേശം ആയിരത്തോളം തടവുകാരുള്ളതിനാൽ മാലിന്യ സംസ്‌കരണവും പ്ലാസ്റ്റിക്കിന്റെ അതിപ്രസരവും കൂടാതെ 64 പശുക്കളുടെ ചാണകവും വലിയ വെല്ലുവിളിയായിരുന്നു. ലൈറ്റുകൾ മുഴുവൻ എൽഇഡി ആക്കിയും പരമാവധി ഫാനുകൾ ബിഎൽഡിസിയിലേക്ക് മാറ്റിയും വൈദ്യുതിയുടെ ഉപഭോഗത്തിൽ നിയന്ത്രണവും കുറവും വരുത്തി. ജയിലിലെ കിണറുകൾ മുഴുവൻ വൃത്തിയാക്കി ദൈനംദിന ആവശ്യങ്ങൾക്ക് കിണർ വെള്ളം ഉപയോഗിച്ചു. ഇതിലൂടെ ഒരു വർഷം വാട്ടർ അതോറിറ്റിയുടെ ചാർജിനത്തിൽമാത്രം 34 ലക്ഷം രൂപയുടെ കുറവ് വരുത്തി. പശുക്കളുടെ ചാണകം പൊതുജനങ്ങൾക്കും കൃഷി വകുപ്പിനുമായി വളമായി കൊടുത്തു. ജയിലിലെ ജൈവ മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിലേക്കു മാറ്റി ബയോഗ്യാസ് ആക്കി. മുഴുവൻ അജൈവ മാലിന്യങ്ങളും ജയിലിൽതന്നെയുള്ള ഹരിതകർമ സേന തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തു. മലിനജല സംസ്‌കരണത്തിന് അന്തേവാസികളുടെ സേവനം ഉപയോഗിച്ച് പരമ്പരാഗത ശൈലിയായ മണലും ചകിരിയും കൽക്കരിയും ഉപയോഗിച്ച് പൂർണമായും ശുദ്ധീകരിച്ച് എല്ലാത്തരം കൃഷികൾക്കും ഉപയോഗിച്ചു. വൃക്ഷങ്ങളെ സംരക്ഷിച്ചും ജൈവ കൃഷി പ്രോത്സാഹിപ്പിച്ചും സുഗന്ധവീഥി എന്ന കുറ്റിമുല്ല കൃഷി നടത്തിയും പച്ചത്തുരുത്ത് നിർമിച്ചും നിരവധിയായ മാതൃകാ പ്രവർത്തനങ്ങൾ നടത്തിയുമാണ് സ്വപ്നനേട്ടം കൈവരിച്ചത്.
ജയിൽ സൂപ്രണ്ട് കെ വേണു, ജോ. സൂപ്രണ്ടുമാരായ കെ കെ റിനിൽ, ടി ജെ പ്രവീഷ്, വെൽഫെയർ ഓഫീസർ രാജേഷ് കുമാർ, അസി. സൂപ്രണ്ടുമാരായ പി ടി സന്തോഷ്, ശ്രീജിത്ത്, വിജയകുമാർ, ഹരിതസ്പർശം കോ ഓഡിനേറ്റർ എ കെ ഷിനോജ്, അസി. കോ ഓഡിനേറ്റർമാരായ കെ ടി അരുൺ, കെ കെ ബൈജു, ബിജിത്ത്, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ സോമശേഖരൻ, റിസോഴ്‌സ് പേഴ്സൺ ശ്രീരാഗ് തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.










0 comments