ad
Deshabhimani

വിമാനത്തിൽ പറക്കാൻ 58 പ്രതിഭകൾ വായന ചലഞ്ച്‌ സൂപ്പർ ഹിറ്റ്‌

വായന ചലഞ്ചിൽ പങ്കെടുത്ത കുട്ടികൾ പുസ്‌തകങ്ങളുമായി
വെബ് ഡെസ്ക്

Published on Jun 18, 2026, 03:00 AM | 1 min read

തലശേരി ഡിജിറ്റൽ ലോകത്തെ കാഴ്‌ചകളിൽ രസിച്ചിരുന്ന ‘ജെൻസി’കളെ വായനയിലേക്ക്‌ നയിച്ച്‌ തലശേരി താലൂക്ക്‌ ലൈബ്രറി ക‍ൗൺസിലിന്റെ വായനചലഞ്ച്‌. വായനയിൽ വിസ്‌മയംതീർത്ത്‌ ഗോൾഡൻ ചലഞ്ച്‌ വിജയിച്ച 58 കുട്ടികൾ ഓണക്കാലത്ത്‌ തിരുവനന്തപുരത്തേക്ക്‌ വിമാനത്തിൽ പറക്കും. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വായനക്കളരിയോടൊപ്പമാണ്‌ ‘മനസ്സ് നിറയെ വായിക്കാം വിമാനത്തിൽ പറക്കാം’ എന്ന സന്ദേശവുമായി വായന ചലഞ്ച് സംഘടിപ്പിച്ചത്. ഏപ്രിൽ 19 മുതൽ മെയ് 31 വരെ നീണ്ട ചലഞ്ചിൽ ഗോൾഡൻ , സിൽവർ, ബ്രോൺസ് എന്നീ ചലഞ്ചുകളാണ് 12 മുതൽ 18 വയസുവരെയുമുള്ള കുട്ടികൾക്കായി നൽകിയത്‌. മുപ്പത്‌ പുസ്തകം, 4500 പേജ്, 100 സ്കോർ എന്നിവ നേടിയവരാണ്‌ ഗോൾഡൻ ചലഞ്ച് വിജയികൾ. താലൂക്കിൽ അഫിലിയറ്റ് ചെയ്ത 276 വായനശാലകളിലെ കുട്ടികളാണ്‌ ഇതിൽ പങ്കെടുത്തത്‌. ​വായനലഹരിയിലേക്ക്‌ 
കുട്ടികൾ പുസ്തക വായനയോടൊപ്പം പത്രവായനശീലം വളർത്താനും വായന ചലഞ്ച് സഹായിച്ചതായി താലൂക്ക്‌ ലൈബ്രറി ക‍ൗൺസിൽ സെക്രട്ടറി വി പ്രദീപൻ പറഞ്ഞു. പുസ്തക പരിചയം, മുഖാമുഖം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് വായനശാലകൾ ഏറ്റെടുത്തത്. ഓരോ പഞ്ചായത്തിലും മികച്ച പ്രവർത്തനം നടത്തിയ ഓരോ വായനശാലക്കും താലൂക്ക് തലത്തിൽ മികച്ച കൈയെഴുത്ത് മാസിക തയ്യാറാക്കിയ വായനശാലക്കും സമ്മാനം നൽകും. മികച്ച വായനക്കാർക്ക് എഴുത്തുകാരൻ ബെന്യാമിനുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. 28ന്‌ വൈകിട്ട്‌ 3.30ന്‌ കതിരൂർ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ കാരായി രാജൻ എംഎൽഎ വിശിഷ്‌ടാതിഥിയാവും. ​മുടി നൽകിയ വായന വായന ചലഞ്ച്‌ ഏറ്റെടുത്ത കുട്ടികൾ വായന ലഹരിയാക്കി മാറ്റിയപ്പോൾ പലരുടെയും ചിന്തകളും അടിമുടി മാറി. കൊളപ്പ ഗ്രാമോദ്ധാരണ വായനശാലയിലെ ശ്രീനന്ദ എന്ന വിദ്യാർഥിനി നടൻ ഇന്നസെന്റിന്റെ ‘ക്യാൻസർ വാർഡിലെ ചിരി’ വായിച്ച് തന്റെ മുടി കാൻസർ രോഗികൾക്ക് സംഭാവന നൽകിയത്‌ വേറിട്ട അനുഭവമായി. പിണറായിയിലെ സവാരി ട്രാവൽ മേറ്റുമായി സഹകരിച്ചാണ്‌ വിമാനയാത്ര സംഘടിപ്പിക്കുന്നത്‌. വായനചലഞ്ച്‌ ഭാവിയിലും മികച്ച നിലയിൽ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തലശേരി താലൂക്ക് ലൈബ്രറി കൗൺസിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home