കായിക സ്വപ്‌നങ്ങളുമായ് സീനിയർ അത്‌ലറ്റുകൾ ട്രാക്കുണരുമ്പോൾ വേണം കരുതൽ

ചെറുവത്തൂർ അത്‌ലറ്റിക്‌സിനോടുള്ള അടങ്ങാത്ത പ്രണയംമാത്രമാണ് കൈമുതൽ. അടങ്ങാത്ത ആവേശത്തിലും നിശ്ചയദാർഢ്യത്താലും ഇവർ ട്രാക്കിൽ പുതുവേഗവും ഉയരവും തീർത്തു. സീനിയേഴ്‌സ് സ്‌പോർട്‌സ് ആൻഡ് ഗെയിംസ് അസോസിഷേൻ സംഘടിപ്പിച്ച സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ ചാമ്പ്യന്മാരായിരിക്കുകയാണ് ജില്ലാ ടീം. വലിയ നേട്ടത്തിലും അഭിമാനതാരങ്ങൾക്ക് പക്ഷേ പറയാനുള്ളത് സങ്കടക്കഥമാത്രം. സ്വന്തം കൈയിൽനിന്ന് തുകമുടക്കിയാണ് ഇവർ ഓരോരുത്തരും ഓരോസ്ഥലത്തും മത്സരത്തിനെത്തുന്നത്. സർക്കാർ സംവിധാനംപോലും സഹായത്തിനില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം. ദേശീയ മത്സരത്തിന് ഇനി യാത്രയ്‌ക്കും മത്സരത്തിനും താമസത്തിനും ഭക്ഷണത്തിനുമെല്ലാമായി താങ്ങാനാവാത്ത ചെലവുണ്ടെന്നതാണ് താരങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. സഹായിക്കാൻ സർക്കാർതലത്തിൽ നടപടികൾ വേണമെന്നതാണ് ആവശ്യം. ജില്ലാ സീനിയർ സ്‌പോർട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷൻ ടീമാണ് സംസ്ഥാന മത്സരത്തിൽ ജേതാക്കളായത്. 238 പോയിന്റ് നേടി പാലക്കാടിനെ മറികടന്നായിരുന്നു ഗംഭീരവിജയം. 46 അത്‌ലറ്റുകളാണ് മത്സരിച്ചത്. 26 മത്സരങ്ങളിലായി സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ നിരവധി മെഡലുകൾ നേടി. 30 വയസുമുതലുള്ള കാറ്റഗറിയിലായിരുന്നു സംസ്ഥാന മത്സരങ്ങൾ നടന്നത്. 30 മുതൽ 93 വയസുള്ളവർവരെ മത്സരിച്ചു. ഓട്ടം, ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിൽ ജംബ്, ജാവലിങ് ത്രോ, ഹാമർ ത്രോ, ഷോർട് പുട്ട്, ഹഡിൽസ് ഇനങ്ങളിലാണ് താരങ്ങൾ മാറ്റുരച്ചത്. ജില്ലാ മത്സരങ്ങളിൽ വിജയിച്ച താരങ്ങളാണ് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തത്. ഡെറാഡൂണിലാണ് ദേശീയ മത്സരം നടക്കുക. ജില്ലയിലെ സീനിയർ അത്‌ലറ്റുകളുടെ കായിക സ്വപ്‌നങ്ങൾക്ക് കരുത്താകാൻ അധികൃതരുടെയും സർക്കാർ സംവിധാനങ്ങളുടെയും പിന്തുണകൂടിയേതീരൂ. ദേശീയ മത്സരത്തിന്റെ ട്രാക്കുണരുമ്പോൾ സർക്കാർ സംവിധാനങ്ങളുടെ കരുതൽ പ്രതീക്ഷിക്കുകയാണ് ഇവർ.










0 comments