സണ്ണി – സുധാകര പക്ഷം ശീതസമരം കൊഴുത്തു

കണ്ണൂർ ഭരണം കിട്ടിയതിന്റെ മധുവിധു ആഘോഷത്തിൽ സുധാകര വിഭാഗത്തെ പങ്കെടുപ്പിക്കാതെ സണ്ണി ജോസഫ് പക്ഷം ഒതുക്കുന്നതായി പരാതി. കെപിസിസി പ്രസിഡന്റായതു മുതൽ സണ്ണി ജോസഫിനോടുള്ള സുധാകര പക്ഷത്തിന്റെ എതിർപ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതിൽ വരെ എത്തി. സ്‌ത്രീകൾക്കുള്ള സൗജന്യ കെഎസ്‌ആർടിസി യാത്രയുടെ ഉദ്‌ഘാടനത്തിൽ കെ സുധാകരൻ എംപി അടക്കമുള്ളവരെ അന്പേ വെട്ടിമാറ്റിയാണ് സണ്ണി ജോസഫ് പക്ഷം ജില്ലയിൽ ആഘോഷിച്ചത്. സംസ്ഥാനത്ത് മറ്റുള്ള സ്ഥലത്തെല്ലാം യുഡിഎഫ് ജനപ്രതിനിധികളെല്ലാം ഉദ്‌ഘാടന ചടങ്ങിന് എത്തിയിട്ടും കണ്ണൂരിൽ മാത്രം എംപിയും മേയറും അടക്കമുള്ള സുധാകര പക്ഷത്തുള്ള ജനപ്രതിനിധികളെ അടുപ്പിച്ചില്ല. ഇതിലുള്ള പരാതി മേയർ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നൽകി. കണ്ണൂരിൽ ടി ഒ മോഹനൻ എംഎൽഎയാണ് കെഎസ്‌ആർടിസി പരിപാടി ഉദ്‌ഘാടനം ചെയ്‌തത്. എംപിയെയും മേയറേയും പങ്കെടുപ്പിക്കണമെന്ന് നിർദേശിക്കാൻ എംഎൽഎ തയ്യാറായതുമില്ല. കെഎസ്‌ആർടിസി ഡിടിഒ മുഹമ്മദ് ബഷീറിനോടും മേയർ പരാതിപ്പെട്ടു. എന്നാൽ, എംഎൽഎമാരെ ക്ഷണിക്കാൻ മാത്രമെ തനിക്ക് നിർദ്ദേശമുള്ളൂ എന്നാണ് ഡിടിഒ പറഞ്ഞത്. കോൺഗ്രസ് നേതാക്കൾ വരെ സർക്കാർ പരിപാടി ഉദ്‌ഘാടനം ചെയ്‌തിട്ടും കണ്ണൂർ നഗരത്തിൽ മാത്രം വിവേചനം കാട്ടിയെന്നാണ് സുധാകരനോടൊപ്പമുള്ള മേയറടക്കമുള്ളവരുടെ പരാതി. കെ സുധാകരന് നിയമസഭയിലേക്ക് മത്സരിക്കാൻ അവരം നിഷേധിച്ചതുമുതൽ ജില്ലയിൽ നേതാക്കൾ തമ്മിലുള്ള ശീതസമരം തുടങ്ങിയിരുന്നു. സ്വന്തം അളിയനെ പേഴ്‌സണൻ സ്‌റ്റാഫിൽ നിയമിച്ച സണ്ണി ജോസഫിനെതിരെ സുധാകരപക്ഷം കരുക്കൾ നീക്കിയതും ഇതിന്റെ ഭാഗമാണ്. ഇതോടെയാണ് സുധാകരനെയടക്കം പൂർണമായും അവഗണിച്ച് മുന്നോട്ടുപോകാൻ സണ്ണി ജോസഫും കൂട്ടരും തീരുമാനിച്ചത്. അനാരോഗ്യം മൂലമാണ് സുധാകരൻ വരാത്തത് എന്ന പ്രതീതി സൃഷ്ടിച്ച്, പരിപാടികളെല്ലാം ഏകപക്ഷീയമായി കൈക്കലാക്കുന്നുവെന്ന പരാതിയും കെ സുധാകരനൊപ്പമുള്ള നേതാക്കൾക്കുണ്ട്.










0 comments