ആരോഗ്യരംഗത്തെ ‘കൊളശേരി മാതൃക’

കൊളശേരി നഗരാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ
ബബിഷ ബാബു
Published on Mar 06, 2026, 02:30 AM | 1 min read
തലശേരി
കൊളശേരിയിലെ എൺപത്തിമൂന്നുകാരനായ ചാലുപറമ്പിൽ ലക്ഷ്മണൻ കാരായിയുടെ വാക്കുകളിൽ ഒരു ജനതയുടെ മുഴുവൻ ആശ്വാസമുണ്ട്. സാധാരണക്കാരന് താങ്ങായി, കൈയെത്തും ദൂരത്ത് മികച്ച ചികിത്സ ഉറപ്പാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിക്ക് മറ്റൊരു അംഗീകാരംകൂടി കൈവന്നിരിക്കുന്നു. കൊളശേരി നഗര പ്രാഥമികാരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാര പരിശോധനയിൽ 93.66 ശതമാനം മാർക്ക് നേടി കേന്ദ്ര സർക്കാരിന്റെ ഉന്നത അംഗീകാരം സ്വന്തമാക്കുന്പോൾ നാടാകെ ആഹ്ലാദത്തിലാണ്. മികവിന്റെ അടയാളം നാഷണൽ ക്വാളിറ്റി സ്റ്റാൻഡേർഡ് ഏജൻസി നടത്തിയ പരിശോധനയിലാണ് ഈ നേട്ടം. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ, രോഗികളുടെ സംതൃപ്തി, ജീവനക്കാരുടെ സേവന മനോഭാവം, മരുന്ന് ലഭ്യത എന്നിവയെല്ലാം പരിശോധിച്ചാണ് അംഗീകാരം. അടുത്ത മൂന്ന് വർഷത്തേക്ക് സ്ഥാപനത്തിന്റെ ഭൗതിക വികസനത്തിനായി പ്രതിവർഷം രണ്ടുലക്ഷം രൂപ വീതം ഗ്രാന്റ് ലഭിക്കും. മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് വിദ്യ റിഷികേശ റാവുവിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണിവിടെ നടക്കുന്നത്. നിലവിലുള്ള ഡോക്ടർമാർക്ക് പുറമെ പ്രത്യേക ദിവസങ്ങളിൽ ഇഎൻടി, കണ്ണ് പരിശോധന, ഡയറ്റീഷ്യൻ സേവനങ്ങളും ലഭ്യമാണ്. ദിവസം 150-നും 200-നുമിടയിൽ രോഗികൾ ആശ്രയിക്കുന്ന ഈ കേന്ദ്രത്തിൽ ലാബ് സൗകര്യം, ഗർഭിണികൾക്കുള്ള ക്ലിനിക്, കുട്ടികൾക്കുള്ള വാക്സിനേഷൻ, ടെലിമെഡിസിൻ സേവനങ്ങളും തടസ്സമില്ലാതെ നടക്കുന്നു. 28 ജീവനക്കാരുടെ കൂട്ടായ പരിശ്രമവും തലശേരി നഗരസഭയുടെ ക്രിയാത്മകമായ സഹകരണവുമാണ് കൊളശേരി ആരോഗ്യകേന്ദ്രത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്. കുട്ടിമാക്കൂൽ, മാടപ്പീടിക അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ഈ കേന്ദ്രത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. നഗരത്തിലെ 32 വാർഡുകളിൽനിന്നുള്ള ആശാവർക്കർമാരുടെ ഏകോപനത്തിലൂടെ ഓരോ വീട്ടിലും സേവനം എത്തിക്കുന്നു. 2019-ലും സമാന രീതിയിൽ ദേശീയ അംഗീകാരം തേടിയെത്തിയിരുന്നു.










0 comments