ആസ്വദിക്കൂ, ബൺ മസ്‌കയും ഇറാനി ചായയും

നൗഷാദ് നടുവിൽ
Published on Dec 29, 2025, 03:00 AM | 1 min read
ആലക്കോട് മുംബൈ നഗരത്തില്‍ പ്രശസ്തമായ തെരുവോര ലഘുഭക്ഷണമായ ബണ്‍ മസ്കയും ഇറാനി ചായയും ഇപ്പോള്‍ മലയോരത്തും സുലഭം. മുംബൈയിലെ ഇറാനി കഫേകളിലെ പ്രധാന വിഭവമായ ഇവ അടുത്ത നാളുകളില്‍ നവമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മലയോര ഗ്രാമങ്ങളിലെ റോഡരികില്‍ നിത്യകാഴ്ചയായി മാറിയ ഇവയുടെ രുചി ആസ്വദിക്കാന്‍ ഭക്ഷണപ്രിയർ എത്തുകയാണ്. വനിതാ കൂട്ടായ്മകള്‍ക്ക് ഒരു വരുമാന മാര്‍ഗവുമായും ഇതുമാറി. കണ്ടൻസ്‌ഡ് മിൽക്കും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ബണ്‍ രണ്ടായി മുറിച്ച് അതില്‍ പുരട്ടി ഉണ്ടാകുന്ന വിഭവമാണ് ബണ്‍ മസ്ക. 20 മുതല്‍ 30 രൂപ വരെയാണ് വില. പാൽ, കണ്ടൻസ്‌ഡ് മിൽക്ക്, ക്രീം, തേയില, മസാലകള്‍ ഇവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഇറാനി ചായക്ക് 10 രൂപയാണ്. ചൂടുള്ള ചായയിൽ ബൺ മസ്‌ക മുക്കി കഴിക്കുന്നതാണ് പ്രധാന രീതി. രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഈ ലഘുഭക്ഷണം വീടുകളില്‍നിന്നും തയ്യാറാക്കി സ്ത്രീകള്‍ തന്നെ പാതയോരങ്ങളില്‍ കൊണ്ടുവന്ന് വിൽക്കുന്നു. ചെറിയൊരു മേശയും ചായ ആറാതെ സൂക്ഷിക്കാനുള്ള ഫ്ലാസ്കുമാണ് ആകെ വേണ്ടത് ഇത് സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ വയ്‌ക്കാതെ റോഡരികില്‍ മാറി മാറി സ്ഥാപിച്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നു. രുചി വൈവിധ്യം തേടിയലയുന്ന പട്ടണവാസികള്‍ക്കൊപ്പം കാലത്തിനനുസരിച്ച് മലയോര ജനതയും കുതിക്കുമ്പോള്‍ ആ അവസരം മുതലാക്കി ചെറുകിട സംരംഭകരും കൂട്ടായ്മകളും രൂപം കൊള്ളുകയാണ്.








0 comments