ad
Deshabhimani

ജില്ലയിൽ മഴ ശക്തം ഉദയഗിരി താബോറിൽ വീണ്ടും ഉരുൾപൊട്ടി

വെള്ളിയാഴ്ച താബോറിലുണ്ടായ ഉരുള്‍പൊട്ടല്‍
വെബ് ഡെസ്ക്

Published on Aug 08, 2026, 03:00 AM | 2 min read

ആലക്കോട് ഉദയഗിരി പഞ്ചായത്തിലെ താബോർ മേഖലയിൽ വീണ്ടും ഉരുൾപൊട്ടി. തോണ്ടങ്കുന്ന് ഭാഗത്താണ് വൈള്ളിയാഴ്ച ഉച്ചയോടെ ഉരുൾപൊട്ടിയത്. ആഗസ്ത് ഒന്നിന് ഇതേ ഭാഗത്ത് ഉരുൾപൊട്ടിയിരുന്നു. തുടർച്ചയായ ഉരുൾപൊട്ടലിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഉദയഗിരി താബോർ റോഡ് പൂർണമായി അടച്ചു. മുൻകരുതൽ നടപടിയായി സമീപവാസികളെ താബോർ സ്‌കൂളിലേക്ക് മാറ്റി. തുടർന്ന് തളിപ്പറമ്പ് തഹസിൽദാർ പി സജീവന്റെ നേതൃത്വത്തിൽ താബോർ സെന്റ് ജോസഫ് ചർച്ചിൽ താൽക്കാലിക ക്യാമ്പ് തുടങ്ങി നാല് കുടുംബങ്ങളിലെ 13 പേരെ അങ്ങോട്ടേക്ക് മാറ്റി. ജനങ്ങൾ ഈ ഭാഗത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ​ഉരുള്‍പൊട്ടലും തുടര്‍ന്നുള്ള മലവെള്ളപ്പാച്ചലും ജോസ്ഗിരി, താബോര്‍ പ്രദേശങ്ങളെ ഒറ്റപ്പെട്ട നിലയിലാക്കി. നിരവധി വീടുകള്‍ക്ക് കേടുപാടുകളും കൃഷിയിടങ്ങള്‍ക്ക് വ്യാപക നാശനഷ്ടവുമുണ്ടായി. വീടുകള്‍ വാസയോഗ്യമല്ലാതാകുകയും ഹെക്ടർ കണക്കിന് കൃഷിസ്ഥലങ്ങള്‍ കുത്തിയൊലിച്ചു പോകുകയും ചെയ്തു. ജോസ്ഗിരിയിലെ മേത്തല റൂബി മാത്യു, കലുങ്കല്‍ മേഴ്സി തോമസ്, കല്ലൂർ റെജി, കുറ്റ്യാത്ത് ബിജോയി, പേരാട്ടുക്കുന്നേല്‍ വിജയകുമാർ, പേരാട്ടുക്കുന്നേല്‍ സുരേഷ്കുമാർ, പേരാട്ടുക്കുന്നേല്‍ ശശീന്ദ്രൻ, താണപറമ്പില്‍ മനോജ്, മത്തായി പുത്തൻപുര, പുതുവേലില്‍ ബിജു എന്നിവരുടെ വീടുകളും കൃഷിയിടങ്ങളും നശിച്ചു. താബോറിലെ കാരക്കാട്ടില്‍ രാജുവിന്റെ കൃഷിയിടവും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. രാജഗിരി- –ജോസ്ഗിരി റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതവും വൈദ്യുതി വിതരണവും പൂർണമായും തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങിയതോടെ കുടിവെള്ളത്തിനായി കുഴല്‍ കിണറിനെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തിലായി. പല കുടുംബങ്ങളും ബന്ധുവീടുകളിലും അയല്‍വാസികളുടെ വീടുകളിലുമാണ് കഴിയുന്നത്. ദുരിതബാധിതരെ ഉടൻ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കനത്ത മഴയിൽ തലശേരി ഹോളോവേ ജഡ്ജസ് ബംഗ്ലാവിനടുത്ത അഡ്വ. ബാലഗംഗാധരൻ റോഡരികിലെ മഹാഗണി മരം പൊട്ടിവീണ്‌ സമീപത്തെ ഇരുനില വീടിന് കേടുപാടുണ്ടായി. പാലിശേരി ചേറ്റംകുന്ന് റോഡിലെ എംകെആർ ഫ്രൂട്ട്സ് ഗോഡൗണിന്റെ മേൽക്കൂര കാറ്റിൽ തകർന്നുവീണു. പേരാവൂർ മേഖലയിൽ കനത്ത മഴയെ തുടർന്ന് നാശനഷ്ടമുണ്ടായി. ശ്രീകണ്ഠപുരം ആവണക്കോലിൽ സ്വകാര്യ കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് തൊട്ടടുത്ത വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് കേടുപറ്റി. വളക്കൈ ചുഴലി റോഡിൽ അടിച്ചിക്കമലയിൽ മണ്ണിടിഞ്ഞ് റോഡിൽ മരം വീണു. കണ്ണവം പുഴയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വളക്കൈയിൽ കാപ്പുങ്കരയിൽ സംസ്ഥാന പാതക്കരികിൽ മണ്ണെടുത്ത ഭാഗത്തുള്ള ശക്തമായ നീരൊഴുക്കിലെത്തിയ മണ്ണും ചരലും കൊണ്ട് സംസ്ഥാനപാതയിൽ ഗതാഗത തടസ്സമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home