Deshabhimani

സംസ്‌കൃത സർവകലാശാല സമരത്തിന്‌ ക്യാമ്പസുകളുടെ ഐക്യദാർഢ്യം

Kalady Sanskrit University

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥിസമരത്തിന് പിന്തുണയുമായി എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ എസ്എഫ്ഐ നടത്തിയ ഉപവാസസമരം

avatar
സ്വന്തം ലേഖകൻ

Published on Nov 21, 2026, 03:11 AM | 1 min read

കൊച്ചി


കാലടി സംസ്കൃത സർവകലാശാലയിൽ 116 ദിവസം പിന്നിട്ട വിദ്യാർഥിസമരത്തിന് പിന്തുണയുമായി എസ്എഫ്ഐ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ നടത്തിയ 12 മണിക്കൂർ ഉപവാസം പ്രതിഷേധജ്വാലയായി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ നിരാഹാരമിരുന്നു. സമരവീര്യം കെടുത്താനുള്ള നീക്കങ്ങൾക്കുമുന്നിൽ തളരില്ലെന്ന പ്രഖ്യാപനമായി മഹാരാജാസ് കോളേജിനുമുന്നില്‍ നടന്ന ഉപവാസത്തില്‍ 30 വിദ്യാർഥികൾ പങ്കാളികളായി. രാവിലെ ഒമ്പതിന് ആരംഭിച്ച സമരം രാത്രി ഒമ്പതിനാണ് അവസാനിച്ചത്. കാലടിയിൽ വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് പിന്തുണയേകുന്നതിനൊപ്പം സർവകലാശാലകളിലെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന മുദ്രാവാക്യവും സമരത്തിലൂടെ ഉയർത്തി. സസ്പെൻഡ് ചെയ്തും അറസ്റ്റുൾപ്പെടെയുള്ള നടപടികളിലൂടെ ഭീഷണിപ്പെടുത്തിയും പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണിനോട് ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ മഹാരാജാസ് കോളേജിലെ രണ്ടുവിദ്യാർഥികളെ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതും ബിരുദം ഏറ്റുവാങ്ങാനെത്തിയ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള യുഡിഎഫ്–-ബിജെപി കൂട്ടുകെട്ടിന്റെ നീക്കങ്ങൾക്കെതിരെ ക്യാമ്പസുകളിൽ പ്രതിഷേധം അലയടിക്കുകയാണ്. അധികാരത്തിന്റെ സമ്മർദങ്ങൾക്കും പ്രതികാരനടപടികൾക്കും മുന്നിൽ അനീതിക്കെതിരായ പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home