ad
Deshabhimani

ജനങ്ങളെ ‘തടവി’ലാക്കി 
അമിത് ഷായുടെ യാത്ര

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ യാത്രയ്ക്കായി മയ്യിൽ ടൗണിൽ യാത്രക്കാരെ തടഞ്ഞപ്പോൾ
വെബ് ഡെസ്ക്

Published on Jul 13, 2025, 03:00 AM | 2 min read

തളിപ്പറമ്പ്‌ തളിപ്പറമ്പ്‌ രാജരാജേശ്വര ക്ഷേത്രത്തിലേക്ക്‌ സ്വകാര്യ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായ്‌ക്കുവേണ്ടി ജനങ്ങളെയാകെ ‘തടവി’ലാക്കി. തളിപ്പറമ്പിലും പരിസരങ്ങളിലും മാത്രമല്ല, അദ്ദേഹം വിമാനമിറങ്ങിയ മട്ടന്നൂർമുതൽ തളിപ്പറമ്പുവരെ റോഡുകളിലൂടെ ഗതാഗതം അനുവദിച്ചില്ല. തളിപ്പറമ്പ്‌, മട്ടന്നൂർ ചാലോട്, മയ്യിൽ, പ്രദേശത്തെയാകെ സന്ദർശനം ശ്വാസംമുട്ടിച്ചു. വൈകിട്ട്‌ നാലുമുതൽ ഏഴുവരെ അക്ഷരാർഥത്തിൽ തളിപ്പറമ്പിലെ ജനങ്ങൾ തടങ്കലിലായിരുന്നു. പയ്യന്നൂർ, കാസർകോട്‌ ദീർഘദൂര ബസുകൾ ഉൾപ്പെടെ വഴിതിരിച്ചുവിട്ടുകൊണ്ടാണ്‌ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്‌. ഇതോടെ തളിപ്പറമ്പിൽനിന്ന്‌ ഈ ഭാഗത്തേക്ക്‌ പോകേണ്ടവർ പെരുവഴിയിലായി. മലയയോരമേഖലയിൽനിന്നുൾപ്പെടെയുള്ള സർവീസുകൾക്ക്‌ ബസ്‌സ്‌റ്റാൻഡിൽ നിർത്തിയിടാൻ അനുവാദം നൽകാതിരുന്നതുവഴി ശ്രീകണ്‌ഠപുരം ആലക്കോട്‌, നടുവിൽ പയ്യാവൂർ, ചെറുപുഴ, ചെമ്പേരി, ഇരിട്ടി, പെരുമ്പടവ്‌, ചപ്പാരപ്പടവ്‌ ഭാഗത്തേക്കും മുയ്യംവഴി പറശ്ശിനിയിലേക്കുള്ള യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി. ശനി വൈകിട്ടാണ്‌ അമിത്‌ഷാ എത്തിയതെങ്കിലും തളിപ്പറമ്പ്‌ നഗരവും പരിസരവും വെള്ളി ഉച്ചമുതൽ പൊലീസ്‌ കാവലിലായിരുന്നു. അതേസമയം ജില്ലയിലെ പ്രധാന റോഡുകളിലും പാടെ ഗതാഗതം ക്രമീകരിച്ചിരുന്നു. ഇരിട്ടി ഭാഗത്തുനിന്ന്‌ കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളെ മട്ടന്നൂർ പ്രകാശ് ജങ്‌ഷനിൽനിന്ന്‌ തലശേരി ഭാഗത്തേക്കുപോയി ഉരുവച്ചാൽ, വളയാൽ വഴിയാണ്‌ കണ്ണൂരിലേക്ക് പോകാൻ അനുവദിച്ചത്‌. വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ കിലോമീറ്ററുകൾ വളഞ്ഞ്‌, ഉരുവച്ചാൽ വളയാൽവഴി എയർപോർട്ട് സെക്കൻഡ് ഗേറ്റ് വഴിയാണ്‌ പ്രവേശിപ്പിച്ചത്‌. ഇരിക്കൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളെ മരുതായി ജങ്‌ഷനിലൂടെ കൊളപ്പവഴിയാണ്‌ കടത്തിവിട്ടത്‌. അഞ്ചരക്കണ്ടി ഭാഗത്തുനിന്ന്‌ മട്ടന്നൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വളയാൽ ഉരുവച്ചാൽ റോടുവഴി കടത്തിവിട്ടു. ഇരിക്കൂറിൽനിന്ന്‌ കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളെ ഇരിക്കൂറിൽ നിന്നുതന്നെ തിരിച്ചുവിട്ടു. അഞ്ചരക്കണ്ടി ഭാഗത്തുനിന്ന്‌ ഇരിക്കൂറിലേക്ക് വരേണ്ട വാഹനങ്ങൾ വളയാൽ - ഉരുവച്ചാൽ മട്ടന്നൂർ വഴിയും തിരിച്ചുവിട്ടു. തലശേരിയിൽനിന്ന്‌ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങളെ കൊടുവള്ളി അഞ്ചരക്കണ്ടി വഴി സെക്കൻഡ് ഗേറ്റിലേക്കാണ്‌ കടത്തിവിട്ടത്‌. പയ്യന്നൂർ തളിപ്പറമ്പ്‌, കണ്ണൂർ ഭാഗത്തുനിന്ന്‌ മട്ടന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങളെ ഏച്ചൂർ, ചക്കരക്കല്ല്, അഞ്ചരക്കണ്ടി, വളയാൽ ഉരുവച്ചാൽ–-മട്ടന്നൂർ വഴിയുമാണ്‌ കടത്തിവിട്ടത്‌. ഇവയ്‌ക്ക്‌ കിലോമീറ്ററുകളാണ്‌ അധികം സഞ്ചരിക്കേണ്ടിവന്നത്‌. വാഹനങ്ങളൊക്കെ പുതിയതെരു ഭാഗത്തേക്ക്‌ എത്തിയതോടെ ഈ ഭാഗത്തും ഗതാഗതക്കുരുക്ക്‌ രൂക്ഷമായി.


തടഞ്ഞത്‌ ബാരിക്കേഡുകൾ നിരത്തി

തളിപ്പറമ്പ്

രാജരാജേശ്വര ക്ഷേത്രത്തിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുവേണ്ടി ദുരിതം പേറിയത് നാട്ടുകാർ. തളിപ്പറമ്പിൽ പൂക്കോത്തുനടയ്ക്ക് മുകളിൽ നാഷണൽ ജങ്ഷൻമുതൽ പൊലീസിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ നൂറിലധികം കോൺക്രീറ്റ്‌ ബാരിക്കേഡുകൾ താൽക്കാലികമായി സ്ഥാപിച്ചാണ്‌ വഴിയാത്രക്കാരെ തടഞ്ഞത്‌. ബാരിക്കേഡുകൾക്കിടയിൽ പ്ലാസ്‌റ്റിക്‌ കയർകെട്ടിയതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്കും അതുവഴിയുള്ള റോഡിലേക്കും പോകാൻ അനുവദിച്ചില്ല. റോഡ്മുറിച്ചുകടക്കാനാകാത്തതിനാൽ നേരത്തെ വ്യാപാര സ്ഥാപനങ്ങളിലും മെഡിക്കൽ ഷോപ്പുകളിലുമെത്തിയവരും വലഞ്ഞു. ദേശീയപാതയിലെ ഓട്ടോ സ്‌റ്റാൻഡിലെ മുഴുവൻ വാഹനങ്ങളുടെയും സർവീസ്‌ ഉച്ചമുതൽ ഒഴിവാക്കിയിരുന്നു. ബസ്‌ സ്‌റ്റാൻഡിന്‌ സമീപത്തെ ഓട്ടോ സ്‌റ്റാൻഡിലെ വാഹനങ്ങളിൽ യാത്രക്കാർ കയറിയിരുന്നെങ്കിലും പോകാൻ അനുവദിച്ചില്ല. വൈകിട്ട് അഞ്ചുമുതൽ തൃച്ചംബരം തൊട്ട് രാജരാജേശ്വര ക്ഷേത്രം റോഡുവരെ പൊലീസ്‌ വാഹനമല്ലാതെ മറ്റ്‌വാഹനങ്ങൾ പോകാൻ അനുവദിച്ചിരുന്നില്ല. അഡീഷണൽ എസ്‌പി കെ എസ്‌ ഷാജി, ഡിവൈഎസ്‌പിമാരായ കെ ഇ പ്രേമചന്ദ്രൻ, വിൻസൺ ജോസഫ്‌, കീർത്തിബാബു, എം പി ആസാദ്‌, ധനഞ്ജയബാബു, അനിൽകുമാർ, തളിപ്പറമ്പ്‌ സിഐ ഷാജി പട്ടേരി ഉൾപ്പെടെ ജില്ലയിലെ മുഴുവൻ സിഐമാരും എസ്‌ഐമാരും തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണത്തിന്‌ എത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home