പ്രായം വെറും നന്പർ: പഠനത്തിരക്കിലാണ് അബ്ദുള്ള

ശ്രീകാന്ത് പാണപ്പുഴ
Published on Apr 25, 2026, 03:00 AM | 1 min read
പിലാത്തറ പ്രായവും പഠനവും തമ്മിൽ ഒരു ബന്ധവുമില്ല. പ്രായം ഒരക്കംമാത്രം. എഴുപതിലും പതിനെട്ടുകാരന്റെ ഉത്സാഹത്തോടെ പഠനം ലഹരിയാക്കിയിരിക്കുകയാണ് വിളയാങ്കോട് സ്വദേശി ബി അബ്ദുള്ള. ഇതിനകം ഏഴ് ബിരുദങ്ങളാണ് നേടിയത്. അതിൽ എംബിഎ, എൽഎൽബി, എൽഎൽഎം അടക്കം മൂന്ന് പ്രൊഫഷണൽ ബിരുദങ്ങൾ. അഞ്ച് ബിരുദാനന്തര ബിരുദങ്ങൾ കൂടാതെ നിരവധി ഡിപ്ലോമകൾ. ഇപ്പോൾ എംഎ സൈക്കോളജിക്ക് പഠിക്കുന്നു. ഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാല വഴി കോവിഡ് കാലത്ത് മുടങ്ങിപ്പോയ കോഴ്‌സാണിപ്പോൾ പുനരാരംഭിച്ചത്. തളിപ്പറമ്പ് സർസയ്യിദ് കോളേജിലെ ബിഎസ്‌സി മാത്ത്സ് ബിരുദ പഠനത്തിന് ശേഷം 1977ൽ സഹകരണ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. സ്റ്റാറ്റിറ്റിക്സ്, പട്ടികജാതി/പട്ടിക വർഗവകുപ്പ്, എംപ്ലോയ്‌മെന്റ്, റൂറൽ ഡവലപ്പ്മെന്റ് (ബിഡിഒ) എന്നീ വകുപ്പുകളിലേക്കും പിഎസ്‌സി വഴി ജോലി ലഭിച്ചെങ്കിലും ആദ്യം കിട്ടിയ സഹകരണ വകുപ്പിൽ ജോലി തുടരുകയായിരുന്നു. എൻ ജിഒ യൂണിയൻ, കെജിഒഎ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചു. 2006– 11 കാലത്ത് സഹകരണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ഇൗ തിരക്കുകൾക്കിടയിലാണ് എംഎ പബ്ലിക് അഡ്മിനിസ്ട്രേഷനും, എംഎ പൊളിറ്റിക്കൽ സയൻസും പൂർത്തിയാക്കിയത്. സഹകരണ വകുപ്പിൽ ജോ. രജിസ്ട്രാറായി 2011ൽ വിരമിച്ചു. 2014 വരെ റബ്കോയിൽ ജനറൽ മാനേജരായും പ്രവർത്തിച്ചു. കണ്ണൂർ സർവകലാശാലയിൽനിന്നും 1999 ബാച്ചിൽ ഒന്നാം ക്ലാസോടെ നിയമബിരുദം നേടി. തുടർന്ന് ഇഗ്നോവിൽനിന്ന് ഒന്നാം ക്ലാസോടെ എംബിഎ (എച്ച്ആർഎം), എംഎ പബ്ലിക് അഡ്മിനിസ്ടേഷൻ, എംഎ പൊളിറ്റിക്കൽ സയൻസും പൂർത്തിയാക്കി. അണ്ണാമലൈ സർവകലാശാലയിൽനിന്ന് എൽഎൽഎം (ഇൻഡസ്‌ട്രിയൽ റിലേഷൻ) കരസ്ഥമാക്കി. തളിപ്പറമ്പിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് എൽഎൽഎം നേടിയത്. കേരളത്തിലെ സഹകരണ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റിയാണ്. രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. 4000 പുസ്തകങ്ങളുള്ള ലൈബ്രറി വീട്ടിലുണ്ട് . രാഷ്ട്രീയ, കലാ,സാംസ്കാരിക രംഗങ്ങളിൽ സജീവമായ അബ്ദുള്ള സിപിഐ എം മാടായി ഏരിയാ കമ്മിറ്റിയംഗമാണ്. ഭാര്യ കെ ജി വത്സലകുമാരി (സിപിഐ എം കടന്നപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റിയംഗം). മക്കൾ: അനിത (കോയമ്പത്തൂർ), ഡോ. അനൂജ (ഇംഗ്ലണ്ട്).










0 comments