തളിപ്പറമ്പ് വീണ്ടും ചുവക്കും
ടീച്ചറല്ലാതെ മറ്റാര്..

തളിപ്പറന്പ്
ചരിത്രത്തിന്റെ ഇടനാഴികളെ രക്തംകൊണ്ട് ചുവപ്പിച്ച കർഷക സമരപോരാട്ടങ്ങളുടെ ഹൃദയഭൂമിയിൽ ജനാവലിയെ ത്രസിപ്പിച്ച് പി കെ ശ്യാമള ടീച്ചറുടെ റോഡ് ഷോ. തളിപ്പറന്പ് നിയമസഭാ മണ്ഡലത്തിലെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്രകുതിപ്പിന് ഉൗർജമേകിയാണ് എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള ടീച്ചർ തിങ്കളാഴ്‌ച വൈകിട്ട് തളിപ്പറന്പ് ടൗണിൽ റോഡ് ഷോ നടത്തിയത്. ആകാശത്തോളം ഉയർന്നുപൊന്തിയ വർണക്കടലാസുകളുടെ മഴയിൽ നഗരമാകെ ത്രസിച്ചു. ബാന്റ്‌മേളം അതിന്റെ ആവേശം ഇരട്ടിയാക്കി. വർണ ബലൂണുകളും സ്ഥാനാർഥിയുടെ കട്ടൗട്ടുകളും ചെങ്കൊടികളും ചിത്രങ്ങളുമേന്തിയ ആബാലവൃദ്ധത്തിന്റെ അകന്പടിയിൽ പൂക്കോത്ത് നടയിൽനിന്നാരംഭിച്ച റോഡ് ഷോ നഗരം ചുറ്റി പ്ലാസ ജംങ്‌ഷനിൽനിന്ന് തിരികെ ബസ്‌സ്‌റ്റാൻഡിനുമുന്നിലൂടെ കടന്ന് ന്യൂസ് കോർണർ ജങ്‌ഷനിൽ സമാപിച്ചു. തളിപ്പറന്പിന് ടീച്ചറല്ലാതെ മറ്റാര് എന്ന ബാനറിന് പിന്നിൽ നൂറുകണക്കിനുപേർ അണിനിരന്നു. പൂക്കോത്ത് നടയിൽനിന്നാരംഭിച്ച റോഡ് ഷോ തളിപ്പറന്പ് നഗരം പിന്നിടുന്പോഴും ഷോയിൽ അണിനിരന്നവർ പൂർണമായും നടന്നുതുടങ്ങിയിരുന്നില്ല. എല്ലാവർക്കുനേരെയും കൈവീശിയും അഭിവാദ്യംചെയ്‌തും ശ്യാമള ടീച്ചർ റോഡ് ഷോയിലൂടെ വോട്ടഭ്യർഥിച്ചു. റോഡ്‌ഷോയിൽ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജൻ, തളിപ്പറന്പ് ഏരിയാസെക്രട്ടറി കെ സന്തോഷ്, മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ സി ഹരികൃഷ്‌ണൻ, സി എം കൃഷ്‌ണൻ, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഗോപിനാഥ് എന്നിവരുൾപ്പെടെ അണിനിരന്നു. തളിപ്പറന്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള ടീച്ചർ തിങ്കളാഴ്‌ച പകൽ മൊറാഴ വീവേഴ്‌സിലെത്തി തൊഴിലാളികളെ കണ്ട് സനേഹവും സൗഹൃദവും പങ്കിട്ടു. ഓരോരുത്തരെയായി പേരെടുത്ത് വിളിക്കുന്ന അടുപ്പമുള്ള ടീച്ചർ വോട്ടഭ്യർഥിച്ച് പിരിഞ്ഞു. തുടർന്ന് മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലും അപ്പാരൽ പാർക്ക്, കുടുംബശ്രീ ഹോട്ടലുകൾ, കഫേകൾ, പഴയകാല പ്രവർത്തകരുടെ വീടുകൾ എന്നിവടങ്ങളിലും സന്ദർശനം നടത്തി. തുടർന്ന് റോഡ് ഷോയ്‌ക്കുശേഷം തളിപ്പറന്പ് പ്രസ്‌ഫോറം ഒരുക്കിയ ഇഫ്‌താർ സംഗമത്തിലും പങ്കെടുത്തു. ചൊവ്വാഴ്‌ച പറശ്ശിനിക്കടവ് മടപ്പുര, വിസ്‌മയ പാർക്ക്, കാഞ്ഞിരങ്ങാട്ടെ ടാസ്‌ക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളും സന്ദർശിക്കും.










0 comments