വികസന വിരുദ്ധർക്ക് ഈ രാജപാതയാണ് മറുപടി


പ്രകാശൻ പയ്യന്നൂർ
Published on Feb 01, 2026, 03:00 AM | 1 min read
പയ്യന്നൂർ പച്ചപ്പ് നിറഞ്ഞ വയലിലൂടെ കതിരിട്ട നെൽപാടങ്ങളുടെ മനോഹാരിത ആസ്വദിച്ച് നാടിനെ തൊട്ടറിഞ്ഞ് യാത്രചെയ്യാം ഇൗ രാജപാതയിലൂടെ. വീതി കുറഞ്ഞ് പൊട്ടിപ്പൊളിഞ്ഞുകിടന്ന പെരുമ്പ-–കാനായി-– മണിയറ–മാതമംഗലം റോഡ് കാലം വരുത്തിയ മാറ്റത്തിന്റെ പാതയിൽ നാടിന്റെ വികസനകുതിപ്പിന്റെ നേര്‍ക്കാഴ്ചയാവുകയാണിന്ന്. പയ്യന്നൂരിൽനിന്ന് മാതമംഗലം, വെള്ളോറ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പ്രകൃതി ഭംഗി ആസ്വദിച്ച് ഗതാഗത കുരുക്കില്ലാതെ വേഗത്തിലെത്താം. മണിയറ വയലിൽ എത്തിയാൽ റോഡിനിരുവശത്തുമായി ഏക്കറുകണക്കിന് നെൽപാടങ്ങൾ കതിരിട്ടുനിൽക്കുന്നത് കാണാം. പ്രകൃതി ഭംഗി കാണാനും ഡ്രൈവിങ്ങിലെ സുഖം ആസ്വദിക്കാനും ഫോട്ടോയെടുക്കാനുമായി നിരവധിയാളുകളാണ് വൈകുന്നേരങ്ങളിൽ ഇവിയെയെത്തുന്നത്. ഇവരെ പ്രതീക്ഷിച്ച് റോഡരികിലായി തട്ടുകടകളും വഴിയോര കച്ചവടസ്ഥാപനങ്ങളും നിറഞ്ഞു. പയ്യന്നൂർ നഗരസഭയെയും എരമം– കുറ്റൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡിന് 11 കിലോമീറ്ററാണ് നീളം. എൽഡിഎഫ് സർക്കാർ കിഫ്ബിയിൽനിന്ന് 58 കോടി രൂപ അനുവദിച്ച് റോഡ് വീതി കൂട്ടി നവീകരിക്കാൻ തീരുമാനിച്ചപ്പോൾ സ്ഥലമെടുപ്പ് വലിയ പ്രതിസന്ധിയായി. നൂറിലധികംപേർ സൗജന്യമായി ഭൂമി വിട്ടുനൽകാൻ തയ്യാറായെങ്കിലും രാഷ്‌ട്രീയ വിരോധത്താൽ ചിലർ പിന്തിരിപ്പിച്ചതോടെ 64 വീട്ടുകാർ കോടതിയെ സമീപിച്ചു. നിർമാണം പലയിടത്തും നിലയ്ക്കുന്ന സ്ഥിതിയായി. ഈ ഘട്ടത്തിൽ ടി ഐ മധുസൂദനൻ എംഎൽഎയുടെയും നഗരസഭാ ചെയർമാൻ കെ വി ലളിതയുടെയും നേതൃത്വത്തിൽ പൊതുപ്രവർത്തകർ ഇവരിൽ ഓരോരുത്തരെയും നേരിൽക്കണ്ടാണ് പ്രതിസന്ധി പരിഹരിച്ചത്. ചിലരുടെ വീട്ടുമതിലുകൾ ജനകീയ കൂട്ടായ്‌മയിൽ പുനർനിർമിച്ചുനൽകി. വികസനം മുടക്കികൾക്ക് മറുപടിയായി, തടസ്സങ്ങളെല്ലാം മറികടന്ന് റോഡ് നവീകരണം പൂർത്തിയായി. 12 മീറ്റർ വീതിയിലാണ് നവീകരിച്ചത്. മണിയറ വയലിൽ കാലപ്പഴക്കം ചെന്ന രണ്ടു പാലങ്ങൾ പുനർനിർമിച്ചു. വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിച്ചു. കുത്തനെയുള്ള കയറ്റങ്ങളും വലിയ വളവുകളും നികത്തി. ഓവുചാലുകളും കലുങ്കുകളും നിർമിച്ച് സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ ഒരുക്കി നാടിന് സമർപ്പിച്ചു.










0 comments