ad
Deshabhimani

നേതാക്കളുടെ അഴിമതി കണ്ടെത്തിയത്‌ വഖഫ്‌ ഓഡിറ്റ്‌ കമ്മിറ്റി

പള്ളിക്കമ്മിറ്റിയിലേക്ക്‌ മത്സരിക്കുന്നതിൽനിന്ന്‌ 
ലീഗുകാരെ വിലക്കാൻ ഹർജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 17, 2025, 02:30 AM | 2 min read

തളിപ്പറമ്പ്‌

തളിപ്പറമ്പ്‌ ജുമാഅത്ത്‌ പള്ളി കമ്മിറ്റി മുതവല്ലി ഉൾപ്പെടെയുള്ള കമ്മിറ്റിയിലേക്ക്‌ മുൻ ഭാരവാഹികളും മുസ്ലിംലീഗ്‌ നേതാക്കളുമായവരെ മത്സരിക്കുന്നതിൽനിന്ന്‌ വിലക്കണമെന്നും അയോഗ്യരാക്കണമെന്നുമാവശ്യപ്പെട്ട്‌ വഖഫ്‌ ബോർഡിന്‌ മുമ്പാകെ ഹർജി. തളിപ്പറമ്പ്‌ മഹല്ല്‌ വഖഫ്‌ സ്വത്ത്‌ സംരക്ഷണ സമിതി ചെയർമാൻ സി അബ്ദുൽ കരീം, സെക്രട്ടറി കെ പി മുഹമ്മദ്‌ റിയാസുദ്ദീൻ എന്നിവരാണ്‌ പരാതി നൽകിയത്‌. വഖഫ്‌ ബോർഡ്‌ എം പാനൽ ഓഡിറ്ററായ ഇ കെ കരുണാകരൻ 2022 ജൂൺ 14ന്‌ നൽകിയ റിപ്പോർട്ടിൽ ജുമാഅത്ത്‌ പള്ളിക്കുകീഴിലുള്ള സീതിസാഹിബ്‌ ഹയർസെക്കൻഡറി സ്‌കൂളിന്റെ 2013 മുതൽ 2021വരെയുള്ള കണക്കുകളിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നതായി പറഞ്ഞിട്ടുണ്ട്‌. സ്‌കൂൾ നടത്തിപ്പിലുൾപ്പെടെ അതീവ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതായി ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്‌. ഇതിൽ ആരോപണ വിധേയരായ മാനേജ്‌മെന്റ്‌ കമ്മിറ്റിക്കാർക്ക്‌ ബോർഡിന്‌ മതിയായ വിശദീകരണം നൽകാനും കഴിഞ്ഞിട്ടില്ല. തുടർന്ന്‌ പ്രോസിക്യൂഷൻ നടപടിയെടുക്കാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന്‌ ചുമതലയിലുണ്ടായിരുന്ന ജനറൽസെക്രട്ടറി സി പി വി അബ്ദുള്ള 2022 നവംബർ 28ന്‌ നൽകിയ മറുപടി കത്തിലാകട്ടെ ചില വീഴ്‌ചകൾ പരസ്യമായി തുറന്നു സമ്മതിച്ചിട്ടുമുണ്ട്‌. ജനറൽസെക്രട്ടറി ചുമതലയിലുണ്ടായിരുന്ന പി എം അബ്ദുൽ അസീസിന്റെ മരണശേഷം 2020 നവംബർ 24നാണ്‌ കമ്മിറ്റി തീരുമാനപ്രകാരം ചുമതലയേറ്റതെന്നതിനാൽ മുൻകമ്മിറ്റിയുടെ കണക്കുകൾ അറിയില്ലെന്നുമായിരുന്നു മറുപടി. ബില്ലുകളും വൗച്ചറുകളും പലതും കാണാതായതാണെന്നും പണം കൈകാര്യംചെയ്യുന്നതിൽ വീഴ്‌ചവന്നത്‌ ഓഫീസ്‌ സ്‌റ്റാഫിന്റെ കൈത്തെറ്റാണെന്നും ഈ മറുപടിയിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നിരവധി വീഴ്‌ചകളാണ്‌ കമ്മിറ്റിയിൽനിന്നുണ്ടായതെന്നാണ്‌ പരാതിക്കാരുടെ ആക്ഷേപം. ഈ പശ്‌ചാത്തലത്തിൽ ഇവരെയൊന്നാകെ അയോഗ്യരാക്കണമെന്നും തുടർന്ന്‌ മത്സരിക്കുന്നതിൽനിന്ന്‌ വിലക്കണമെന്നുമാണ്‌ ആവശ്യം. ഇത്‌ സംബന്ധിച്ച്‌ വഖഫ്‌ ബോർഡ്‌ മുമ്പാകെ ഒപി നമ്പർ 73/2022 ആയി സമർപ്പിച്ച ഹർജിയിൽ ഈ കാര്യങ്ങൾകൂടി കൂട്ടിച്ചേർത്ത്‌ ഹർജി ഭേദഗതി ചെയ്യണമെന്നും അതുപ്രകാരം നടപടി സ്വീകരിക്കണമെന്നും വഖഫ്‌ സ്വത്ത്‌ സംരക്ഷണ സമിതി കോടതിയിൽ ആവശ്യപ്പെട്ടു. ജുമാഅത്ത്‌ പള്ളി ട്രസ്‌റ്റ്‌ കമ്മിറ്റി മുൻ പ്രസിഡന്റ്‌ കെ പി മുഹമ്മദ്‌കുഞ്ഞി ഹാജി, സി പി വി അബ്ദുള്ള, സീതിസാഹിബ്‌ ഹൈസ്‌കൂൾ മുൻ മാനേജരും ഇപ്പോൾ കെയർടേക്കർ മാനേജരുമായ പി കെ സുബൈർ എന്നിവരെ എതിർകക്ഷികളാക്കിയാണ്‌ ഹർജി നൽകിയത്‌. ഇതിൽ ക്രമക്കേട്‌ വ്യക്തമായ പശ്‌ചാത്തലത്തിൽ സുബൈറിനെ മാനേജർ സ്ഥാനത്തുനിന്ന്‌ മാറ്റി മുഖം രക്ഷിക്കാൻ ലീഗ്‌ നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും മറ്റു നേതാക്കൾക്കും പങ്കുള്ളതിനാൽ പാർടിതലത്തിൽ നടപടി എടുക്കാനായിരുന്നില്ല. ഇതേചൊല്ലി ലീഗിൽ രണ്ടു വിഭാഗം തമ്മിൽ ഭിന്നതയും രൂക്ഷമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home