സുപരിചിതൻ കർമനിരതൻ

നൗഷാദ് നടുവിൽ
Published on Nov 20, 2025, 03:00 AM | 1 min read
ആലക്കോട് "ചെറുതിലേ കാണുന്നതാ ഇവനെ. നാട്ടിലെ ഏതുകാര്യത്തിനും കൂടെയുണ്ടാകുന്നവനാ. ആദ്യമായാണ് സ്ഥാനാര്‍ഥിയാകുന്നത്. നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും ഉറപ്പാണ്.’’ പടപ്പേങ്ങാടെ എ കെ കുഞ്ഞമ്പുവും മേലേടത്ത് നാരായണനും ടി ബാലകൃഷ്‌ണനും എന്‍ നാരായണനും ഒരേ സ്വരത്തിൽ പറഞ്ഞു. എല്ലാവര്‍ക്കും എൺപതിനടുത്താണ് പ്രായം. വൈകുന്നേരമായാല്‍ പടപ്പേങ്ങാട് ആലിന്‍കീഴില്‍ ഒത്തുചേരും. ഇരുട്ട് പടരുമ്പോഴാണ് വീട്ടിലേക്ക് മടങ്ങുക. ആലിന്‍കീഴിലെ ആ ഒത്തുചേരലിലേക്കാണ് പരിയാരം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എൽഡിഎഫ് സ്ഥാനാര്‍ഥിയും നാട്ടുകാരനുമായ പി രവീന്ദ്രന്‍ എത്തിയത്. നാലരപ്പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനംകൊണ്ട് പ്രദേശത്താകെ ചിരപരിചിതനായ പി രവീന്ദ്രന് നാട്ടിൽ മുഖവുരയുടെ ആവശ്യമില്ല. കടന്നപ്പള്ളി–പാണപ്പുഴ പഞ്ചായത്തും ചപ്പാരപ്പടവ് പഞ്ചായത്തിലെ 13 വാര്‍ഡും പരിയാരം പഞ്ചായത്തിലെ 12 വാര്‍ഡും നടുവില്‍ പഞ്ചായത്തിലെ വിളക്കന്നൂര്‍ വാര്‍ഡും അടങ്ങുന്നതാണ് ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി രവീന്ദ്രന്‍ ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. ഡിവിഷന്‍ പരിധിയിലെ മുഴുവന്‍ ടൗണുകളിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴില്‍ കേന്ദ്രങ്ങളിലുമെത്തി വോട്ടര്‍മാരെ കണ്ടു. ദേശാഭിമാനി ബാലസംഘം പടപ്പേങ്ങാട് യൂണിറ്റ് സെക്രട്ടറിയായി സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ രവീന്ദ്രന്‍ രണ്ട് തവണ ബാലസംഘം ജില്ലാ സെക്രട്ടറിയും യുവജന സംഘടനയുടെ ജില്ലാ നേതാവായും പ്രവര്‍ത്തിച്ചു. നിലവില്‍ കര്‍ഷകസംഘം ആലക്കോട് ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സിപിഐ എം ആലക്കോട് ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.








0 comments