ഉദ്‌ഘാടനം ഇന്ന്
മലബാർ രുചികൾ വിളന്പും ജയിൽ കഫ്‌റ്റേരിയ

കണ്ണൂർ
അൽഫാമും ഗ്രിൽഡ് ചിക്കനും ഷവായിയും കപ്പയും മീൻകറിയും കല്ലുമ്മക്കായയും തലശേരി ബിരിയാണിയും വിവിധ ദോശകളുമായി സെൻട്രൽ ജയിൽ പരിസരത്ത് ഫ്രീഡം ഫുഡ് ഫാക്ടറി കഫ്‌റ്റേരിയ ബുധനാഴ്‌ച പ്രവർത്തനം തുടങ്ങും. മലബാറിന്റെ തനതുരുചികൾ വിളന്പുന്ന കഫ്‌റ്റേരിയ സമുച്ചയം ബുധനാഴ്‌ച മുഖ്യമന്ത്രിയാണ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുക. വൈകിട്ട് 3.15നാണ് ഉദ്‌ഘാടനച്ചടങ്ങ്. ആദ്യഘട്ടത്തിൽ ബിരിയാണിയും ചപ്പാത്തിയും ഉൾപ്പെടെയുള്ള ഫ്രീഡം ഫുഡ് വിഭവങ്ങൾ വിളന്പുന്ന കഫ്‌റ്റേരിയ ഏപ്രിൽ ആദ്യവാരമാണ് പൂർണതോതിൽ പ്രവർത്തനക്ഷമമാവുക. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് സെൻട്രൽ ജയിൽ പരിസരത്ത് കണ്ണൂർ ആകാശവാണി നിലയത്തിന് എതിർവശത്തായി രണ്ട് നിലകളുള്ള കഫ്റ്റേരിയ സമുച്ചയം ഒരുക്കിയത്. താഴത്തെ നിലയിൽ 36 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. രണ്ടാം നിലയിൽ നൂറുപേർക്ക് ഇരിക്കാവുന്ന പൊതുചടങ്ങുകൾക്കും മറ്റും ഉപയോഗിക്കാവുന്ന ഹാളുമുണ്ട്. ഇരുചക്രവാഹനങ്ങൾ മുതൽ ടൂറിസ്‌റ്റ് ബസുകൾക്കുവരെ നൂറുകണക്കിന് വാഹനങ്ങൾക്കുള്ള സൗകര്യപ്രദമായ പാർക്കിങ് സൗകര്യം ഒരുക്കുന്നുണ്ട്. വിനോദയാത്രാസംഘങ്ങൾ, ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർക്ക് വാഹനം പാർക്ക് ചെയ്‌ത് കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാനാകും. ടേക്ക് എവേ കൗണ്ടറുകൾ, ശുചിമുറി, കുട്ടികളുടെ പാർക്ക്, ഹട്ടുകൾ തുടങ്ങിയവയും അനുബന്ധമായി ഒരുക്കുന്നുണ്ട്. കഫ്‌റ്റേരിയയുടെ ഓപ്പൺ ഏരിയയിൽ വിശ്രമിക്കാനും സായാഹ്നം ചെലവഴിക്കാനുള്ള സൗകര്യങ്ങളുമുണ്ടാകും. മലബാറിന്റെ തനതുരുചിയിലുള്ള എല്ലാവിഭവങ്ങളും കഫ്‌റ്റേരിയയിൽ ഒരുക്കും. ജ്യൂസ്, ഐസ്‌ക്രീം കൗണ്ടറുകളുമുണ്ടാവും. സായാഹ്നങ്ങളിൽ സ്‌പെഷൽ മെനു പ്രകാരമുള്ള ഭക്ഷണമാണ് വിളന്പുക. പാചകത്തിൽ പ്രാവീണ്യമുള്ള തടവുകാരാണ് പാചകക്കാർ. കാഞ്ഞിരങ്ങാട് പ്രവർത്തിക്കുന്ന റൂഡ് സെറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് പാചകം, വിളന്പൽ, ആതിഥ്യം ഉൾപ്പെടെയുള്ളവയിൽ രണ്ടാഴ്‌ചത്തെ പരിശീലനം നൽകി.










0 comments