ഏഴോം കൈപ്പാടിൽ ഹിറ്റാച്ചിയും ഹിറ്റ്

ശ്രീകാന്ത് പാണപ്പുഴ
Published on Apr 23, 2026, 03:00 AM | 1 min read
ഏഴോം കണ്ണെത്താദൂരത്തേക്ക് പരന്നുകിടക്കുന്ന ഏഴോം കൈപ്പാടിൽ നെൽകൃഷിയിറക്കാൻ ഇത്തവണ ഹിറ്റാച്ചിയും. കൈപ്പാട് കൃഷിയുടെ കൂന എടുക്കാനാണ് മിനി ഹിറ്റാച്ചി ഉപയോഗിക്കുന്നത്. നന്നായി ഉണങ്ങിയ കൈപ്പാടിലാണ് ഹിറ്റാച്ചി ഗുണം ചെയ്യുക. മഴ പെയ്താൽ വെള്ളം കനാലിലേക്ക് ഒഴുകിപ്പോകാൻ ഇടച്ചാലും കൈത്തോടും നേരത്തെ തയ്യാറാക്കും. കാർഷിക സർവകലാശാലയുടെ പിലിക്കോട് ഉത്തരമേഖലാ ഗവേഷണകേന്ദ്രം മേധാവി ഡോ. ടി വനജയുടെ നേതൃത്വത്തിലാണ് യന്ത്രവൽക്കരണത്തിലുള്ള പരീക്ഷണങ്ങൾ നടക്കുന്നത്. മഴക്കുമുന്പേ, കർഷകർ നേരിട്ടും കൂനയെടുക്കുന്നത് സജീവമാക്കി. മുന്പ് കൈപ്പാട് നെൽകൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ്. എന്നാൽ, പുതിയ കേന്ദ്രനയം പ്രകാരം കൈപ്പാട് മേഖലയെ തൊഴിലുറപ്പിൽനിന്ന് ഒഴിവാക്കി. ഉപ്പുവെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളിൽ വേലിയേറ്റവും വേലിയിറക്കവുമെന്ന പ്രകൃതിദത്ത താളം പിന്തുടർന്ന് കൃഷി നടത്തുന്ന രീതിയാണ് കൈപ്പാട് കൃഷി. നെൽകൃഷിയും തുടർന്നുള്ള കാലയളവിൽ മത്സ്യ കൃഷിയുമാണിവിടെ. ഉപ്പുരസമുള്ള മണ്ണായതിനാൽ അനുയോജ്യമായ വിത്താണ് ഉപയോഗിക്കുക. ഉപ്പ് കുറവുള്ള ജൂൺ- ഒക്ടോബർ മാസങ്ങളിൽ നെൽകൃഷിയും നവംബർ- ഏപ്രിൽ മാസങ്ങളിൽ മീൻകൃഷിയും നടത്തും. 45 സെ. മീ. വ്യാസവും 60 സെ.മീ. ഉയരവുമുള്ള ചെറിയ കൂനകളാണ് ആദ്യം തയ്യാറാക്കുക. ആദ്യ ദിവസത്തെ മഴയോടെ കൂനയുടെ മുകളിലുള്ള ഉപ്പ് താഴേക്ക് ഒലിച്ചിറങ്ങും. ഇതോടെ മുകൾ ഭാഗത്ത് വിത്തിടാം. 40–-45 ദിവസം പ്രായമായാൽ ഞാറുകൾക്ക് ക്ഷതം പറ്റാത്ത രീതിയിൽ മണ്ണ് കൊത്തിയിളക്കും. കളനിവാരണവും മറ്റു രാസവളപ്രയോഗവും കൈപ്പാടിൽ വേണ്ട. അതിനാൽ അരി തികച്ചും ജൈവമാണ്. ഭൗമസൂചികയിലിടം നേടിയ ഏഴോം നെല്ലിലൂടെയാണ് കൈപ്പാടിന്റെ പ്രശസ്‌തി.










0 comments