Deshabhimani

വയോജനദിനം ഇന്ന്‌ പ്രായം 68, 
ചന്ദ്രൻ ക്ലാസിലാണ്‌

പി വി ചന്ദ്രൻ പഠനത്തിനിടെ
വെബ് ഡെസ്ക്

Published on Oct 01, 2026, 03:00 AM | 1 min read

മാടായി സ്വപ്‌നങ്ങൾ കൈയെത്തിപ്പിടിക്കാനുള്ള താൽപര്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ പഠനത്തിന്‌ പ്രായമൊരു തടസമല്ലെന്നാണ്‌ അറത്തിപ്പറമ്പിലെ പി വി ചന്ദ്രന്റെ പക്ഷം. സ്വന്തം ജീവിതംകൊണ്ട്‌ അത്‌ തെളിയിക്കുകയാണ്‌ ചന്ദ്രൻ. ഏഴാംക്ലാസിൽ പഠനംനിർത്തേണ്ടിവന്ന ചന്ദ്രൻ, തന്റെ 68–ാം വയസിൽ ബിരുദപഠനത്തിന്റെ തിരക്കിലാണ്‌. കടന്നപ്പള്ളി യുപി സ്കൂൾ ഏഴാംക്ലാസ്‌ വിദ്യാർഥിയായിരുന്ന ചന്ദ്രൻ പഠിക്കാൻ മിടുക്കനായിരുന്നിട്ടും എട്ടുപേരടങ്ങുന്ന കുടുംബത്തിലെ പ്രാരാബ്ദത്താലാണ്‌ പഠിപ്പുനിർത്തേണ്ടിവന്നത്‌. കുടുംബം പുലർത്താൻ കല്ലുവെട്ട് ജോലിക്കുപോയപ്പോൾ സ്വപ്‌നങ്ങളെയും കൂടെക്കൂടി. 25 –ാം വയസ്സിൽ അന്ന് പയ്യന്നൂർ അമ്പലം റോഡിൽ പ്രവർത്തിച്ചിരുന്ന പ്രതിഭ ട്യൂട്ടോറിയലിൽ എസ്എസ്എൽസി നൈറ്റ് ക്ലാസിന് ചേർന്നു. ഇളമ്പച്ചി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയെഴുതി മികച്ച മാർക്കോടെ പാസായി. കാൽനടയായാണ് അന്ന് പയ്യന്നൂരിലേക്ക് പഠനത്തിനായി പോയിരുന്നത്. പഠനത്തോടുള്ള ചന്ദ്രന്റെ താൽപര്യംകണ്ട്‌ അച്ഛൻ കുഞ്ഞിരാമനും അമ്മ നാരായണിയും വീണ്ടും പയ്യന്നൂരിലെ ചെറുശ്ശേരി കോളേജിൽ പ്രീഡിഗ്രിക്കായി ചേർത്തു. അമ്മയുടെ അകാലമരണവും ജീവിതപ്രാരാബ്ദവും വീണ്ടും വില്ലനായി. പഠനം പിന്നെയും മുടങ്ങി. ചെങ്കൽപ്പണയിലെ ജോലിയുമായി മുന്നോട്ട്. ഭാര്യയും മക്കളുമായിക്കഴിഞ്ഞിട്ടും സ്വപ്‌നം പിന്തുടർന്നതോടെ 64 –ാം വയസിൽ പ്ലസ്ടു തുല്യതയ്ക്ക് ചേരുകയും മികച്ച മാർക്കോടെ വിജയിക്കുകയുംചെയ്‌തു. ശേഷം ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദപഠനത്തിനുചേർന്നു. നിലവിൽ നാല് സെമസ്റ്റർ പിന്നിട്ടു. സിപിഐ എം അറത്തിപ്പറമ്പ് വെസ്റ്റ് ബ്രാഞ്ചംഗവും കർഷകസംഘം ചെറുതാഴം വെസ്റ്റ് വില്ലേജ് കമ്മിറ്റിയംഗവും കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ ചെറുതാഴം വെസ്റ്റ് ഡിവിഷൻ അംഗവുമാണ്‌ ചന്ദ്രൻ. ഭാര്യ സുജാതയും മക്കളായ പ്രണവ്, സുബിൻ, അനന്യ എന്നിവരും പൂർണപിന്തുണയുമായി ഒപ്പമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home