നിയമ ഭേദഗതിക്ക് നാടിന്റെ പിന്തുണ

മനോഹരൻ കെെതപ്രം
Published on Sep 14, 2025, 03:00 AM | 1 min read
ഇരിട്ടി കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ വന്യജീവികളെ പേടിച്ച് ജീവിക്കുന്ന ജനങ്ങൾക്കും കർഷകർക്കും സംസ്ഥാന മന്ത്രിസഭ പാസാക്കിയ നിയമഭേദഗതി ആശ്വാസമായി. ജനവാസമേഖലയിലിറങ്ങുന്ന ഏതെങ്കിലും വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ ഉടന്‍ അതിനെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. രാജ്യത്ത് ആദ്യമായി ഇത്തരം നിയമഭേദഗതിക്ക് അംഗീകാരം നൽകിയ സംസ്ഥാനമായി കേരളം മാറുന്നതിൽ മലയോരകർഷകർ സംതൃപ്തി പ്രകടിപ്പിച്ചു. ആറളം ഫാമിൽ കാട്ടുപന്നിയാക്രമണത്തിൽ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ടതും മലയോരത്ത് നരവധിപേർക്ക് കാട്ടുപന്നിയാക്രമണത്തിൽ ഗുരുതര പരിക്കേറ്റതും നാട് മറക്കില്ല. കഴിഞ്ഞ ദിവസം വിളക്കോട് ഹാജി റോഡിലൂടെ നാലുവയസ്സുള്ള മകൾക്ക് പനിക്ക് മരുന്ന് വാങ്ങി മടങ്ങവെ സ്കൂട്ടിക്ക് നേരെ പാഞ്ഞടുത്ത കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ പാലയിലെ വീട്ടമ്മ ജിജി ഇപ്പോഴും എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് കൊല്ലം മുന്പ് വികാസ് നഗറിൽ വീട്ടുമുറ്റത്ത് കാട്ടുപന്നി കുത്തി യുവതിക്ക് ഗരുതര പരിക്കേറ്റിരുന്നു. എണ്ണമറ്റ ദുരന്തങ്ങളാണ് ഇരിട്ടി മേഖലയിലും മറ്റിടങ്ങളിലും കാട്ടുപന്നികളുടെ ആക്രമണത്തിലുണ്ടായത്. വാഴ, കപ്പ, ചേന, ചേമ്പ് കൃഷികളടക്കം നശിപ്പിക്കുകയാണ്. നിയമസഭ അംഗീകരിച്ച് നിയമം പ്രാബല്യത്തിലാവുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ. ആറളം ഫാമിനും ലക്ഷങ്ങളുടെ നാശനഷ്ടമാണ് കാട്ടുപന്നി സാന്നിധ്യം വഴി വർഷംതോറുമുണ്ടാകുന്നത്. കടുവ, പുലി തുടങ്ങി നാട്ടിലിറങ്ങുന്ന വന്യജീവികൾ ഒരു മനുഷ്യനെ ആക്രമിക്കുന്ന പക്ഷം സുരക്ഷയ്‌ക്കായി അത്തരം ജീവികളെയും കൊല്ലാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ അക്രമകാരികളായ കാട്ടാനകളെയും ഉൾപ്പെടുത്തി സമഗ്ര നിയമം വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് മലയോരം.










0 comments