ad
Deshabhimani

മോള്‌ ജയിച്ചു വാ....

എൽഡിഎഫ്‌ സ്ഥാനാർഥി ബോബി എണ്ണച്ചേരിയിൽ അങ്ങാടിക്കടവ്‌ ഡോൺ ബോസ്കോ കോളേജ്‌ ക്യാന്പസിൽ എത്തിയപ്പോൾ
avatar
മനോഹരൻ കെെതപ്രം

Published on Nov 21, 2025, 03:00 AM | 1 min read

ഇരിട്ടി ‘മോള്‌ ജയിച്ചേച്ചും വാ. നാടിനും നാട്ടുകാർക്കും നന്മ ചെയ്യണം കേട്ടോ’– ജില്ലാ പഞ്ചായത്ത്‌ പടിയൂർ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി ബോബിയുടെ ശിരസിൽ കൈവച്ച്‌ അയ്യങ്കുന്ന്‌ പഞ്ചായത്ത്‌ കന്പനിനിരത്ത്‌ വാർഡിലെ ചെന്പകശേരി മാത്യു ചേട്ടന്റെയും ഭാര്യ അന്നമ്മയുടെയും ആശിർവാദം. അയൽപക്കത്തെ വീട്ടിൽ സ്ഥാനാർഥിയെത്തുന്പോൾ വീട്ടുകാർ പ്രാർഥനയിലായിരുന്നു. സ്ഥാനാർഥിയും അവർക്കൊപ്പം മുട്ടുകുത്തി പ്രാർഥിച്ചു. വിളമനക്കാരിയാണ്‌ കേരള കോൺഗ്രസ്‌ എം പ്രവർത്തകയായ എൽഡിഎഫ്‌ സ്ഥാനാർഥി ബോബി എണ്ണച്ചേരിയിൽ. അറിയപ്പെടുന്ന കർഷകയാണ്‌ കൊട്ടിയൂരിലെ പരന്പരാഗത കർഷക കുടുംബമായ തുരുത്തിയിൽ കുടുംബാംഗംകൂടിയായ ബോബി. വിവാഹിതയായി വിളമനയിലെത്തിയതോടെയാണ്‌ എണ്ണച്ചേരിയിൽ കുടുംബത്തിലെ കണ്ണിയായത്‌. വിളമനയിൽ സാമൂഹ്യപ്രവർത്തകയായ ബോബി പള്ളിക്കമ്മിറ്റി, ടി എസ്‌എസ്‌, മാതൃവേദി പ്രവർത്തനങ്ങളിലും സജീവമാണ്‌. മോണോആക്ട്‌ കലാകാരിയായിരുന്നു. ആദ്യമായാണ്‌ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്‌. പടിയൂർ, പായം പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ ഒഴികെയുള്ള മുഴുവൻ വാർഡുകൾ, അയ്യങ്കുന്ന്‌ പഞ്ചായത്തിന്റെ എട്ട്‌ വാർഡുകൾ, ആറളം പഞ്ചായത്തിന്റെ നാല്‌ വാർഡുകൾ എന്നിവയുൾപ്പെട്ടതാണ്‌ ജില്ലാ പഞ്ചായത്ത്‌ പടിയൂർ ഡിവിഷൻ. കുടിയേറ്റ കാർഷിക മേഖലകൾമാത്രം ഉൾക്കൊള്ളുന്ന കർഷകഭൂരിപക്ഷ പ്രദേശം. ഇവിടത്തുകാർക്ക്‌ ബോബി അപരിചിതയല്ല. ചുറുചുറുക്കോടെ വോട്ടർമാരെയും കുടുംബക്കാരെയും ബന്ധുക്കളെയും സ്നേഹിതരെയും നേരിട്ട്‌ കാണുകയാണ്‌ സ്ഥാനാർഥി. പ്രധാന ട‍ൗണുകൾ, കവലകൾ, സ്ഥാപനങ്ങൾ, മുണ്ടയാംപറന്പ്‌ തറക്ക്‌ മീത്തൽ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങൾ, പള്ളികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ വ്യാഴാഴ്‌ച സ്ഥാനാർഥിയെത്തി. കേരള കോൺഗ്രസ്‌ എമ്മിന്‌ നിർണായക സ്വാധീനമുള്ള മേഖലകളായ അങ്ങാടിക്കടവ്‌, എടൂർ, മുണ്ടയാംപറന്പ്‌ എന്നിവിടങ്ങളിലാണ്‌ പര്യടനം നടത്തിയത്‌. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലെ എല്ലാ പള്ളികളിലും മഠങ്ങളിലും സ്ഥാനാർഥിയെത്തി വോട്ടഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home